കൂടോത്രം കണ്ടെത്തുന്ന ദൃശ്യങ്ങൾ പഴയത്; തന്നെ അപായപ്പെടുത്താൻ ആർക്കും കഴിയില്ലെന്ന് കെ. സുധാകരൻ
text_fieldsകണ്ണൂർ: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പിയുടെ വീട്ടില്‍ നിന്ന് ‘കൂടോത്രം’കണ്ടെത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്. സുധാകരന്റെ കണ്ണൂർ നടാലിലെ വീട്ടിൽനിന്ന് സുധാകരനും രാജ്മോഹൻ ഉണ്ണിത്താൻ എം.പിയും മന്ത്രവാദിയും ചേർന്ന് ‘കൂടോത്രം’ കണ്ടെത്തുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. തെയ്യത്തിന്റെ രൂപത്തിന്റെ അകത്ത് വീടിന്റെ ആകൃതി വരച്ച തകിടുകളും ശരീര ഭാഗങ്ങളുടെ രൂപങ്ങളും കോലങ്ങളും എഴുത്തുകളും കണ്ടെത്തി. ഒന്നര വർഷം മുമ്പ് പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്.
പത്തനംതിട്ടയിലെ മന്ത്രവാദിയാണ് വീട്ടുവളപ്പിൽനിന്ന് കൂടോത്രം പുറത്തെടുക്കുന്നത്. സുധാകരന് ആരോഗ്യ പ്രശ്നങ്ങളുണ്ടായപ്പോൾ രാജ്മോഹൻ ഉണ്ണിത്താന്റെ നിർദേശത്തിൽ പ്രശ്നംവെച്ചാണ് കൂടോത്രം കണ്ടെത്തിയതെന്നാണ് വിവരം. ജീവൻ പോകാത്തത് ഭാഗ്യമെന്ന് കെ. സുധാകരൻ ഉണ്ണിത്താനോട് പറയുന്നത് ദൃശ്യങ്ങളിൽ കേള്‍ക്കാം. ഓരോ ശരീര ഭാഗങ്ങൾക്ക് കേടു സംഭവിക്കാനായി പ്രത്യേകം കൂടോത്രം ചെയ്തതായി പറയുന്നു. തലയുടെ രൂപത്തിലുള്ള തകിട് പുറത്തെടുക്കുമ്പോൾ തനിക്ക് തലക്ക് കനവും വേദനയുമുണ്ടായിരുന്നതായി ഡോക്ടറോട് പറഞ്ഞ കാര്യങ്ങൾ സുധാകരൻ വിവരിക്കുന്ന ശബ്ദസംഭാഷണവും ദൃശ്യങ്ങളിലുണ്ട്.
ടെൻഷനും വെപ്രാളവുമുണ്ടാകാനാണ് ഇത് ചെയ്തതെന്ന് മന്ത്രവാദിയും രാജ്മോഹൻ ഉണ്ണിത്താനും പറയുമ്പോൾ ടെൻഷനും വെപ്രാളവും മാത്രമേ ഉള്ളൂവെന്ന് സുധാകരന്റെ മറുപടി. തിരുവനന്തപുരത്തെ കെ.പി.സി.സി ഓഫിസിൽനിന്നും ഡൽഹിയിലെ വസതിയിൽനിന്നും കൂടോത്രം കണ്ടെടുത്തതായി വിവരമുണ്ട്. ഡൽഹിയിലെ വീട്ടിലെ സോഫക്ക് അടിയിലായിരുന്ന കൂടോത്രം ജോലിക്കാരൻ മാറ്റിയപ്പോൾ ആരോഗ്യപ്രശ്നങ്ങളുണ്ടായെന്നും പറയപ്പെടുന്നു. കോൺഗ്രസിലെ ഗ്രൂപ് പോരിൽ സുധാകരനെ ഒതുക്കുന്നതിനാണ് ‘കൂടോത്രം’ നടത്തിയതെന്ന് ആരോപണമുണ്ട്. ഈ വിഷയം പാർട്ടിയിലും സജീവമായിരുന്നു. രാജ്മോഹന്‍ ഉണ്ണിത്താനെതിരെ ദുര്‍മന്ത്രവാദ ആരോപണവുമായി കോണ്‍ഗ്രസ് നടപടിയെടുത്ത ബാലകൃഷ്ണന് പെരിയ നേരത്തെ രംഗത്തെത്തിയിരുന്നു.
രാജ്മോഹന്‍ ഉണ്ണിത്താന് ദുര്‍മന്ത്രവാദത്തിന്റെ പിടിയിലാണെന്നായിരുന്നു ആരോപണം. കെ. സുധാകരന്റെ വീട്ടിലും മന്ത്രവാദിയെ കൊണ്ടുപോയിട്ടുണ്ടെന്നും ബാലകൃഷ്ണന് ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിഡിയോ പുറത്തുവന്നത്.
എന്താണ് കൂടോത്രം
ശത്രുവിനെ ഇല്ലാതാക്കാനായി നടത്തുന്ന ആഭിചാര പ്രയോഗവും ദുഷ്ക്രിയയും കൂടോത്രമായി അറിയപ്പെടുന്നു. ഒരു ലോഹത്തകിടില്‍ ചില അടയാളങ്ങളും രൂപങ്ങളും പൂജ ചെയ്തശേഷം കുപ്പിയിലോ മറ്റു സാധനങ്ങളിലോ അടക്കം ചെയ്ത് ശത്രു സഞ്ചരിക്കുന്ന വഴിയില്‍ സ്ഥാപിക്കുന്നു. ഇതിനെ മറികടക്കുകയോ ചവിട്ടുകയോ ചെയ്താൽ ശത്രുവിന്റെ നാശം തുടങ്ങുമെന്നാണ് വിശ്വാസം. പണ്ടുകാലം മുതൽ പ്രചാരത്തിലുണ്ടായിരുന്ന കൂടോത്രം ആധുനിക കാലത്തും ആളുകൾ നടത്തുന്നുണ്ടെന്നതാണ് കൗതുകം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.