ബസ് യാത്രയിൽ തുടങ്ങിയ പ്രണയം, സൈനികന്റെ വിവാഹാലോചന, ജ്യൂസ് ചലഞ്ച്, വിഷ കഷായം; ഷാരോണിനെ ഇല്ലാതാക്കാനുള്ള ഗ്രീഷ്മയുടെ വിചിത്രവഴികൾ..!
text_fieldsപാറശ്ശാല: സൈനികനുമായി ഉറപ്പിച്ച വിവാഹത്തിന് തടസ്സമാകുമെന്നായതോടെയാണ് ഗ്രീഷ്മ കാമുകൻ ഷാരോണിനെ ഒഴിവാക്കാനുള്ള ശ്രമം ആരംഭിക്കുന്നത്. ആ ശ്രമം ഒടുവിൽ ക്രൂരമായ കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.
ആദ്യ ഭർത്താവ് മരിക്കുമെന്ന് ജോത്സ്യൻ പറഞ്ഞുവെന്ന് ധരിപ്പിച്ചാണ് ഷാരോണിനെ ഒഴിവാക്കാൻ ആദ്യ ശ്രമം നടത്തിയത്. ഇതൊന്നും വകവെക്കാതെ ഷാരോൺ ബന്ധം തുടരാൻ തീരുമാനിച്ചതോടെ ഗ്രീഷ്മയുടെ തന്ത്രം പാളുകയായിരുന്നു.
തുടർന്നാണ് ഷാരോണിനെ വകവരുത്തുക എന്ന ലക്ഷ്യത്തോടെയുള്ള നീക്കം ആരംഭിച്ചത്.
കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ പലതവണ ജ്യൂസിലടക്കം വിഷംകലര്‍ത്തി ജ്യൂസ് ചാലഞ്ച് നടത്തിയെങ്കിലും ഷാരോൺ രക്ഷപ്പെടുകയായിരുന്നു. അമിത അളവിൽ ഗുളികകൾ കലർത്തിയ ജൂസ് കയ്പു കാരണം ഷാരോൺ അന്ന് അതു തുപ്പിക്കളയുകയായിരുന്നു.
ഒടുവിൽ 2022 ഒക്ടോബർ 14 നാണ് കഷായത്തിൽ വിഷം നൽകികൊണ്ട് ഷാരോണിനെ മരണത്തിലേക്ക് തള്ളിവിടുന്നത്. അമ്മയില്ലാത്ത സമയത്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി വിഷം കലർന്ന കഷായവും ജ്യൂസും ഷാരോണിന് നൽകി. ആയുര്‍വേദ മരുന്ന് കുടിച്ചാല്‍ ഒരു തരത്തിലും ജീവൻ അപകത്തിലാവില്ലെന്ന് വിശ്വസിപ്പിച്ചാണ് കുടിപ്പിച്ചത്. വൈകിട്ടോടെ ഛർദിയും ശാരീരികാസ്വാസ്ഥ്യവും ഉണ്ടായതിനെ തുടർന്ന് ഷാരോൺ പാറശ്ശാല ആശുപത്രിയിൽ ചികിത്സ തേടി.
തൊട്ടടുത്ത ദിവസം ആരോഗ്യനില മോശമായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. ഡയാലിസ് ചെയ്യേണ്ട അവസ്ഥയിലേക്ക് എത്തിയപ്പോഴാണ് കഷായം കുടിച്ച കാര്യം ഷാരോൺ തുറന്നുപറയുന്നത്. ഒക്ടോബർ 25ന് ഷാരോൺ മരണത്തിന് കീഴടങ്ങുകയായിരുന്നു. ബന്ധുക്കളുടെ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ക്രൈംബ്രാഞ്ചിന്റെ കേസ് അന്വേഷണത്തിനിടെ ഒക്‌ടോബർ 30ന് ഗ്രീഷ്മ കുറ്റസമ്മതം നടത്തി.
തൊട്ടടുത്ത ദിവസം അറസ്റ്റിലായ ഗ്രീഷ്മ പൊലീസ് സ്‌റ്റേഷന്റെ ശുചിമുറിയിൽ അണുനാശിനി കുടിച്ച് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. ഒരു വർഷം ജയിലിൽ കിടന്ന ശേഷമാണു ജാമ്യം ലഭിച്ചത്.
