ജെല്ലിക്കെട്ട് കേസിലെ വിധി സഭാ തർക്കത്തിലും വഴിത്തിരിവാകും
text_fieldsകൊച്ചി: ജെല്ലിക്കെട്ട് കേസിലെ സുപ്രീംകോടതി വിധി സഭാ തർക്കം പരിഹരിക്കുന്നതിനുള്ള നിയമനിർമാണത്തിൽ വഴിത്തിരിവാകും. ജെല്ലിക്കെട്ട് കേസിലെ വിധിക്കെതിരെ തമിഴ്നാട് നിയമസഭ പാസാക്കിയ നിയമനിർമാണം ശരിവെച്ച സുപ്രീകോടതി ഭരണഘടന ബെഞ്ചിന്റെ വിധിയാണ് മലങ്കര സഭാ തർക്കം പരിഹരിക്കാൻ സംസ്ഥാന സർക്കാർ തയാറാക്കിയ ചർച്ച് ബില്ലിൽ നിർണായകമാകുന്നത്.
ജെല്ലിക്കെട്ട് നിരോധിക്കാനാകില്ലെന്നും അത് തമിഴ് സംസ്കാരത്തിന്റെ ഭാഗമാണെന്നുമുള്ള തമിഴ്നാട് നിയമസഭയുടെ പ്രഖ്യാപനത്തെ ശരിവെച്ചാണ് ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് വിധി പറഞ്ഞത്. 2017 ജൂലൈ മൂന്നിന് ജസ്റ്റിസ് അരുൺ മിശ്ര, ജസ്റ്റിസ് അമിതാഭ് റോയി എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധിയാണ് ഇടവേളക്ക് ശേഷം സഭാ തർക്കവും സംഘർഷവും രൂക്ഷമാക്കിയത്.
മലങ്കരയിലെ 1064 പള്ളികളും ഓർത്തഡോക്സ് സഭയുടെ 1934 ഭരണഘടനയനുസരിച്ച് ഭരിക്കപ്പെടണമെന്നായിരുന്നു വിധി. ഈ വിധിയുടെ ചുവടുപിടിച്ച് യാക്കോബായ വിഭാഗത്തിന് 62 പള്ളികളാണ് ഇതുവരെ നഷ്ടമായത്. വിധി വന്ന ഘട്ടത്തിൽ നഷ്ടമായ പള്ളി സെമിത്തേരികളിൽ യാക്കോബായ വിശ്വാസികളുടെ മൃതദേഹം സംസ്കരിക്കുന്നതിനും ഓർത്തഡോക്സ് വിഭാഗം പ്രതിബന്ധം സൃഷ്ടിച്ചു.
സെമിത്തേരി ബിൽ പാസാക്കിയതോടെയാണ് ഈ പ്രശ്നങ്ങൾക്ക് അറുതിയായത്. എന്നാൽ, സുപ്രീകോടതി വിധിയുടെ ചുവടുപിടിച്ച് ഓർത്തഡോക്സ് വിഭാഗം കൂടുതൽ പള്ളികളിൽ അവകാശവാദം ഉന്നയിച്ച് നിയമനടപടികൾ ആരംഭിച്ചതും ക്രമസമാധാന പ്രശ്നങ്ങൾ വ്യാപകമായതുമാണ് ജസ്റ്റിസ് കെ.ടി. തോമസിന്റെ നേതൃത്വത്തിലുള്ള നിയമപരിഷ്കാര കമീഷൻ ശിപാർശ ചെയ്ത മലങ്കര ചർച്ച് ബില്ല് നടപ്പാക്കാൻ സർക്കാർതലത്തിൽ ആലോചന തകൃതിയായത്.
ഇതിനെ തുടർന്ന് ബില്ലിനെ സംബന്ധിച്ച് പൊതുജനങ്ങളിൽനിന്ന് സർക്കാർ അഭിപ്രായ രൂപവത്കരണം നടത്തിയിരുന്നു. ഭൂരിഭാഗം പേരും ബില്ല് നടപ്പാക്കുന്നതിന് അനുകൂലമായാണ് അഭിപ്രായം രേഖപ്പെടുത്തിയത്.
കഴിഞ്ഞ മാർച്ച് ഒമ്പതിന് നടന്ന ഇടതു മുന്നണി യോഗത്തിൽ മന്ത്രി പി. രാജീവ് ബില്ലിന്റെ കരട് അവതരിപ്പിക്കുകയും ചെയ്തു. ഇതിനെതിരെ ഓർത്തഡോക്സ് പക്ഷം കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയപ്പോൾ യാക്കോബായ പക്ഷം അനുകൂലമായും രംഗത്തുവന്നു.
എന്നാൽ, സുപ്രീംകോടതി വിധിക്കെതിരായ നിയമനിർമാണം കോടതിയിൽ ചോദ്യം ചെയ്യപ്പെടുമോയെന്ന ആശങ്കമൂലം തുടർനടപടികൾ സാവധാനം മതിയെന്നായിരുന്നു സർക്കാർതല ധാരണ. ജെല്ലിക്കെട്ടിലെ നിയമനിർമാണത്തിനെതിരായ കേസിലെ സുപ്രീംകോടതി വിധിക്കുശേഷം ഇക്കാര്യത്തിൽ സജീവ ഇടപെടലുകൾ നടത്താമെന്ന് സർക്കാർ വൃത്തങ്ങളിൽനിന്ന് ഉറപ്പ് ലഭിച്ചിരുന്നതായും യാക്കോബായ പക്ഷം പറയുന്നു.
ഇതിനിടെയാണ് ജെല്ലിക്കെട്ട് കേസിലെ നിയമനിർമാണത്തിന് അനുകൂലമായ കോടതി വിധി വന്നത്. ഇതിന്റെ ചുവടുപിടിച്ച് സഭാ തർക്കം പരിഹരിക്കുന്നതിന് സർക്കാർ നിയമ നിർമാണം നടപ്പാക്കിയാൽ അത് കേരളത്തിലെ സഭാ തർക്ക ചരിത്രത്തിലും നിർണായകമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.