നാട്ടുകാർ കാവലിരുന്നു; കക്കൂസ് മാലിന്യം തള്ളിയ വാഹനം പിടികൂടി
text_fieldsചങ്ങരംകുളം: സംസ്ഥാന പാതയോരത്തെ കാളാച്ചാൽ പാടത്ത് കക്കൂസ് മാലിന്യം തള്ളിയ കെ.എൽ 54- എച്ച് - 4156 നമ്പർ ടാങ്കർ ലോറി നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി. ലോറി ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ഞായറാഴ്ച പുലർച്ച നാലരയോടെ, പ്രദേശത്ത് കാവലിരുന്ന പ്രദേശവാസികളാണ് കക്കൂസ് മാലിന്യം തള്ളുന്നത് കൈയോടെ പിടികൂടിയത്.
ഏറെക്കാലമായി പ്രദേശത്ത് കക്കൂസ് മാലിന്യം തള്ളുന്നതിനാൽ പൊറുതിമുട്ടിയ നാട്ടുകാർ സംഘടിച്ച് കാവലിരിക്കുകയാണ്. പലതവണ ചങ്ങരംകുളം പൊലീസിൽ പരാതി നൽകിയിരുന്നു. റോഡിന്‍റെ സമീപത്തുള്ള വയലിലേക്ക് മാലിന്യം തുറന്നുവിടുന്ന സമയത്താണ് പിടികൂടിയത്. പലഭാഗങ്ങളിൽ നിന്ന് കൊണ്ടുവരുന്ന മാലിന്യം രാത്രിയാണ് ഒഴുക്കിവിടുന്നത്.
മാലിന്യം വേഗത്തിൽ ഒഴുക്കിവിടാൻ മൂന്ന് വാൽവുകളാണ് ലോറിയിൽ സ്ഥാപിച്ചിട്ടുള്ളത്. കഴിഞ്ഞവർഷം ഈ വാഹനം പ്രദേശത്ത് മാലിന്യം ഒഴുക്കിയതിന്‍റെ പേരിൽ വാർഡ് അംഗം പി.കെ. അഷ്റഫ് പിടികൂടി പൊലീസിൽ ഏൽപിച്ചിരുന്നു. പ്രതികൾക്കെതിരെ നടപടി ശക്തമാക്കണമെന്നും ഏറെ ആരോഗ്യ പ്രശ്നങ്ങൾ വരുത്തിവെക്കുന്ന ഈ വാഹനത്തിന്‍റെ ലൈസൻസ് റദ്ദാക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.