ഇടുക്കി ഡാമിലെ വെള്ളം ഒഴുകുന്നത് ഇതുവഴി...
text_fieldsചെറുതോണി: ഇടുക്കി ജലസംഭരണിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്‍റെ ഷട്ടറുകൾ ഉയർത്തിയതിനെ തുടർന്ന് ചെറുതോണി പുഴയിലൂടെ വെള്ളം അറബിക്കടലിലേക്ക് ഒഴുകി തുടങ്ങി. മൂന്ന് ഷട്ടറുകൾ ഉയർത്തിയത് വഴി സെക്കൻഡിൽ ഒരു ലക്ഷം ലിറ്റര്‍ (100 ക്യുമക്സ്) വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്.
ഇടുക്കി, ചെറുതോണി, കുളമാവ് അണക്കെട്ടുകൾ ചേർന്ന ഇടുക്കി പദ്ധതിയിൽ ഷട്ടർ തുറന്ന് ജലം പുറത്തേക്കൊഴുക്കുന്നത് ചെറുതോണി അണക്കെട്ടിലൂടെയാണ്. ചെറുതോണി മുതല്‍ അറബിക്കടൽ വരെയുള്ള 90 കിലോമീറ്റർ ആറ് മണിക്കൂര്‍ കൊണ്ട് ജലമെത്തും. എട്ടാം മിനിറ്റിൽ ചെറുതോണി ടൗണിലും ഒരു മണിക്കൂറിനുള്ളില്‍ പെരിയാറിൽ കടന്ന് വെള്ളം ലോവര്‍ പെരിയാര്‍ അണക്കെട്ടിലുമെത്തും.
വെള്ളം ഒഴുകുന്ന വഴികൾ...
അണക്കെട്ടിന്‍റെ ഷട്ടറുകൾ തുറന്നതോടെ ഇടുക്കി ജില്ല ആശുപത്രി സ്ഥിതി ചെയ്യുന്ന കുന്നിന്റെ കിഴക്ക് വശത്തു കൂടി ഒഴുകുന്ന ചെറുതോണി പുഴയിലാണ് ആദ്യം വെള്ളം എത്തുക. തൊടുപുഴ-പുളിയന്മല സംസ്ഥാനപാതയിലെ ചെറുതോണി ചപ്പാത്തിലൂടെ വെള്ളം പെരിയാറിലേക്ക് കുതിക്കും.
വെള്ളം തടിയമ്പാട്-കരിമ്പൻ ചപ്പാത്തിലൂടെ പാംബ്ല അണക്കെട്ട് വഴി നേര്യമംഗലം, എറണാകുളം ജില്ല അതിർത്തിയായ ലോവർ പെരിയാർ, ഭൂതത്താൻകെട്ട് അണക്കെട്ടിലൂടെ കീരമ്പാറയിൽ എത്തും. തുടർന്ന് കോടനാട്, മലയാറ്റൂർ, കാലടി, നെടുമ്പാശ്ശേരി, ആലുവയിൽ എത്തുന്ന വെള്ളം രണ്ടായി പിരിഞ്ഞ് അറബിക്കടലിലും കടമകുടി കായലിലും ചേരും.
അണക്കെട്ട് തുറക്കുന്നതിന്‍റെ ഭാഗമായി ശക്തമായ മുൻകരുതൽ നടപടികൾ ഇടുക്കി, എറണാകുളം ജില്ലാ ഭരണകൂടങ്ങൾ സ്വീകരിച്ചിട്ടുണ്ട്. തീരദേശത്ത് അതീവ ജാഗ്രത പുലര്‍ത്താനും ആളുകൾ അനാവശ്യമായി പെരിയാറിൽ ഇറങ്ങാതിരിക്കാനും രാത്രികാല യാത്രകള്‍ നിയന്ത്രിക്കാനും നിര്‍ദേശം നല്‍കി.
അണക്കെട്ടിന്‍റെ സമീപ വില്ലേജുകളായ ഇടുക്കി, തങ്കമണി, ഉപ്പുതോട്, കഞ്ഞിക്കുഴി എന്നിവിടങ്ങളിലെ കുടുംബങ്ങളെയാകും ജലപ്രവാഹം കാര്യമായി ബാധിക്കുക. എറണാകുളം ജില്ലയിലെ ആലുവ, ചെങ്ങമനാട് പഞ്ചായത്തിലെ തുരുത്ത്, മുളവുകാട് പഞ്ചായത്ത്, വല്ലാർപാടം എന്നീ പ്രദേശങ്ങളിൽ ജലനിരപ്പ് ക്രമാതീമായി ഉയരാനും സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.