'അദ്ദേഹം ചെയ്ത പുണ്യങ്ങളാകാം ദുരന്തമൊഴിവാക്കിയത്'; രാജേഷും ഭാര്യയും ഓടിയെത്തിയത് അകത്തുള്ളവരുടെ ജീവൻ മാത്രം ചിന്തിച്ച്
text_fieldsകൊച്ചി: ഏതാനും മീറ്റർ അകലെ വലിയ ശബ്ദത്തോടെ ഹെലികോപ്ടർ വന്ന് വീഴുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് രാജേഷിനും ഭാര്യ ബിജിക്കും മനസ്സിലായില്ല. കണ്ണുചിമ്മുന്ന സമയത്തിനുള്ളിൽ കോപ്ടർ ചതുപ്പിലേക്ക് പതിച്ചപ്പോൾ രാജേഷ് പിന്നെയൊന്നും നോക്കിയില്ല. അകത്തുള്ളവരുടെ ജീവൻ മാത്രം ചിന്തിച്ച് ഓടി അടുത്തെത്തി, അവരെ സുരക്ഷിതരാക്കുന്നത് മാത്രമായിരുന്നു ചിന്തയിൽ. ചുമട്ടുതൊഴിലാളിയായ രാജേഷ് ഭാര്യ പനങ്ങാട് സ്റ്റേഷനിലെ സീനിയർ സി.പി.ഒ ബിജിക്കും ഒപ്പം വീടിന് മുൻവശത്ത് നിൽക്കുമ്പോഴായിരുന്നു ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസഫലിയും ഭാര്യയും ഉൾപ്പെടെ സഞ്ചരിച്ച ഹെലികോപ്ടർ വീടിനോട് ചേർന്ന ചതുപ്പിൽ വന്ന് പതിച്ചത്.
ഹെലികോപ്ടറിനടുത്തേക്ക് ഓടിയെത്തുമ്പോൾ അതിനുള്ളിൽ പി.പി.ഇ കിറ്റ് ധരിച്ചിരുന്നവരിൽ ഒരാൾ യൂസഫലിയാണെന്ന് മനസ്സിലായില്ല. പുറത്തിറങ്ങിയപ്പോൾ എന്തെങ്കിലും സംഭവിച്ചോ എന്ന് ചോദിച്ചു, നടുവേദനയുണ്ടെന്ന് മറുപടി. പിന്നീടാണ് യൂസഫലിയാണെന്ന് മനസ്സിലായത്. അദ്ദേഹം ചെയ്ത പുണ്യപ്രവർത്തികളായിരിക്കാം അപകടത്തിെൻറ വ്യാപ്തി കുറച്ചതെന്ന് രാജേഷ് പറയുന്നു. രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ശക്തമായ മഴയിൽ മുറ്റത്ത് വെള്ളക്കെട്ടുണ്ടായി. കൈക്കോട്ടുമെടുത്ത് ചാലുകീറി വെള്ളം ഒഴുക്കി വിടാൻ ഇറങ്ങിയപ്പോഴാണ് വലിയ ശബ്ദം കേട്ടത്.
നോക്കുമ്പോൾ വീടിനോട് ചേർന്ന് ചതുപ്പിൽ ഹെലികോപ്ടർ വന്ന് പതിക്കുന്നതാണ് കണ്ടത്. ഓടി അടുത്ത് ചെന്ന് നോക്കിയപ്പോഴും ആദ്യം ആരും പുറത്തേക്ക് ഇറങ്ങുന്നുണ്ടായിരുന്നില്ല. എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകുമോയെന്ന് ഭയന്നു. ഒരു വശത്തുകൂടെ ചെന്നപ്പോൾ പൈലറ്റ് പതുക്കെ വാതിൽ തുറന്ന് പുറത്തിറങ്ങി. ബാക്കിയുള്ളവരെ പതുക്കെ പിടിച്ച് പുറത്തിറക്കി. ചതുപ്പിൽനിന്ന് കുറച്ച് മാറിയിരുന്നെങ്കിൽ വലിയ അപകടം സംഭവിക്കുമായിരുന്നു. മുട്ടോളം വെള്ളമുള്ള ചതുപ്പായതും ചുറ്റുമതിലിൽ തട്ടാതിരുന്നതും തീപിടിത്തവും അപകടവും ഒഴിവാക്കിയെന്നും രാജേഷ് പറഞ്ഞു.
ഞെട്ടൽ മാറാതെ പ്രമീള
കൊച്ചി: 'വലിയ ശബ്ദം കേട്ടു, പെട്ടെന്നൊരു കുലുക്കം പോലെ തോന്നി. എന്താണ് സംഭവിക്കുന്നതെന്ന് പെട്ടെന്ന് മനസ്സിലായില്ല' പറയുമ്പോൾ പ്രമീളക്ക് ഞെട്ടൽ മാറിയിട്ടില്ല. എം.എ. യൂസുഫലി ഉൾപ്പെടുന്നവർ സഞ്ചരിച്ച ഹെലികോപ്ടർ സാങ്കേതിക തകരാറിനെ തുടർന്ന് വന്ന് പതിച്ച ചതുപ്പിന് സമീപത്തെ വീട്ടിലെ താമസക്കാരിയാണ് കുറ്റിക്കാട്ട് വീട്ടിൽ മോഹനെൻറ ഭാര്യ പ്രമീള.
സംഭവം നടന്ന ഉടനെ ഭർതൃസഹോദരെൻറ മകൻ രാജേഷ് അവിടേക്ക് ഓടി. പിറകെ തങ്ങളും - പ്രമീള പറഞ്ഞു. ഓർക്കാപ്പുറത്താണ് സംഭവങ്ങളുണ്ടായത്. നല്ല മഴയായിരുന്നു രാവിലെ. ശബ്ദത്തിനൊപ്പം ഹെലികോപ്ടർ വന്ന് വീണപ്പോൾ തങ്ങളാകെ ഭയന്നുപോയെന്നും പ്രമീള കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.