മുറ്റത്തെ മണ്ണു നീക്കാൻ രണ്ടു കുടുംബങ്ങൾ കാത്തിരുന്നത് രണ്ടുവർഷം
text_fieldsകൊടിയത്തൂർ(കോഴിക്കോട്): മഴയിൽ അടുത്തുള്ള മലയിൽനിന്ന് വീട്ടുമുറ്റത്തേക്ക് ഇടിഞ്ഞുവീണ മണ്ണ് നീക്കംചെയ്യാൻ വീട്ടുകാർക്ക് ഹൈകോടതി വരെ പോകേണ്ടിവന്നു. കോടതിയുടെ കനിവുനേടാൻ രണ്ടു വർഷത്തെ പ്രയത്നവും വേണ്ടിവന്നു. 2018 ജൂണിലാണ് കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് സ്വദേശികളായ സാദിഖലി കൊളക്കാടൻ, അപ്പുണ്ണി പരപ്പിൽ എന്നിവരുടെ വീട്ടുമുറ്റത്തേക്ക് അടുത്തുള്ള മല മഴയിൽ ഇടിഞ്ഞുവീണത്. മഴ തുടർന്നുകൊണ്ടിരുന്നതിനാൽ മണ്ണിടിച്ചിൽ ആവർത്തിക്കുമെന്ന് ഭയന്ന വീട്ടുകാർ ദുരന്തനിവാരണ അതോറിറ്റിയുടെയും ഫയർഫോഴ്സി െൻറയും മറ്റും സഹായം തേടി.
ഫയർഫോഴ്സാകട്ടെ, മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പാറക്കല്ലുകളും മണ്ണുമടക്കം ഇടിച്ചിൽ ഭീഷണിയുള്ള ബാക്കി ഭാഗംകൂടി താഴേക്ക് ഇടിച്ചിട്ടു. അതോടെ വീട്ടിൽനിന്ന് മുറ്റത്തേക്കിറങ്ങണമെങ്കിൽ മണ്ണ് നീക്കംചെയ്യാതെ വയ്യെന്നായി. അതിനായാണ് ദുരന്തനിവാരണ സമിതി ജില്ല ചെയർമാൻ കൂടിയായ ജില്ല കലക്ടറെ സമീപിച്ചത്. അദ്ദേഹം അപേക്ഷ ജിയോളജിസ്റ്റിന് കൈമാറി. ഇതോടെയാണ് രണ്ടു വീട്ടുകാരുടെ കഷ്ടകാലമാരംഭിച്ചത്. ജിയോളജിസ്റ്റിെൻറ വരവുകാത്ത് ഏറെനാൾ. പിന്നീട് അദ്ദേഹത്തിെൻറ ഹിതമറിയാനുള്ള കാത്തിരിപ്പ്. ഒടുവിൽ റിപ്പോർട്ട് വന്നു. മണ്ണിന് വില കിട്ടുമെന്നതിനാൽ 30,000 രൂപ റോയൽറ്റി അടക്കണം.
മഴയായാലും വെള്ളപ്പൊക്കമായാലും പ്രളയംതന്നെ ആയാലും ഇടിഞ്ഞുവീണ മണ്ണ് അവിടെനിന്ന് നീക്കംചെയ്യാൻ അനുമതി നൽകണമെങ്കിൽ റോയൽറ്റി വേണമെന്ന നിലപാടിൽ ജില്ല ജിയോളജിസ്റ്റ് ഉറച്ചുനിന്നു. വീട്ടുകാർ റവന്യു മന്ത്രി അടക്കമുള്ളവരെ സമീപിച്ചു. സമീപിച്ചവരധികവും ജിയോളജിസ്റ്റിെൻറ ഉത്തരവിന് അനുകൂലമായതിനാലാണ് കേരള ഹൈകോടതിയിൽ അഭയം തേടിയത്. കോടതിയിൽനിന്ന് വീട്ടുകാർക്ക് അനുകൂല വിധി ഉണ്ടാവുകയും ചെയ്തു. കോടതി മണ്ണ് നീക്കാൻ ജില്ല കലക്ടറെയും തഹസിൽദാറെയും ചുമതലപ്പെടുത്തി. കോടതി ഉത്തരവ് നടപ്പാക്കുന്നതും കാത്തിരിപ്പാണ് ഈ വീട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.