സഭയെ അവഹേളിക്കാൻ യു.ഡി.എഫ് ശ്രമമെന്ന് മന്ത്രി പി. രാജീവ്
text_fieldsകൊച്ചി: സ്ഥാനാർഥി നിർണയത്തിൽ സഭയെ വലിച്ചിഴച്ച് അപഹസിക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നതെന്ന് മന്ത്രി പി. രാജീവ്. സഭാ നേതൃത്വത്തെയും ലിസി ആശുപത്രിയെയും അവഹേളിക്കുന്നത് അവസാനിപ്പിക്കണം. സ്ഥാനാർഥിയെ പ്രഖ്യാപിച്ചത് ലെനിൻ സെന്ററിലാണെന്ന് എല്ലാവരും കണ്ടതാണ്.
തീരുമാനം പ്രഖ്യാപിച്ചശേഷം ആശുപത്രിയിൽ ഡോക്ടറെ അറിയിക്കാൻ ചെന്നപ്പോൾ അവരാണ് തങ്ങളോട് ഇരിക്കാൻ പറഞ്ഞത്. ഡോക്ടർക്ക് ലഭിച്ച അംഗീകാരത്തിൽ സന്തോഷിച്ച് ആശുപത്രി ഡയറക്ടർ ബൊക്കെ നൽകി സംസാരിച്ചതിൽ എന്താണ് തെറ്റെന്നും വൈദികൻ എന്ന നിലയിലല്ല, ആശുപത്രി ഡയറക്ടർ എന്ന നിലയിലാണ് അദ്ദേഹം സംസാരിച്ചതെന്നും രാജീവ് പറഞ്ഞു.
ഗെയിൽ പൈപ്പിടുമ്പോൾ ഭൂമിക്കടിയിൽ ബോംബാണ് കുഴിച്ചിടുന്നതെന്ന് താൻ പറഞ്ഞെന്ന് തെളിയിക്കാൻ പ്രതിപക്ഷ നേതാവിനെ വെല്ലുവിളിക്കുകയാണ്. തങ്ങളെക്കുറിച്ച് നുണപറയുന്ന പ്രതിപക്ഷ നേതാവിന് അടുത്തകാലത്തെ ചരിത്രം മാത്രമേ അറിയൂ. കൊച്ചി മെട്രോ ആദ്യഘട്ടത്തിന് അനുമതി തേടി തങ്ങൾ സമരം ചെയ്തിട്ടുണ്ട്. മെട്രോ റെയിൽ കാക്കനാട്ടേക്ക് എത്തിക്കാൻ സ്ഥലമേറ്റെടുക്കൽ ഉൾപ്പെടെ എല്ലാ ഒരുക്കവും സർക്കാർ പൂർത്തിയാക്കി.
ഇതോടെ തൃക്കാക്കരയിൽനിന്ന് കൊച്ചി നഗരത്തിലേക്ക് യാത്ര അതിവേഗമാകും. കാക്കനാട്-കൊരട്ടി ഇൻഫോപാർക്കിലേക്കും ചേർത്തല ഇൻഫോപാർക്കിലേക്കും ഐ.ടി ഇടനാഴി വരുകയാണ്. ഇതെല്ലാം ചേർന്ന് കേരളത്തിന്റെതന്നെ പ്രധാന കേന്ദ്രമായി തൃക്കാക്കര മാറുമെന്നും രാജീവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.