ഉപജാപകകേന്ദ്രമായി രാജ്ഭവൻ മാറിയെന്ന നിലപാടിലേക്ക് സർക്കാറും
text_fieldsതിരുവനന്തപുരം: സർക്കാറിനെ വെല്ലുവിളിച്ച ഗവർണർ സംഘ്പരിവാറിന്‍റെ രാഷ്ട്രീയ ഉപജാപക കേന്ദ്രമായി മാറിയെന്ന് തിരിച്ചടിച്ച മുഖ്യമന്ത്രി വ്യക്തമാക്കിയത് രാഷ്ട്രീയ നയനിലപാട്. ഗവർണറുടെ നിലപാടുകൾ കേരളത്തിന്‍റെ പൊതുബോധത്തിന്‍റ പരിധിക്ക് പുറത്തുനിൽക്കുന്ന സംഘ്പരിവാറിന്‍റേത് കൂടിയാണെന്നാണ് പിണറായി വിജയൻ എന്ന രാഷ്ട്രീയ നേതാവ് പറഞ്ഞുവെച്ചത്. ഗവർണറുടെ വിമർശനങ്ങൾക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞ മുഖ്യമന്ത്രി സർക്കാർ സമ്മർദം ചെലുത്തുന്നെന്ന ആക്ഷേപം കാര്യകാരണ സഹിതം എടുത്തുപറഞ്ഞ് തള്ളി. സി.പി.എമ്മും മുന്നണിയും ഈ നിലപാടുകളിൽ ഊന്നിയാവും വരും ദിവസങ്ങളിൽ ഗവർണറെ നേരിടുക.
സർക്കാറിന്‍റെയും ഇടതു മുന്നണിയുടെയും ഗവർണറോടുള്ള നയം വ്യക്തമാക്കുന്നതു കൂടിയായി വാർത്തസമ്മേളനം. ഭരണഘടനയെ അട്ടിമറിച്ച് ഹിന്ദുത്വ രാജ്യം സ്ഥാപിക്കാൻ ശ്രമിക്കുന്ന ആർ.എസ്.എസിന്‍റെ ഉറച്ച വക്താവ് മാത്രമായി ആരിഫ് മുഹമ്മദ് ഖാൻ മാറിയെന്നാണ് സർക്കാർ നിലപാട്. സംസ്ഥാനത്ത് ശക്തമായ സാന്നിധ്യമുള്ള ന്യൂനപക്ഷങ്ങൾക്ക് മുന്നിലേക്കാണ് ഗാന്ധിവധം, പൗരത്വ നിയമം, ആർ.എസ്.എസിന്‍റെ ചരിത്ര പുനർരചന, വർഗീയത, വിഭാഗീയ രാഷ്ട്രീയം എന്നിവ വിശദീകരിച്ച് ആരിഫ് മുഹമ്മദ് ഖാനെ നിർത്തുന്നത്.
നെഹ്റു സർക്കാറിന്‍റെ കാലത്ത് ആർ.എസ്.എസിനെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുപ്പിച്ചെന്ന ഗവർണറുടെ അവകാശവാദവും മുഖ്യമന്ത്രി ചോദ്യം ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ വിവരാവകാശ മറുപടി ഉദ്ധരിച്ച് ഇതു തെറ്റെന്ന് വിശദീകരിച്ച പിണറായി, ആർ.എസ്.എസിന്‍റെ 'ചരിത്രം തിരുത്തി' എഴുതുന്ന പ്രക്രിയ കൂടിയാണ് ഓർമിപ്പിച്ചത്. ചരിത്രകാരൻ ഇർഫാൻ ഹബീബിനും കണ്ണൂർ വി.സി ഗോപിനാഥ് രവീന്ദ്രനും എതിരായ നടപടി ആവശ്യത്തിനു പിന്നിൽ സംഘ്പരിവാറിന്‍റെ കടുത്ത വിരോധം മാത്രമാണുള്ളതെന്ന പ്രഖ്യാപനം ഗവർണർക്കുള്ള സർക്കാറിന്‍റെ മറുപടി കൂടിയാണ്. ആരിഫ് മുഹമ്മദ് ഖാന്‍റ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തോടുള്ള കൂറിലേക്ക് വിരൽ ചൂണ്ടിയാണ് ആർ.എസ്.എസ് മേധാവിയെ പ്രോട്ടോകോൾ പാലിക്കാതെ സന്ദർശിച്ച നടപടിയെ സമൂഹത്തിന്‍റെ മുന്നിലേക്ക് സർക്കാർ വെക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.