മാധ്യമങ്ങൾക്ക് നോട്ടീസ് നൽകിയ നിയമസഭാ സെക്രട്ടേറിയറ്റിന്റെ നടപടി പിൻവലിക്കണമെന്ന് പത്രപ്രവർത്തക യൂനിയൻ
text_fieldsതിരുവനന്തപുരം :നിയമസഭാ മന്ദിരത്തിൽ സ്പീക്കറുടെ ഓഫീസിനു മുന്നിലുണ്ടായ സംഘർഷം മൊബൈലിൽ ചിത്രീകരിച്ചതിന്റെ പേരിൽ മാധ്യമങ്ങൾക്ക് നോട്ടീസ് നൽകിയ നിയമസഭാ സെക്രട്ടേറിയറ്റിന്റെ നടപടി പിൻവലിക്കണമെന്ന് നിയമസഭാ സ്പീക്കറോട് കേരള പത്രപ്രവർത്തക യൂനിയൻ. കാലഹരണപ്പെട്ട വ്യവസ്ഥകളുടെ സാങ്കേതിക നൂലാമാലകൾ ആയുധമാക്കി സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന് തടസം സൃഷ്ടിക്കാനുളള ശ്രമം ജനാധിപത്യ സംവിധാനത്തെ ദുർബലപ്പെടുത്തും.
പൊടുന്നനെ അസാധാരണ സംഭവം ഉണ്ടായപ്പോൾ തൊഴിലിന്റെ ഭാഗമായി അത് ചിത്രീകരിക്കുക എന്ന സ്വാഭാവിക പ്രവർത്തനമാണ് മാധ്യമ പ്രവർത്തകരുടെ ഭാഗത്തുനിന്നും ഉണ്ടായത്. അതിലെ ശരിതെറ്റുകൾ സ്പീക്കർ തന്നെ നിയമസഭയിൽ ചൂണ്ടിക്കാട്ടുകയും വിഷയം അവസാനിച്ചതായി അറിയിക്കുകയും ചെയ്തു. അതിനു ശേഷമാണ് ചില മാധ്യമങ്ങളെ മാത്രം തിരഞ്ഞു പിടിച്ച് നിയമസഭാ സെക്രട്ടേറിയറ്റ് നോട്ടീസ് നൽകിയത്.
മാധ്യമ പ്രവർത്തകർ മാത്രമല്ല അവിടെ ഉണ്ടായിരുന്ന ഭരണ- പ്രതിപക്ഷ അംഗങ്ങളും അവരുടെ സ്റ്റാഫ് അംഗങ്ങളും ഈ രംഗങ്ങൾ മൊബൈലിൽ ചിത്രീകരിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിൽ അടക്കം ഇത് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ചില മാധ്യമങ്ങളെ മാത്രം കുറ്റക്കാരായി കണ്ട് അവർക്ക് മാത്രമാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
നിയമസഭയിൽ മാധ്യമങ്ങൾക്ക് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്താനുളള ശ്രമത്തിന്റെ ഭാഗമാണോ ഇതെന്ന് സംശയം ജനിപ്പിക്കുന്നതാണ് ഈ നടപടി. കോവിഡ് കാലത്ത് ഒഴിവാക്കിയ നിയമസഭാ ചോദ്യോത്തര വേള ചിത്രീകരിക്കാനുളള അനുമതി പുനസ്ഥാപിക്കണം എന്ന ആവശ്യവും ഇതുവരെ അംഗീകരിച്ചിട്ടില്ല.
ലോകമാകെ ജനാധിപത്യം ഭീഷണി നേരിടുന്ന പുതിയ കാലത്ത് സുതാര്യവും സർഗാത്മകവുമായ ജനാധിപത്യമാണ് ഏറ്റവും ഫലപ്രദമായ പ്രതിരോധം. സുരക്ഷയുടെ ഭാഗമായി ഫോട്ടോ, വീഡിയോ ചിത്രീകരണത്തിന് നിയന്ത്രണവും നിരോധനവും ഏർപ്പെടുത്തിയിരുന്ന പഴയ കാല രീതികൾ നവീന സാങ്കേതിക വിദ്യയുടെ പുതിയ കാലത്ത് അപ്രസക്തവുമാണ്. നിശ്ചിത സമയത്ത് മാത്രമല്ല നിയമസഭാ നടപടികൾ പൂർണമായും ചിത്രീകരിക്കാനും തത്സമയം ജനങ്ങളിലേക്ക് എത്തിക്കാനും കഴിയുന്ന സുതാര്യതയിലേക്ക് മാറേണ്ട കാലമാണിതെന്നും യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം.വി വിനീതയും ജനറൽ സെക്രട്ടറി ആർ. കിരൺ ബാബുവും ചൂണ്ടിക്കാട്ടി.
ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്ന ജനങ്ങൾക്ക് നിയമസഭാ പ്രവർത്തനങ്ങൾ അറിയാനും അവകാശമുണ്ട്. അങ്ങനെ വന്നാൽ കൂടുതൽ ഫലപ്രദവും ഉത്തരവാദിത്തപൂർണവുമായ ഇടപെടലുകൾ ജനപ്രതിനിധികളിൽ നിന്നുണ്ടാകും. മറ്റ് പല മേഖലകളിലും എന്ന പോലെ ജനാധിപത്യ സുതാര്യതയിൽ രാജ്യത്തിനും മറ്റ് സംസ്ഥാനങ്ങൾക്കും മാതൃകയാവാൻ കേരള നിയമസഭക്ക് കഴിയും. നിയമസഭാ സംവിധാനങ്ങളെ കൂടുതൽ ജനകീയമാക്കുന്ന അത്തരം ഒരു മഹനീയ മാതൃകക്ക് സ്പീക്കർ നേതൃത്വം നൽകണമെന്നും യൂനിയൻ ആവശ്യപ്പെട്ടു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.