മയോണൈസിൽ പച്ച മുട്ട ഉപയോഗിക്കുന്നത് നിരോധിച്ചു, പാഴ്സൽ ഭക്ഷണത്തിൽ സമയം രേഖപ്പെടുത്തണം
text_fieldsതിരുവനന്തപുരം: മയോണൈസിൽ പച്ച മുട്ട ഉപയോഗിക്കുന്നത് സംസ്ഥാനത്ത് നിരോധിച്ചു. ആരോഗ്യ മന്ത്രി വീണ ജോര്‍ജ് വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പാഴ്സൽ ഭക്ഷണത്തിൽ സമയം രേഖപ്പെടുത്തണം. സ്റ്റിക്കറിൽ രേഖപ്പെടുത്തിയ സമയത്തിനുള്ളിൽ ഭക്ഷണം കഴിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.
ഹോട്ടലുകളിൽ ഭക്ഷണം പാകം ചെയ്യുന്നവർക്കും വിതരണം ചെയ്യുന്നവർക്കും ശുചിത്വം ഉറപ്പാക്കണം. ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാണ്. ജീവനക്കാരുടെ കൈകൾ, വസ്ത്രം എന്നിവയുടെ ശുചിത്വം ഉറപ്പാക്കേണ്ടത് സ്ഥാപനമാണെന്നും മന്ത്രി വീണ ജോർജ് അറിയിച്ചു.
ഹോട്ടൽ ജീവനക്കാർക്ക് ശുചിത്വം സംബന്ധിച്ച് പരിശീലനം നൽകും. ഓഡിറ്റോറിയങ്ങളിൽ ഭക്ഷണം വിളമ്പാൻ ലൈസൻസുള്ളവർ വേണം. ഹോട്ടലുകൾക്ക് ലൈസൻസ് ഉറപ്പാക്കും. സ്ഥാപനങ്ങൾക്ക് ശുചിത്വ റേറ്റിങ് നടപ്പാക്കും. റേറ്റിങ് കണ്ടെത്താൻ ആപ്പ് വികസിപ്പിച്ചെന്നും മന്ത്രി വീണ ജോർജ് വ്യക്തമാക്കി.
ഹോട്ടലുകളിലെ ശുചിത്വം ഉറപ്പാക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ സംസ്ഥാന തലത്തിൽ ടാസ്ക് ഫോഴ്സ് രൂപീകരിക്കും. രഹസ്യമായാണ് ടാസ്ക് ഫോഴ്സ് പ്രവർത്തിക്കുക. കാസർകോട് മുതൽ തിരുവനന്തപുരം വരെ എവിടെയും പരിശോധന നടത്താൻ ടാസ്ക് ഫോഴ്സിന് അധികാരമുണ്ട്. ടാസ്ക് ഫോഴ്സ് ഒരു സ്ഥലത്തോ സ്ഥാപനത്തിലോ എത്തുമ്പോൾ അവിടത്തെ ഭക്ഷ്യ സുരക്ഷ ഓവർസീയർ (എഫ്.എസ്.ഒ) പ്രത്യേക സംഘത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കണമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.