സി.പി.എമ്മിന്റെ വനിതാ നയത്തിലെ പൊള്ളത്തരം പുറത്തായി -കെ. സുധാകരന്‍ എം.പി
text_fieldsതിരുവനന്തപുരം: വനിതാ സഖാക്കളോട് പുരുഷ സഖാക്കളുടെ സമീപനം മോശമാണെന്ന് സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ രൂക്ഷമായ വിമര്‍ശനം ഉയരുമ്പോഴാണ് സ്ത്രീപീഡന ആരോപണത്തില്‍ അച്ചടക്ക നടപടി നേരിട്ടവരെ ഉള്‍പ്പെടുത്തി സംസ്ഥാന സമിതി വിപുലീകരിച്ചതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി. വനിതകളോടുള്ള സി.പി.എമ്മിന്റെ സമീപനത്തിലും നയത്തിലുമുള്ള പൊള്ളത്തരമാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്.
ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദു ഉള്‍പ്പെടെയുള്ള വനിതാ നേതാക്കളാണ് സി.പി.എമ്മില്‍ സ്ത്രീകള്‍ക്ക് നീതി കിട്ടുന്നില്ലെന്ന ആക്ഷേപം സംസ്ഥാന സമ്മേളനത്തില്‍ ഉന്നയിച്ചത്. വനിതാ സഖാക്കളോട് പുരുഷ സഖാക്കളുടെ സമീപനം മോശമാണെന്നും ഇതിനെതിരേ പരാതി നൽകിയാലും പാര്‍ട്ടി പരിഗണിക്കുന്നില്ലെന്നും പരാതിക്കാര്‍ക്ക് അവഗണന നേരിടേണ്ടി വരുന്നുവെന്നുമാണ് മന്ത്രി ചൂണ്ടിക്കാട്ടിയത്.
ഇതൊന്നും പാര്‍ട്ടി നേതൃത്വം മുഖവിലയ്ക്കെടുത്തില്ലെന്ന് തെളിയിക്കുന്നതാണ് പി. ശശിയെ പോലുള്ളവരുടെ സി.പി.എം സംസ്ഥാന സമിതിയിലെ സാന്നിധ്യം. പി.കെ. ശശി, ഗോപി കോട്ടമുറിക്കല്‍, പി.എന്‍. ജയന്ത് തുടങ്ങിയ നേതാക്കളെക്കൂടി സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്താമായിരുന്നെന്ന് സുധാകരന്‍ പരിഹസിച്ചു.
പാര്‍ട്ടിയുടെ സ്ത്രീവിരുദ്ധ സമീപമാണ് സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തിലും പ്രതിഫലിക്കുന്നത്. വാളയാറും വടകരയും ഉള്‍പ്പെടെ നിരവധി പീഡനക്കേസുകളിലെ സി.പി.എം പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണ് ചെയ്തതെന്നും സുധാകരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.