‘നാട്ടാനകളെ ഉത്സവ എഴുന്നള്ളത്തിന് ഉപയോഗിക്കുന്നത് വിലക്കണം’; ഹൈകോടതിയിൽ ഉപഹരജി
text_fieldsകൊച്ചി: ഹൈകോടതി കഴിഞ്ഞ മേയ് 26ന് പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള നിയമം തയാറാക്കി നടപ്പാക്കുന്നതുവരെ നാട്ടാനകളെ ഉത്സവ എഴുന്നള്ളത്തിന് ഉപയോഗിക്കുന്നത് വിലക്കണം എന്നാവശ്യപ്പെട്ട് ഉപഹരജി. നാട്ടാനകളുടെ സുരക്ഷ ഉറപ്പാക്കാൻ മതിയായ നടപടി സ്വീകരിക്കാൻ ഉത്തരവിടണമെന്നാവശ്യപ്പെട്ട് നേരത്തേ ഫയൽ ചെയ്ത ഹരജിയിൽ ഉപഹരജിയായിട്ടാണ് പുതിയ ആവശ്യം. സൊസൈറ്റി ഫോർ എലഫന്റ് വെൽഫെയർ എന്ന സംഘടനയുടെ പ്രസിഡന്റ് ചിത്ര അയ്യരാണ് ഹരജിക്കാരി.
നാട്ടാനകളെ ഉത്സവത്തിന് ഉപയോഗിക്കുന്ന കാര്യത്തിൽ കൃത്യമായ കലണ്ടർ തയാറാക്കണം എന്നതടക്കം നിർദേശങ്ങളാണ് കോടതി കഴിഞ്ഞ മേയിൽ പുറപ്പെടുവിച്ചത്. ആനകൾക്ക് വിശ്രമം അടക്കം ഉറപ്പാക്കാനായിരുന്നു ഇത്. അത്തരമൊരു പദ്ധതിക്ക് ഇതുവരെ രൂപം നൽകിയിട്ടില്ലെന്ന് ഉപഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
2019ൽ വനം വകുപ്പ് പുറത്തുവിട്ട കണക്കുപ്രകാരം 476 ആനകളാണ് കേരളത്തിലുള്ളത്. ഇവക്കൊന്നും മൈക്രോ ചിപ്പുകൾ സ്ഥാപിച്ചിട്ടില്ല. ആ വർഷം 26 ആനകൾ ചെരിഞ്ഞിരുന്നു. ഇതിനുശേഷം കണക്കുകളൊന്നും വനം വകുപ്പ് പുറത്തുവിട്ടിട്ടില്ല. ഹൈകോടതി ഉത്തരവ് പ്രകാരമുള്ള നടപടികളൊന്നും സർക്കാർ സ്വീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഉപഹരജി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.