ഹേമ കമ്മിറ്റി റിപ്പോർട്ട് റിപ്പോർട്ട് പുറത്തുവിടില്ലെന്ന് മന്ത്രി; പുറത്തുവിടണമെന്ന് ഡബ്ല്യു.സി.സി
text_fieldsതിരുവനന്തപുരം: സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച് സമർപ്പിച്ച ഹേമ കമീഷൻ റിപ്പോർട്ട് പുറത്തുവിടണമെന്ന് വിമൻ ഇൻ സിനിമ കലക്ടീവ് (ഡബ്ല്യു.സി.സി). റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതിൽ എതിർപ്പില്ലെന്ന് താരസംഘടനയായ 'അമ്മ'. റിപ്പോർട്ട് പുറത്തുവിടില്ലെന്ന് മന്ത്രിയും. ഹേമ കമീഷൻ റിപ്പോർട്ട് ചർച്ച ചെയ്യാൻ സാംസ്കാരിക മന്ത്രി സജി ചെറിയാൻ വിളിച്ച യോഗത്തിലാണ് ഭിന്നാഭിപ്രായമുയർന്നത്.
യോഗം നിരാശജനകമായിരുന്നെന്ന് ഡബ്ല്യു.സി.സി പ്രതിനിധികളായ നടി പത്മപ്രിയയും ബീനാപോളും പ്രതികരിച്ചു. കമീഷൻ നിർദേശങ്ങളുടെ വിശദാംശങ്ങൾ അറിയാതെ ചർച്ച ഫലപ്രദമാകില്ലെന്ന് ഇരുവരും പറഞ്ഞു. ഹേമ കമീഷൻ റിപ്പോർട്ടിലെ ശിപാർശകളിൽ 90 ശതമാനത്തോടും യോജിക്കുന്നെന്ന് 'അമ്മ' പ്രതിനിധിയായ നടൻ സിദ്ദീഖ് പ്രതികരിച്ചു. പത്ത് ശതമാനത്തിൽ പ്രായോഗിക പ്രശ്നങ്ങളുണ്ട്. കമീഷന്റെ കണ്ടെത്തലുകൾ പുറത്തുവിടുന്നതിൽ 'അമ്മ' സംഘടനക്ക് എതിർപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, ഹേമ കമീഷൻ റിപ്പോർട്ട് പുറത്തുവിട്ടതുകൊണ്ട് എന്ത് ഗുണമെന്നായിരുന്നു സാംസ്കാരിക മന്ത്രി സജി ചെറിയാന്റെ ചോദ്യം. റിപ്പോർട്ട് പുറത്തുവിടേണ്ടെന്ന് ജസ്റ്റിസ് ഹേമ തന്നെ പറഞ്ഞിട്ടുണ്ട്. സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന സഹോദരിമാർക്ക് സുരക്ഷിതത്വം ഉറപ്പുവരുത്താൻ ഒരു നിയമമാണ് ആവശ്യം. ഹേമ കമീഷൻ റിപ്പോർട്ട് പുറത്തുവിട്ടതുകൊണ്ട്, പുറത്തുവിടണമെന്ന് പറയുന്നവർക്ക് എന്തെങ്കിലും ഗുണമുണ്ടാകുമോ. പുറത്തുവിടണമെന്ന് പറയുന്നത് വേറെ ചില കാര്യങ്ങൾ ഉദ്ദേശിച്ചാണ്. റിപ്പോർട്ട് പുറത്തുവിടണോ വേണ്ടയോ എന്ന് സർക്കാർ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
യോഗത്തിൽ സിനിമ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിവിധ സംഘടനകളായ അമ്മ, ഫെഫ്ക, ഡബ്ല്യു.സി.സി, ഫിലിം ചേംബര്, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഉൾപ്പെടെ സംഘടന പ്രതിനിധികൾ പങ്കെടുത്തു. 500 പേജുള്ള റിപ്പോർട്ടാണെന്നും പുറത്തുവിടാനാകില്ലെന്നുമുള്ള നിലപാടിലാണ് സർക്കാർ. ജസ്റ്റിസ് ഹേമയെ ഉൾപ്പെടുത്തി ചർച്ച വേണമെന്നും ഡബ്ല്യു.സി.സി ഭാരവാഹികൾ ആവശ്യപ്പെട്ടു.
സർക്കാറിന്റെ 90 ശതമാനം നിർദേശങ്ങളോടും യോജിക്കുന്നെന്ന് അമ്മ പ്രതിനിധികളായ സിദ്ദീഖും ഇടവേള ബാബുവും ചൂണ്ടിക്കാട്ടി. ചിലത് നടപ്പാക്കാൻ പ്രായോഗിക പ്രശ്നങ്ങളുണ്ട്. തുല്യവേതനം അടക്കം നിർദേശത്തിൽ വ്യക്തതക്കുറവുണ്ടെന്ന് അറിയിച്ച് അതിനെ 'അമ്മ'യടക്കമുള്ള സംഘടനകൾ എതിർത്തു. ഭൂരിപക്ഷം നിർദേശങ്ങളും നടപ്പാക്കുന്നതിൽ തടസ്സമില്ലെന്ന് ഫിലിം ചേംബർ പ്രസിഡന്റ് സുരേഷ്കുമാർ യോഗത്തിനുശേഷം പറഞ്ഞു. റെഗുലേറ്ററി അതോറിറ്റിയെ അംഗീകരിക്കാനാകില്ല. സർക്കാർ കൃത്യമായ നിർദേശങ്ങൾ അവതരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.