നിയമനവിവാദം ആയുധമാക്കി യു.ഡി.എഫ്
text_fieldsതിരുവനന്തപുരം: എതിർപ്പ് വകവെക്കാതെ നൂറുകണക്കിന് താൽക്കാലിക ജീവനക്കാെര സർക്കാർ സ്ഥിരപ്പെടുത്തുേമ്പാൾ പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും നിയമനം കിട്ടാത്തവർ ആരംഭിച്ച സമരം പ്രതിപക്ഷത്തിന് മറ്റൊരു ആയുധമാകുന്നു. ശബരിമല വിഷയം ഭരണപക്ഷത്തിന് തലവേദന സൃഷ്ടിച്ചതിന് പിന്നാലെയാണ് യുവാക്കളുടെ വികാരം മുതലെടുക്കാൻ സഹായിക്കുന്ന 'തൊഴിൽ പ്രശ്നം' സജീവമായത്. സി.പി.എം അനുഭാവികളും നേതാക്കളുടെ ബന്ധുക്കളും അനധികൃതമായി തൊഴിൽ സ്വന്തമാക്കുന്നുവെന്ന ആരോപണത്തിന് പിന്നാലെയാണ് പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവർ തെരുവിലിറങ്ങിയത്.
'ശബരിമല'യിൽ യു.ഡി.എഫ് തന്ത്രത്തിൽ വീഴേണ്ടെന്നാണ് സി.പി.എം തീരുമാനമെങ്കിലും തുടർച്ചയായി വിഷയം ഉന്നയിച്ചതോടെ പ്രതികരിക്കേണ്ട അവസ്ഥയിലെത്തി. അധികാരത്തിലെത്തിയാൽ ശബരിലയിൽ യുവതീപ്രവേശനം വിലക്കി നിയമം ഉണ്ടാക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാെല കരടുബിൽ പുറത്തുവിട്ട് യു.ഡി.എഫ് ഭരണപക്ഷത്തെ കൂടുതൽ കുരുക്കിലാക്കി. സി.പി.എം നേതൃത്വം പ്രതികരിക്കാൻ നിർബന്ധിതമായി. പുതിയ സത്യവാങ്മൂലം നൽകുന്ന കാര്യത്തിൽ സി.പി.എമ്മിലെ ആശയക്കുഴപ്പം ഇതോടെ വ്യക്തമാകുകയും െചയ്തു. തെരഞ്ഞെടുപ്പിൽ ശബരിമല യു.ഡി.എഫിെൻറ ഏറ്റവും വലിയ പ്രചാരണായുധമാകും. ശബരിമല പോലെതന്നെ യുവാക്കളുടെ തൊഴിലും വൈകാരിക വിഷയമാണ്.
സി.പി.എം അനുഭാവികളെ സർക്കാർ സ്ഥാപനങ്ങളിൽ തിരുകിക്കയറ്റുന്നുവെന്ന് വ്യാപക പരാതി ഉയർന്നിരിക്കെയാണ് നിയമനവിവാദം പലവഴി കത്തിപ്പടർന്നത്. അർഹരെ മറികടന്ന് മുൻ എം.പി എം.ബി. രാജേഷിെൻറ ഭാര്യയെ കാലടി സർവകലാശാലയിൽ അധ്യാപികയായി നിയമിച്ചത് വിവാദത്തിന് ശക്തികൂട്ടി. വ്യക്തമായ വിശദീകരണം നൽകാനാകാതെ ഭരണനേതൃത്വം പെടാപ്പാടിലായിരിക്കെയാണ് പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവർ സമരത്തിനിറങ്ങിയത്. രാഷ്ട്രീയാതീതമായി നടക്കുന്ന സമരം സംബന്ധിച്ച് മന്ത്രിമാർ നടത്തിയ പ്രതികരണങ്ങളും സമൂഹമാധ്യമങ്ങളിലൂടെ ഇടത് അനുകൂലികൾ നടത്തിയ വിമർശനങ്ങളും ഗുണത്തെക്കാൾ ദോഷം ചെയ്തു.
ജോലിയെല്ലാം ഇടത് അനുകൂലികൾക്ക് മാത്രമെന്ന യു.ഡി.എഫ് വിമർശനത്തിന് ബലം നൽകുന്നതാണ് സമരം. അതിനിടെയാണ്, അവിഹിതനിയമനങ്ങൾക്ക് ഇടനില നിന്നുവെന്ന സോളാർ നായിക സരിത നായരുടെ ഫോൺ സംഭാഷണം പുറത്തുവന്നത്. പരാമർശങ്ങൾ സർക്കാറിനെ കൂടുതൽ വെട്ടിലാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.