ശുചിമുറിയിൽ മൃതദേഹം കുഴിച്ചിട്ട് കോൺക്രീറ്റ് ചെയ്തു; ഇരിക്കൂറിലേത് 'ദൃശ്യം മോഡൽ' കൊലപാതകം
text_fieldsഇരിക്കൂർ: രണ്ടുമാസം മുമ്പ് കാണാതായ ഇതര സംസ്ഥാന തൊഴിലാളി വസീഖുൽ ഇസ്ലാമിന്‍റെ തിരോധാനം കൊലപാതകം തന്നെ. 'ദൃശ്യം' സിനിമ മോഡലിൽ നടന്ന കൊലപാതകത്തിൽ മുഖ്യ പ്രതിയെ പൊലീസ് മുംബൈയിൽ നിന്നും പിടികൂടി കണ്ണൂരിലെത്തിച്ചു. ഇരിക്കൂറിൽ നിർമ്മാണ പ്രവർത്തനത്തിലുള്ള കെട്ടിടത്തിൽ ജോലി ചെയ്യുകയായിരുന്ന ഇതര സംസ്ഥാന തൊഴിലാളി വസീഖുൽ ഇസ്ലാമിനെയാണ് സഹജോലിക്കാരായ രണ്ടു പേർ കൊന്ന് കുഴിച്ചു മൂടി മുകളിൽ കോൺക്രീറ്റ് ഇട്ടത്. സംഭവത്തിൽ മുഖ്യ പ്രതി പരീക്ഷ് നാഥിനെയാണ് പൊലീസ് പിടികൂടിയത്. നിർമ്മാണത്തിലുള്ള കടയുടെ സ്റ്റെയർകെയ്സിന് താഴെയുള്ള ശുചിമുറിയിൽ വസീഖുൽ ഇസ്ലാമിന്‍റെ മൃതദേഹം കണ്ടെടുത്തു.
കൊല്ലപ്പെട്ട വസീഖുൽ ഇസ്ലാം, പരീക്ഷ് നാഥ്, ഗണേഷ് മണ്ഡൽ എന്നിവർ കേരളത്തിൽ വിവിധ ജില്ലകളിലായി പത്തു വർഷത്തോളം ജോലി ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. കഴിഞ്ഞ ഒരു വർഷമായി ഇരിക്കൂറിൽ കടയുടെ കോൺക്രീറ്റ് പണിയായിരുന്നു ജോലി. കെട്ടിടത്തിന്‍റെ ഒന്നാം നിലയിൽ വെച്ചുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഒന്നാം പ്രതിയായ പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ മതുരപൂർ പരീക്ഷ് നാഥ് (27), വസീഖിനെ ചുറ്റിക കൊണ്ട് തലക്കടിക്കുകയും രണ്ടാം പ്രതിയായ ബന്ധു ഗണേഷ് മണ്ഡൽ (53) വായ മൂടിക്കെട്ടി കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം ഇരുവരും ചേർന്ന് ചാക്കിൽ കെട്ടി താഴത്തെ നിലയിലെ ശുചിമുറിയിൽ കുഴിച്ചിട്ട് മുകളിൽ കോൺക്രീറ്റ് ചെയ്തു.
കൊലപാതകത്തിന് ശേഷം വസീഖിന്‍റെ മൊബൈലും 7000 രൂപയും പ്രതികൾ മോഷ്ടിച്ച് ബോംബെയിലേക്ക് കടന്നുകളഞ്ഞു. ദിവസങ്ങൾക്കു ശേഷം ബന്ധുക്കൾ വസീഖിനെ കാണാനില്ലെന്ന് ഇരിക്കൂർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. പരീക്ഷ് നാഥിനെയും, ഗണേഷ് മണ്ഡലിനെയും സംശയമുള്ളതായി പരാതിപ്പെട്ടതിന്‍റെ അടിസ്ഥാനത്തിൽ ഇരിക്കൂർ പൊലീസ് കേസ് എടുത്ത് വിശദമായി അന്വേഷിച്ചു.
സൈബർ സെല്ലിന്‍റെ സഹായത്തോടുകൂടി ഇരിക്കൂർ എസ്.ഐ എൻ. വി ഷീജു, എ.എസ്.ഐ റോയി ജോൺ, സി.പി.ഒമാരായ കെ.ഷംഷാദ്, ശ്രീലേഷും എന്നിവർ ബോംബെയിൽ എത്തുകയും പ്രതികളുടെ മൊബൈൽ ടവർ ലൊക്കേറ്റ് ചെയ്ത് ബോംബെ ഗുജറാത്ത് ബോർഡറിലെ 100 കിലോമീറ്റർ അകലെയുള്ള പാൽഗർ ജില്ലയിൽ നിന്നും പ്രതിയെ പിടികൂടി വിമാനമാർഗം കണ്ണൂർ വിമാനത്താവളത്തിൽ എത്തിക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. രണ്ടാമത്തെ പ്രതി നാട്ടിലേക്ക് കടന്നു കടന്നതായി ഒന്നാംപ്രതി പൊലീസിനു മൊഴി നൽകിയിട്ടുണ്ട്.
ഒന്നാം പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം രാവിലെ സംഭവസ്ഥലത്ത് പ്രതിയെ എത്തിക്കുകയും മൃതദേഹം പുറത്തെടുക്കുകയും ചെയ്തു. രാഷ്ട്രീയ പ്രതിനിധികളും വൻ ജനക്കൂട്ടവും അഞ്ചു മണിക്കൂറോളം സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. പരിയാരം മെഡിക്കൽ കോളേജ് പൊലീസ് സർജൻ ഗോപാലകൃഷ്ണപിള്ള സംഭവസ്ഥലത്തുവെച്ചുതന്നെ പോസ്റ്റുമോർട്ടം ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കും. രണ്ടാം പ്രതിയായ ഗണേഷ് മണ്ഡലിനെ കൂടാനുള്ള ഊർജിതമായ ശ്രമം നടന്നുവരുന്നതായി ഇരിക്കൂർ എസ്.ഐ എൻ.വി ഷീജു അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.