ഗ്രീഷ്മ നൽകിയ കഷായമാണ് താൻ കുടിച്ചതെന്ന് ഷാരോൺ തിരുവനന്തപുരം ജുഡീഷ്യൽ മജിസ്‌ട്രേറ്റിനു നൽകിയ മരണമൊഴിയാണ് കേസിൽ നിർണായകമായത്. കളനാശിനി കലർത്തിയ കഷായം കുടിച്ചതാണ് മരണകാരണമെന്നു പോസ്റ്റ്‌മോർട്ടത്തിൽ തെളിഞ്ഞിരുന്നു. ഗ്രീഷ്മ ചതിച്ചതായി സുഹൃത്ത് റെജിനോടും മരണത്തിന് രണ്ട് ദിവസം മുൻപ് പിതാവ് ജയരാജിനോടും ഷാരോൺ പറഞ്ഞിരുന്നു. കഴിഞ്ഞ ഒക്ടോബർ 15നു തുടങ്ങിയ വിചാരണ ഈ മാസം മൂന്നിനാണ് അവസാനിച്ചത്. 95 സാക്ഷികളെ വിസ്തരിച്ചു.
തെളിവുകൾ നശിപ്പിക്കാൻ കൂട്ടുനിന്നതിന് ഗ്രീഷ്മയുടെ അമ്മ സിന്ധു ,അമ്മാവൻ നിർമലകുമാരൻ നായർ എന്നിവരാണ് കേസിലെ രണ്ടും മൂന്നും പ്രതികളാക്കുയായിരുന്നു. ഇന്ന് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി വിധിയിൽ ഗ്രീഷ്മയും അമ്മാവനും കുറ്റക്കാരനാണെന്ന് കണ്ടെത്തിയെങ്കിലും തെളിവുകളുടെ അഭാവത്തിൽ അമ്മയെ വെറുതെ വിട്ടു.
ബസ് യാത്രയിൽ തുടങ്ങിയ പ്രണയം
നെയ്യൂര്‍ ക്രിസ്ത്യന്‍ കോളജിലെ വിദ്യാര്‍ഥിയായ ഷാരോണും അഴകിയ മണ്ഡപം മുസ്ലിം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ വിദ്യാര്‍ഥി നിയായ ഗ്രീഷ്മയും ഒരേ ബസിലാണ് യാത്ര ചെയ്തിരുന്നത്. ബസിൽ വെച്ചുണ്ടായ പരിചയമാണ് തീവ്രപ്രണയത്തിലേക്ക് നയിക്കുന്നത്. ഗ്രീഷ്മയോടൊപ്പം അഴകിയ മണ്ഡപത്ത് ഇറങ്ങുന്ന ഷാരോണ്‍ ഗ്രീഷ്മയുമായി ബസ്റ്റാൻഡിൽ ചെലവഴിക്കുമായിരുന്നു. പിന്നീട് ബസ് യാത്ര അവസാനിപ്പിച്ച് ഇരുവരും ബൈക്കിലാണ് പോയിരുന്നത്. ബി.എ.ക്ക് എട്ടാം റാങ്ക് നേടിയ ഗ്രീഷ്മ എം.എ.ക്കു പഠിത്തത്തില്‍ പിന്നിലേക്കു പോയിരുന്നു. ഇതേ ത്തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ പ്രണയം കണ്ടെത്തിയത്. വീട്ടുകാരുടെ ശാസനയിൽ ബന്ധം അവസാനിപ്പിച്ചെന്ന് ഗ്രീഷ്മ വീട്ടുകാരെ ധരിപ്പിച്ചിരുന്നു. ഇവർ ഒരുമിച്ചുള്ള യാത്രകളുടെ ദൃശ്യങ്ങൾ ഷാരോണിന്റെ ഫോണിലുണ്ടായിരുന്നു. കേസന്വേഷണത്തിൽ വഴിത്തിരിവായതും ഈ ദൃശ്യങ്ങളായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.