തലചായ്ക്കാനൊരു വീടിനായി കാത്തിരിപ്പ് നീളുന്നു; ദേവി വീണ്ടും പരാതിയുമായി നവകേരള സദസ്സിൽ
text_fieldsഎകരൂൽ: സ്വന്തമായി വീടില്ലാത്തതിനാൽ നാലു വർഷമായി കൂട്ടുകാരി ഫാത്തിമയുടെ വീട്ടിൽ അന്തിയുറങ്ങുന്ന ഉണ്ണികുളം കപ്പുറം കൂർമൻ ചാലിൽ ദേവി വീണ്ടും വീടെന്ന ആവശ്യവുമായി ബാലുശ്ശേരിയിൽ നടക്കുന്ന നവകേരള സദസ്സിൽ പരാതി നൽകി. വീടിനുവേണ്ടി വർഷങ്ങളായി സർക്കാർ ഓഫിസുകൾ കയറിയിറങ്ങുന്ന 65 കഴിഞ്ഞ വിധവയായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട ദേവിയുടെ അപേക്ഷ തുടർച്ചയായി സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി അധികൃതർ നിരസിക്കുന്ന സാഹചര്യത്തിലാണ് അവസാന ശ്രമമെന്ന നിലയിൽ മുഖ്യമന്ത്രിക്ക് വീണ്ടും സങ്കടമറിയിക്കാൻ തീരുമാനിച്ചത്. ‘ദേവിക്ക് അന്തിയുറങ്ങാൻ വീടില്ല, അഭയം നൽകി ഫാത്തിമ’ എന്ന തലക്കെട്ടിൽ ഇവരുടെ ദുരിത ജീവിതം മാധ്യമം വാർത്ത നൽകിയിരുന്നു.
ആറു മാസം താമരശ്ശേരിയിൽ നടന്ന മന്ത്രിതല പരാതിപരിഹാര അദാലത്തിലും പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നൽകിയ ഉറപ്പും ഉദ്യോഗസ്ഥർ നടപ്പിലാക്കിയില്ല. പ്രധാനമന്ത്രി ആവാസ് യോജന ഗ്രാമീൺ പദ്ധതിയിൽ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ദേവിക്ക് ഭവന നിർമാണത്തിന് എഗ്രിമെന്റ് വെച്ചിരുന്നു. പിന്നീട് ധനസഹായം നൽകുന്നതിന് സാങ്കേതിക തടസ്സങ്ങളുണ്ടെന്ന മറുപടിയാണ് ഉദ്യോഗസ്ഥർ നൽകിയത്. സാങ്കേതിക തടസ്സങ്ങൾ മറികടന്ന് ധനസഹായം നൽകാമെന്ന കഴിഞ്ഞ മാർച്ച് 15ലെ ഗ്രാമവികസന കമീഷണറേറ്റ് അഡീഷനൽ ഡെവലപ്മെന്റ് കമീഷണറുടെ കത്തും ഉദ്യോഗസ്ഥർ അവഗണിച്ചു.
മന്ത്രി മുഹമ്മദ് റിയാസിന്റെ നിർദേശാനുസരണം നടന്ന ഇന്റേണൽ വിജിലൻസ് അന്വേഷണത്തിൽ ദേവിയുടെ അപേക്ഷ പരിഗണിക്കുന്നതിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് സ്വീകരിച്ച നടപടികളിൽ അപാകതകൾ സംഭവിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതോടൊപ്പം ദേവി നിലവിൽ ഭവനരഹിതയായ, തികച്ചും അർഹയായ ഗുണഭോക്താവാണെന്ന് കണ്ടെത്തിയതായും അദാലത്ത് പരാതിപ്രകാരം ഭവന നിർമാണത്തിന് ധനസഹായം ലഭിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് ജോയന്റ് ഡയറക്ടറുടെ കാര്യാലയം കഴിഞ്ഞ ജൂൺ 23ന് ബ്ലോക്ക് പഞ്ചായത്തിന് നിർദേശം നൽകിയിരുന്നു.
വികേന്ദ്രീകൃത ആസൂത്രണ സംസ്ഥാന തല കമ്മിറ്റിയുടെ പ്രത്യേക അനുമതിയില്ലാതെ ധനസഹായം നൽകാനാവില്ലെന്ന സാങ്കേതിക തടസ്സങ്ങൾ ചൂണ്ടിക്കാട്ടുകയാണ് ഇപ്പോൾ ബ്ലോക്ക് പഞ്ചായത്ത് അധികൃതർ. കഴിഞ്ഞ ജൂലൈ 27ന് ഇതിനായി അപേക്ഷ സമർപ്പിച്ചതിന് ശേഷം നാലു മാസത്തിനിടെ പലതവണ യോഗം ചേർന്നെങ്കിലും ഇതുവരെയും ദേവിയുടെ ആവശ്യം പരിഗണനക്കുപോലും എടുത്തിട്ടില്ല. ഇതു സംബന്ധമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് നൽകിയ പരാതിയും പരിഗണിക്കപ്പെട്ടില്ല. വർഷങ്ങളായുള്ള ആവശ്യം സഫലീകരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് വീണ്ടും മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും പരാതി നൽകാൻ നവകേരള സദസ്സിലേക്ക് വന്നതെന്ന് ദേവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.