വൈറ്റില-കാക്കനാട് റൂട്ടിലും ജല മെട്രോ കുതിപ്പ് തുടങ്ങി
text_fieldsകൊച്ചി: ഹൈകോർട്ട്-വൈപ്പിൻ റൂട്ടിന് പിന്നാലെ വൈറ്റില-കാക്കനാട് ജലപാതയിലും പൊതുജനങ്ങൾക്കായുള്ള യാത്ര ആരംഭിച്ച് ജല മെട്രോ.ആദ്യദിനത്തിലേതുപോലെതന്നെ മികച്ച പ്രതികരണമാണ് ഇവിടെയും ജനങ്ങളിൽനിന്ന് ലഭിച്ചത്. ആദ്യദിവസം 6559 പേരാണ് ജല മെട്രോയിൽ യാത്ര ചെയ്തത്. 7039 പേരാണ് രണ്ടാം ദിനമായ വ്യാഴാഴ്ച യാത്ര ചെയ്തത്.
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ലോക്നാഥ് ബെഹ്റ, ജില്ല കലക്ടർ എൻ.എസ്.കെ. ഉമേഷ്, സിറ്റി പൊലീസ് കമീഷണർ കെ. സേതുരാമൻ, ഇൻഫോപാർക്ക് സി.ഇ.ഒ സുശാന്ത് കുരുന്തിൽ, സ്മാർട്ട് സിറ്റി സി.ഇ. മനോജ് നായർ തുടങ്ങി നിരവധിപേർ യാത്രയിൽ പങ്കെടുത്തു.
ഡോ.സിജു വിജയൻ, സൗമ്യ അയ്യർ എന്നീ രണ്ടുപേർക്കാണ് ആദ്യ ടിക്കറ്റുകൾ നൽകിയത്. ഇരുവരും വീൽചെയറിൽ സഞ്ചരിക്കുന്നവരാണ്. എട്ടുമണിക്കാണ് വൈറ്റിലയിൽനിന്ന് സർവിസ് ആരംഭിച്ചത്. രാവിലെ എട്ടുമുതൽ 11വരെയും വൈകീട്ട് നാലുമുതൽ ഏഴുവരെയുമാണ് ഈ റൂട്ടിലെ സർവിസ്. യാത്രക്കാരുടെ പ്രതികരണം മനസ്സിലാക്കാനാണ് രാവിലെയും വൈകീട്ടുമായി മൂന്ന് സർവിസ് ക്രമീകരിച്ചിരിക്കുന്നത്.
ടെർമിനലുകളിൽനിന്ന് വിവിധ സ്ഥലങ്ങളിലേക്ക് യാത്രാസംവിധാനങ്ങൾ താൽക്കാലികമായി ഒരുക്കിയിട്ടുണ്ട്. അത് സ്ഥിരമാക്കാനുള്ള നടപടികൾ കലക്ടറുമായി ആലോചിച്ച് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയുടെ സാമ്പത്തിക, ടൂറിസം വികസനത്തിന് ജല മെട്രോ വലിയരീതിയിൽ ഗുണകരമാകുമെന്ന് കലക്ടർ എൻ.എസ്.കെ. ഉമേഷ് പറഞ്ഞു. കാക്കനാട് ജല മെട്രോ ടെർമിനലിൽ ഇറങ്ങുന്ന യാത്രക്കാർക്ക് ഇൻഫോപാർക്കിലേക്ക് ഫീഡർ ഓട്ടോ, കെ.എസ്.ആർ.ടി.സി ബസ് സർവിസുകൾ സജ്ജമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.