വൈദ്യുതി വാങ്ങൽ: 10 ദശലക്ഷം യൂനിറ്റിന്റെ വർധന
text_fieldsതിരുവനന്തപരും: ഉയർന്ന ചൂട് മൂലം ഉപയോഗം വർധിച്ചതോടെ വിതരണത്തിനായി കഴിഞ്ഞ വർഷത്തേക്കാൾ അധികമായി പ്രതിദിനം കെ.എസ്.ഇ.ബി വാങ്ങുന്നത് 10 ദശലക്ഷത്തിലേറെ യൂനിറ്റ് വൈദ്യുതി. 2023 ഏപ്രിലിൽ മിക്ക ദിവസങ്ങളിലും 72 മുതൽ 76 വരെ ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് പുറത്തുനിന്നും വാങ്ങിയിരുന്നത്. ഈ മാസം പ്രതിദിനം വാങ്ങുന്നത് 82-86 ദശലക്ഷം യൂനിറ്റാണ്. ഇതിൽ പീക്ക് സമയത്തെ വൈദ്യുതിക്ക് ഉയർന്ന വില നൽകേണ്ടി വരുന്നു.
ശനിയാഴ്ച 110.14 ദശലക്ഷം യൂനിറ്റ് വൈദ്യുതി സംസ്ഥാനത്ത് ആവശ്യമായി വന്നപ്പോൾ ആഭ്യന്തര ഉൽപാദനം 23.91 ദശലക്ഷം യൂനിറ്റ് മാത്രമായിരുന്നു. ഇതിൽ ജലവൈദ്യുത പദ്ധതികളിൽനിന്നുള്ള ഉൽപാദനം 21.78 ദശലക്ഷം യൂനിറ്റാണ്. 86.23 ദശലക്ഷം യൂനിറ്റാണ് കേരളത്തിന് പുറത്തുനിന്നും എത്തിച്ച വൈദ്യുതി. പ്രതിദിന ആഭ്യന്തര വൈദ്യുതി ഉൽപാദനം 30 ദശലക്ഷം യൂനിറ്റിൽ താഴെതന്നെ തുടരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ 29.09 ദശലക്ഷം വരെ പ്രതിദിനം ആഭ്യന്തര ഉൽപാദനത്തിൽ വർധനയുണ്ടായി. ഇപ്പോൾ അത് ഭൂരിഭാഗം ദിവസങ്ങളിലും 20 ദശലക്ഷം യൂനിറ്റിൽ താഴെയാണ്. 2023ൽ ഏപ്രിൽ-മേയ് മാസങ്ങളിൽ മിക്ക ദിവസങ്ങളിലും 70 ദശലക്ഷം യൂനിറ്റിൽ താഴെയായി പുറത്തുനിന്നുള്ള വൈദ്യുതി വാങ്ങൽ നിലനിർത്താനുമായിരുന്നു.
കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തെ അപേക്ഷിച്ച് ഈ ഏപ്രിലിൽ പീക്ക് സമയ വൈദ്യുതി ഉപയോഗവും വലിയതോതിൽ വർധിച്ചിട്ടുണ്ട്. പ്രതിദിനം 500 മുതൽ 800 മെഗാവാട്ട് വരെ കൂടി. ലോക്സഭാ തെരഞ്ഞെടുപ്പ് ദിനമാണ് സംസ്ഥാനത്ത് പീക്ക് സമയത്തെ വൈദ്യുതി ഉപയോഗത്തിൽ സർവകാല റെക്കാർഡ് രേഖപ്പെടുത്തിയത്.
5608 മെഗാവാട്ടായിരുന്നു അന്നത്തെ ഉപയോഗം. ഉയരുന്ന ചൂടും ഉഷ്ണതരംഗ സാധ്യതയും വരും ദിവസങ്ങളിൽ വലിയതോതിൽ വൈദ്യുതി ആവശ്യകത വർധിക്കാൻ ഇടയാക്കുമെന്ന കണക്കുകൂട്ടലിലാണ് കെ.എസ്ഇ.ബി. ഡാമുകളിലെ വൈദ്യുതി ഉൽപാദനം ക്രമീകരിച്ചിട്ടുണ്ട്. ജലനിരപ്പ് താഴുന്നതുകൂടി കണക്കിടെലുത്താണിത്. ഇടുക്കി ഡാമിലെ ഞായറാഴ്ചയിലെ ജലനിരപ്പ് സംഭരണ ശേഷിയുടെ 36.57 ശതമാനമാണ്.
കൂടുതൽ വൈദ്യുതി ആവശ്യകതയുള്ള ഇടങ്ങളിൽ ആവശ്യമായ മുൻകരുതൽ സ്വീകരിക്കാനും വൈദ്യുതി തടസ്സം ഒഴിവാക്കാനും കെ.എസ്.ഇ.ബി ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.