മീറ്റർ റീഡിങ്ങും കരം പിരിവും ജല അതോറിറ്റി ഊർജിതമാക്കും
text_fieldsതിരുവനന്തപുരം: മീറ്റർ റീഡിങ്ങും വെള്ളക്കരം പിരിച്ചെടുക്കലും ഊർജിതമാക്കാനുള്ള നടപടികളുമായി ജല അതോറിറ്റി. മീറ്റർ റീഡിങ്ങിനും സ്പോട്ട് ബില്ലിങ്ങിനുമായി പാംഹെൽഡ് മെഷീനുകൾ ഏർപ്പെടുത്താനുള്ള തീരുമാനം നേരത്തേ എടുത്തിരുന്നു. ഇതിന്റെ തുടർ നടപടികൾ വേഗത്തിലാക്കും. ഇത്തരം ഉപകരണങ്ങളുടെ നിർമാതാക്കളിൽനിന്ന് ദർഘാസ് ക്ഷണിച്ചിരിക്കുകയാണ്. ഇതിനു പിന്നാലെ, പദ്ധതിയിൽ പങ്കാളികളാകാൻ ചില ദേശസാൽകൃത, ഷെഡ്യൂൾഡ് ബാങ്കുകൾ കൂടി താൽപര്യം പ്രകടിപ്പിച്ചു. ഈ സാഹചര്യത്തിൽ പാംഹെൽഡ് മെഷീൻ നിർമാതാക്കളുമായുള്ള സംയുക്ത സഹകരണത്തിന്റെ അടിസ്ഥാനത്തിൽ ഈ ബാങ്കുകൾക്കും ദർഘാസ് സമർപ്പിക്കുന്നതിന് അവസരം നൽകാൻ അതോറിറ്റി തീരുമാനിച്ചു.
ജല അതോറിറ്റി വൈദ്യുതി ചാർജിനത്തിൽ നൽകേണ്ട കുടിശ്ശിക പിരിച്ചെടുക്കാൻ കെ.എസ്.ഇ.ബി വലിയ സമ്മർദമാണ് ചെലുത്തുന്നത്. ഇതിനെ തുടർന്നാണ് തങ്ങൾക്ക് വെള്ളക്കരമിനത്തിൽ കിട്ടേണ്ട പണം കൃത്യമായി പിരിച്ചെടുക്കാൻ ജല അതോറിറ്റിയും ശ്രമിക്കുന്നത്.
ഗാർഹിക ഉപഭോക്താക്കൾ വെള്ളക്കര കുടിശ്ശിക വരുത്തിയാൽ കണക്ഷൻ ഉടൻ വിച്ഛേദിക്കുന്ന നടപടികൾ സ്വീകരിച്ചുവരികയാണ്. അതേസമയം സർക്കാർ-പൊതുമേഖല സ്ഥാപനങ്ങൾ ജല അതോറിറ്റിക്ക് നൽകേണ്ട കുടിശ്ശിക പിരിച്ചെടുക്കാൻ ഭരണതലത്തിൽ ഇടപെടലുണ്ടാകാത്ത സ്ഥിതിയുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ ആകെ കുടിശ്ശിക 929.31 കോടിയാണ്. ഇതിൽ പഞ്ചായത്തുകൾ 351.96 കോടിയും നഗരസഭകൾ 353.04 കോടിയും കുടിശ്ശിക വരുത്തി. ആറ് കോർപറേഷനുകളിൽ നിന്നായി ലഭിക്കേണ്ടത് 224.31 കോടിയാണ്. വിവിധ സർക്കാർ വകുപ്പുകൾ 110.34 കോടിയും നൽകാനുണ്ട്.
24.92 കോടി കുടിശ്ശിക വരുത്തിയ ആരോഗ്യവകുപ്പിനും 22.38 കോടി കുടിശ്ശികയുള്ള പൊതുമരാമത്ത് വകുപ്പിനും പല തവണ പണമടക്കാൻ അറിയിപ്പുകൾ നൽകിയിരുന്നു. എന്നാൽ, സർക്കാർ വകുപ്പുകളെല്ലാം മൗനം പാലിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.