വാളയാര്‍കേസ്; സി.ബി.ഐ കണ്ടെത്തല്‍ പുതിയ വഴിത്തിരിവ്
text_fieldsപാലക്കാട്: പല കാരണങ്ങളാലും സമാനതകളില്ലാത്ത കേസായി, വാളയാറിലെ പെണ്‍കുട്ടികളുടെ മരണം. 2017 ജനുവരി ഏഴിനാണ് വാളയാർ അട്ടപ്പള്ളത്തെ വീട്ടില്‍ 13 വയസ്സുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് മാസത്തിനിപ്പുറം മാര്‍ച്ച് നാലിന് ഇതേ വീട്ടിൽ അനുജത്തിയായ ഒമ്പത് വയസ്സുകാരിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വീടിന്റെ ഉത്തരത്തില്‍ ഒമ്പത് വയസ്സുകാരിക്ക് തൂങ്ങാനാവില്ലെന്ന കണ്ടെത്തലോടെയാണ് സംശയം ബലപ്പെട്ടത്. 13കാരിയുടെ മരണത്തിലെ ഏക ദൃക്സാക്ഷി കൂടിയായിരുന്നു ഒമ്പത് വയസ്സുകാരി. മാര്‍ച്ച് ആറിന് അന്നത്തെ എ.എസ്.പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷണമാരംഭിച്ചു. തൊട്ടടുത്ത ദിവസം പൊലീസ് പുറത്തുവിട്ട പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു. മരിച്ച കുട്ടികള്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായത് അതിൽ പറഞ്ഞിരുന്നു.
പ്രത്യേക അന്വേഷണ സംഘം വരുന്നു
പിന്നാലെ ആദ്യ കുട്ടിയുടെ മരണം അന്വേഷിച്ച പൊലീസ് സംഘത്തിന് വീഴ്ചയുണ്ടായെന്ന ആരോപണമുയര്‍ന്നു. ഇക്കാര്യത്തിലും അന്വേഷണം തുടങ്ങി. അന്വേഷണ സംഘം പുനഃസംഘടിപ്പിക്കുകയും ചെയ്തു. പ്രാരംഭ അന്വേഷണത്തില്‍ വീഴ്ചവരുത്തിയ വാളയാര്‍ എസ്.ഐ പി.സി. ചാക്കോയെ സംഘത്തില്‍നിന്ന് ഒഴിവാക്കി. പ്രത്യേക അന്വേഷണ സംഘത്തിന്റെ ചുമതല അന്നത്തെ പാലക്കാട് നര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി എം.ജെ. സോജന് നല്കി.
തൊട്ടുപിന്നാലെ രണ്ടുപേരുടെ അറസ്റ്റുണ്ടായി. പാമ്പാംപള്ളം സ്വദേശി വി. മധു, രാജാക്കാട് സ്വദേശി ഷിബു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വാളയാര്‍ എസ്.ഐ പി.സി ചാക്കോയെ സസ്പെൻഡ് ചെയ്യുകയും ഡിവൈ.എസ്.പി വാസുദേവന്‍, സി.ഐ വിപിന്‍ ദാസ് എന്നിവര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
വീണ്ടും ആത്മഹത്യ
മാര്‍ച്ച് പത്തിന് രണ്ടു പേരെക്കൂടി അറസ്റ്റ് ചെയ്തു. എം. മധു, ചേര്‍ത്തല സ്വദേശി പ്രദീപ് കുമാര്‍ എന്നിവരാണിവർ. ഒരാഴ്ചക്കുശേഷം ഒരു പതിനാറുകാരന് കൂടി അറസ്റ്റിലായി. പൊലീസ് ചോദ്യംചെയ്യാന്‍ വിളിപ്പിച്ച പ്രവീണ്‍ എന്ന 29കാരന് ഇതിനിടെ തൂങ്ങിമരിച്ചു. ഒടുവില്‍ ജൂണ്‍ 22ന് കോടതിയില്‍ പൊലീസ് സമര്‍പ്പിച്ചത് സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് രേഖപ്പെടുത്തിയ കുറ്റപത്രം.
പതിനാറുകാരന്റേതൊഴികെ മറ്റു നാല് പ്രതികളുടെ പേരില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിൽ പോക്സോ, ആത്മഹത്യപ്രേരണ, പട്ടികജാതി-പട്ടിക വർഗങ്ങള്‍ക്കെതിരായ അതിക്രമം തുടങ്ങിയ വകുപ്പുകളാണ് ഉണ്ടായിരുന്നത്. പതിനാറുകാരന്റെ വിചാരണ ജുവനൈല്‍ കോടതിയിലേക്ക് മാറ്റി. 2019 ഒക്ടോബര്‍ ഒമ്പതിന് കേസിലെ ആദ്യ വിധി. മൂന്നാം പ്രതിയായ ചേര്‍ത്തല സ്വദേശി പ്രദീപ് കുമാറിനെ പാലക്കാട് കോടതി തെളിവുകളുടെ അഭാവത്താല്‍ വെറുതെവിട്ടു. പിന്നാലെ വി. മധു, എം. മധു, ഷിബു എന്നിവരെയും വെറുതെ വിട്ടു.
സി.ബി.ഐ വന്നപ്പോൾ
വിധി റദ്ദാക്കണമെന്നും പുനര്‍വിചാരണ വേണമെന്നുമാവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മ ഹൈകോടതിയെ സമീപിച്ചു. അന്വേഷണത്തിലും നടത്തിപ്പിലും ഗുരുതര വീഴ്ചയുണ്ടായെന്ന ആരോപണത്തെത്തുടര്‍ന്ന് റിട്ട. ജില്ല ജഡ്ജി പി.കെ. ഹനീഫയെ സംസ്ഥാന സര്‍ക്കാര്‍ കമീഷനായി വെച്ചു. 2020 മാര്‍ച്ച് 18ന് പൊലീസിനും പ്രോസിക്യൂഷനും വീഴ്ചയുണ്ടായെന്ന് കമീഷന് കണ്ടെത്തി. അതിനിടെ മൂന്നാംപ്രതി പ്രദീപ് കുമാര്‍ ആത്മഹത്യ ചെയ്തു.
പ്രതികളെ വെറുതെവിട്ട വിചാരണക്കോടതി വിധി ഹൈകോടതി റദ്ദാക്കി. പിന്നാലെ കേസ് സി.ബി.ഐക്ക് വിടുകയും ചെയ്തു. നിരന്തര ശാരീരിക പീഡനത്തെ തുടര്‍ന്ന് സഹോദരിമാര്‍ ആത്മഹത്യ ചെയ്തെന്നാണ് പൊലീസും പിന്നാലെ സി.ബി.ഐയും കണ്ടെത്തിയത്. എന്നാല്‍, 14ഉം ഒമ്പതും വയസ്സ് മാത്രമുള്ള മക്കളുടെത് ആത്മഹത്യയല്ലെന്നും കൊലപ്പെടുത്തിയതാണെന്നുമാണ് പെണ്‍കുട്ടികളുടെ മാതാവ് പറഞ്ഞിരുന്നത്. അതേസമയം, കുട്ടികള്‍ ചൂഷണത്തിനിരയായത് മാതാപിതാക്കള്‍ക്ക് അറിയാമായിരുന്നെന്ന സി.ബി.ഐ കണ്ടെത്തല്‍ കേസിൽ വഴിത്തിരിവായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.