സതീശൻ-ഷാഫി-രാഹുൽ കൂട്ടുകെട്ടിന്റെ വിജയം
text_fieldsപാലക്കാട്: പാലക്കാട് മണ്ഡലം രൂപവത്കരണത്തിനു ശേഷമുള്ള യു.ഡി.എഫിന്റെ 12ാം ജയം വി.ഡി. സതീശൻ, ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ ത്രയത്തിന് അവകാശപ്പെട്ടത്. വിവാദങ്ങളിൽ ഒന്നിച്ചുനിന്ന് പടനയിക്കാൻ ഇവർക്കായെന്നു മാത്രമല്ല, വിവാദങ്ങളും വിജയത്തിന് മുഖ്യകാരണമായെന്നും വിലയിരുത്താം. മൂന്നു തവണ മണ്ഡലത്തെ പ്രതിനിധാനംചെയ്ത ഷാഫി പറമ്പിലിന് വടകര എം.പിയാകാനുള്ള നിയോഗം വന്നതോടെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിച്ചത്. പ്രഖ്യാപനം ഡി.സി.സിയുടെ അതൃപ്തിക്കിടയാക്കുകയും കെ. മുരളീധരനെ സ്ഥാനാർഥിയാക്കാനുള്ള അവരുടെ കത്ത് പിന്നീട് വിവാദമാകുകയും ചെയ്തിരുന്നു. കൽപാത്തിപോലുള്ള അഗ്രഹാര മേഖലയിൽപോലും സ്വാധീനമുറപ്പിച്ചുള്ള ‘ഷാഫി ഇഫക്ട്’ തുടരണമെങ്കിൽ ഹാട്രിക് വിജയം നേടിയ ഷാഫി പറയുന്നയാൾ മതിയെന്ന തീരുമാനം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അംഗീകരിക്കുകയായിരുന്നു. ഷാഫി പറമ്പിൽ ഈ തെരഞ്ഞെടുപ്പുകാലം മുഴുവൻ രാഹുലിനെ കൈപിടിച്ച് നടത്തുകയായിരുന്നു എന്നു പറഞ്ഞാലും അതിശയോക്തിയാവില്ല. ജില്ല കോൺഗ്രസ് നേതൃത്വത്തിന്റെ എതിർപ്പിനെ അവഗണിച്ചാണ് ഷാഫി പറമ്പിൽ രാഹുലുമൊത്ത് കാമ്പയിൻ തുടങ്ങിയതെങ്കിലും വൈകാതെ പിണക്കം മാറി ഒത്തൊരുമയോടെ ജില്ല കോൺഗ്രസ് നേതൃത്വം സജീവമാകുകയായിരുന്നു. പിന്നീട് ഡീൽ വിവാദവും പാതിരാപരിശോധനയും പെട്ടിവിവാദവും ഒക്കെ ചർച്ചാവിഷയമായപ്പോൾ പ്രതിപക്ഷനേതാവും ഷാഫിയും രാഹുലുമൊക്കെ ഒറ്റക്കെട്ടായി പ്രതിരോധിച്ചിരുന്നു.
ഷാഫി പറമ്പിൽ, എം.എൽ.എ വി.കെ. ശ്രീകണ്ഠൻ എം.പി എന്നിവരുടെ വികസനപദ്ധതികളാണ് വിജയത്തിലെത്തിച്ചതെന്ന് യു.ഡി.എഫ് അവകാശപ്പെടുന്നുണ്ടെങ്കിലും വിജയത്തിൽ തെരഞ്ഞെടുപ്പ് വിവാദങ്ങൾ നിർണായക പങ്കുവഹിച്ചെന്ന് ഇവരും സമ്മതിക്കുന്നു. ബി.ജെ.പിയിലെ വിഭാഗീയതയും വിജയത്തിന് കാരണമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.