യു.ഡി.എഫിന്‍റെ സെക്രട്ടേറിയറ്റ് വളയൽ സമരം തുടങ്ങി; പിണറായി സർക്കാറിനെതിരായ കുറ്റപത്രം വായിക്കും
text_fieldsതിരുവനന്തപുരം: രണ്ടാം പിണറായി സർക്കാറിന്‍റെ ദുർഭരണത്തിനും ജനദ്രോഹത്തിനും അഴിമതിക്കും നികുതികൊള്ളക്കും എതിരായ യു.ഡി.എഫിന്‍റെ സെക്രട്ടേറിയറ്റ് വളയൽ സമരം തുടങ്ങി. സെക്രട്ടേറിയറ്റിന്‍റെ എല്ലാ കവാടങ്ങളും ഉപരോധിക്കും. പുലർച്ചെ ഏഴിന് തന്നെ യു.ഡി.എഫ് പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുൻപിൽ എത്തി തുടങ്ങി. മഹിള കോൺഗ്രസ് പ്രവർത്തകരാണ് രാവിലെ സമരത്തിന് തുടക്കം കുറിച്ചത്.
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള യു.ഡി.എഫ് പ്രവർത്തകരാണ് സെക്രട്ടേറിയറ്റിന്‍റെ പ്രധാന ഗേറ്റുകളിൽ സമരം നടത്തുന്നത്. തുടർന്ന് മറ്റ് ജില്ലകളിൽ നിന്നുള്ള പ്രവർത്തകർ സമരത്തിൽ പങ്കെടുക്കും. ഓരോ ജില്ലകളിൽ നിന്നുള്ള പ്രവർത്തകർ ഏതെല്ലാം ഗേറ്റുകളിൽ സമരം നടത്തണമെന്ന് മുന്നണി നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്. പിണറായി സർക്കാറിനെതിരായ കുറ്റപത്രം സമരത്തിൽ വായിക്കും.
രണ്ടാം വാർഷികത്തിൽ പിണറായി സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്തെത്തി. ധൂർത്ത് കൊണ്ട് കേരളത്തെ തകർത്ത മുഖ്യമന്ത്രിക്കും എൽ.ഡി.എഫ് സർക്കാറിനും പാസ് മാർക് പോലും നൽകില്ലെന്ന് വി.ഡി സതീശൻ പറഞ്ഞു.
പിണറായി സർക്കാർ ദയനീയ പരാജയമാണ്. സംസ്ഥാനത്ത് രൂക്ഷമായ വിലക്കയറ്റമാണുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലാണ് ഏറ്റവും കൂടുതൽ കിടപ്പാടങ്ങൾ ജപ്തി ചെയ്തത്. എന്നിട്ടും ജനങ്ങളുടെ മേൽ ആയിരം കോടിയുടെ നികുതി ഭാരം സർക്കാർ കെട്ടിവെക്കുകയാണെന്നും സതീശൻ ചൂണ്ടിക്കാട്ടി.
ഭീരുവായത് കൊണ്ടാണ് മുഖ്യമന്ത്രി ഒന്നും മിണ്ടാത്തത്. അഴിമതിയുമായി ബന്ധമില്ലെന്ന് തെളിയിക്കാൻ മുഖ്യമന്ത്രിയോട് വെല്ലുവിളിക്കുകയാണ്. മറുപടി പറഞ്ഞാൽ പ്രതിപക്ഷം കൂടുതൽ തെളിവുകൾ പുറത്തുവിടുമെന്ന് മുഖ്യമന്ത്രിക്ക് അറിയാം.
മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചാണ് എല്ലാ അഴിമതിയും നടന്നത്. മുഖ്യമന്ത്രിയുടെ ഓഫിസിന് ബന്ധമില്ലെങ്കിൽ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ എന്തിനാണ് ജയിലിൽ പോയത്. പിണറായി വിജയന് മുഖ്യമന്ത്രി പദവിയിൽ ഇരിക്കാൻ യോഗ്യനല്ലെന്നും സതീശൻ ചൂണ്ടിക്കാട്ടി.
നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം
തിരുവനന്തപുരം: യു.ഡി.എഫിന്‍റെ സെക്രട്ടേറിയറ്റ് ഉപരോധം, സർക്കാറിന്‍റെ രണ്ടാംവാർഷികാഘോഷവുമായി ബന്ധപ്പെട്ട റാലി എന്നിവയുമായി ബന്ധപ്പെട്ട് തലസ്ഥാനനഗരിയിൽ ശനിയാഴ്ച ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. യു.ഡി.എഫിന്‍റെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ ഏഴ് മണി മുതല്‍ നടക്കുന്ന സെക്രട്ടേറിയറ്റ് ഉപരോധവുമായി ബന്ധപ്പെട്ട് രാവിലെ ആറ് മുതല്‍ പാളയം- സ്റ്റാച്യു- ഓവര്‍ ബ്രിഡ്ജ് വരെയുള്ള എം.ജി റോഡിലാണ് നിയന്ത്രണം.
എല്‍.ഡി.ഫ് സര്‍ക്കാരിന്റെ രണാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സി.പി.എമ്മിന്‍റെ നേതൃത്വത്തില്‍ പുത്തരിക്കണ്ടം മൈതാനത്ത് വൈകിട്ട് അഞ്ചിന് നടക്കുന്ന റാലിയും പൊതുസമ്മേളനവുമായി ബന്ധപ്പെട്ട് വൈകുന്നേരം മൂന്ന് മണി മുതല്‍ നഗരത്തിലെ എം.ജി റോഡിലും മണക്കാട്‍, അട്ടക്കുളങ്ങര, കിഴക്കേകോട്ട, പഴവങ്ങാടി, തമ്പാനൂര്‍, പവര്‍ഹൗസ് റോഡ് എന്നീ ഭാഗങ്ങളിലും അനുബന്ധ റോഡുകളിലുമാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
സ്റ്റാച്യൂ ഭാഗത്ത് ഗതാഗത തടസ്സമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പാളയം ഭാഗത്ത് നിന്നും കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പബ്ലിക് ലെെബ്രറി-പഞ്ചാപുര-ബേക്കറി ഫ്ലെെഓവർ-പനവിള-തമ്പാനൂർ വഴി പോകണം. ചാക്ക ഭാഗത്ത് നിന്നും കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പാറ്റൂർ-വഞ്ചിയൂർ വഴിയും, ആശാൻ സ്ക്വയർ-അണ്ടർ പാസേജ്-ബേക്കറി ഫ്ലെെഓവർ വഴിയും ,വെള്ളയമ്പലം ഭാഗത്ത് നിന്നും കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ വഴുതക്കാട് -തെെക്കാട് -തമ്പാനൂർ വഴിയും പോകണമെന്ന് സിറ്റി പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.