അനിശ്ചിതത്വം നീങ്ങി; 'ഇറ്റ്‌ഫോക്ക്' മാര്‍ച്ചിൽ
text_fieldsതൃശൂർ: കേരള സംഗീതമായ നാടക അക്കാദമിയുടെ അന്താരാഷ്ട്ര നാടകോത്സവം (ഇറ്റ് ഫോക്ക്) ഈ വർഷത്തെ എഡിഷൻ നടത്തിപ്പ് സംബന്ധിച്ച അനിശ്ചിതത്വം നീങ്ങുന്നു. മേള മാർച്ചിൽ നടത്താൻ തീരുമാനമായതായി അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി അറിയിച്ചു.
സാംസ്കാരിക സ്ഥാപനങ്ങൾക്കുള്ള സർക്കാർ വിഹിതത്തിൽ നിയന്ത്രണം വന്ന പശ്ചാത്തലത്തിൽ ഇറ്റ്ഫോക്ക് അടക്കം വിവിധ സാംസ്കാരിക സ്ഥാപനങ്ങൾ നടത്തുന്ന പരിപാടികളുടെ നടത്തിപ്പ് അനിശ്ചിതത്വത്തിൽ ആയിരുന്നു. സാഹിത്യ അക്കാദമി അന്താരാഷ്ട്ര പുസ്തകോത്സവം നടത്തിപ്പിനെക്കുറിച്ചും ആശങ്ക ഉയർന്നിരുന്നു. കലാമണ്ഡലം കൽപിത സർവകലാശാലയിൽ ഫണ്ട് ഇല്ലാത്ത സാഹചര്യത്തിൽ താൽക്കാലിക ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതും സമ്മർദം ഉയർന്നതോടെ ഉത്തരവ് റദ്ദാക്കിയതും അടുത്തിടെയാണ്. ഈ സാഹചര്യത്തിലാണ് ജനുവരി - ഫെബ്രുവരി മാസങ്ങളിൽ നടക്കാറുള്ള ഇറ്റ് ഫോക്ക് റദ്ദാകുമെന്ന ആശങ്ക ഉയർന്നത്. ഇതിനെതിരെ നാടക-കല പ്രവർത്തകരുടെ എതിർപ്പ് ഉയർന്നിരുന്നു.
സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനുമായി ബുധനാഴ്ച ഉച്ചക്ക് നടത്തിയ ചര്‍ച്ചയില്‍ അനുകൂല പ്രതികരണം ഉണ്ടായ സാഹചര്യത്തിൽ അക്കാദമി നിര്‍വാഹക സമിതി അംഗങ്ങളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഇറ്റ്ഫോക്കുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചതെന്ന് സെക്രട്ടറി അറിയിച്ചു. പ്രതിബന്ധങ്ങള്‍ മറികടന്ന് ലഭ്യമായ സാമ്പത്തിക സ്രോതസ്സിനകത്ത് നിന്ന് അടുത്ത മാര്‍ച്ചിൽ അന്താരാഷ്ട്ര നാടകോത്സവം സംഘടിപ്പിക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുകയാണെന്നും സെക്രട്ടറി വാർത്ത കുറിപ്പിൽ പറഞ്ഞു.
നാടകോത്സവം ഉപേക്ഷിക്കുന്നതിനെതിരെ ദീപൻ ശിവരാമൻ അടക്കമുള്ള നാടക കലാകാരന്മാർ രൂക്ഷമായി പ്രതികരിച്ചിരുന്നു. പ്രതിഷേധങ്ങൾ ശക്തമായതാണ് സർക്കാറിനെയും അക്കാദമിയെയും മാറ്റിച്ചിന്തിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.