ആകാശ് തില്ലങ്കേരി ഓടിച്ച വാഹനം ഉപയോഗശൂന്യം, ആക്രിയാക്കാൻ ശിപാർശ ചെയ്തെന്ന് സർക്കാർ ഹൈകോടതിയിൽ
text_fieldsകൊച്ചി: ശുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി ഓടിച്ച രൂപമാറ്റം വരുത്തിയ വാഹനം സുരക്ഷിതമായി നിരത്തിൽ ഉപയോഗിക്കാനാവുന്ന അവസ്ഥയിലല്ലെന്ന് സർക്കാർ ഹൈകോടതിയിൽ. വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ച് തയാറാക്കിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സർക്കാർ അഭിഭാഷകൻ ഇക്കാര്യം ഹൈകോടതിയെ അറിയിച്ചത്. ഈ വാഹനത്തിന്‍റെ രജിസ്ട്രേഷൻ റദ്ദാക്കി ആക്രിയാക്കാൻ വാഹന വകുപ്പ് ശിപാര്‍ശ നൽകിയതായും സർക്കാർ വ്യക്തമാക്കി.
നമ്പർ പ്ലേറ്റില്ലാത്ത തുറന്ന ജീപ്പിൽ ആകാശ് തില്ലങ്കേരിയും സംഘവും വയനാട് പനമരത്ത് യാത്ര നടത്തിയതിന്‍റെ ദൃശ്യങ്ങൾ സാമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് സംഭവത്തിൽ സ്വമേധയാ ഇടപെട്ടശേഷം നടപടിക്ക് നിർദേശിച്ചിരുന്നു. സ്വീകരിച്ച നടപടികൾ സംബന്ധിച്ച റിപ്പോർട്ട് ചിത്രങ്ങൾ സഹിതം സർക്കാർ കോടതിയിൽ സമർപ്പിച്ചു.
ആകാശും സംഘവും സഞ്ചരിച്ച മലപ്പുറം സ്വദേശി സുലൈമാന്‍റെ പേരിലുള്ള വാഹനത്തിന്‍റെ മേൽക്കൂര ഇളക്കിമാറ്റിയിരുന്നതായി പരിശോധനയിൽ കണ്ടെത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു. യഥാർഥ ടയറുകൾ മാറ്റി വലുത് ഘടിപ്പിച്ചു. മുൻ സീറ്റിലുണ്ടായിരുന്നവർ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. സാധുവായ ലൈസൻസില്ലാതെയാണ് വാഹനം ഓടിച്ചത്.
പുകമലിനീകരണ സർട്ടിഫിക്കറ്റിന്‍റെ കാലാവധിയും കഴിഞ്ഞിരുന്നു. നിയമലംഘനത്തിന് 1,05,500 രൂപ പിഴ ഈടാക്കി. 14 രൂപമാറ്റങ്ങളാണ് കണ്ടെത്തിയത്. മുമ്പ് രൂപമാറ്റം വരുത്തൽ, ഇൻഷുറൻസ്, രജിസ്ട്രേഷൻ ഇല്ലാതിരിക്കൽ തുടങ്ങിയ നിയമലംഘനങ്ങൾക്ക് ഈ വാഹനം മൂന്നുതവണ നടപടി നേരിടുകയും 36,250 രൂപ പിഴയീടാക്കുകയും ചെയ്തതായും സർക്കാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.