കാലാവസ്ഥ ചതിച്ചു; മുഖ്യമന്ത്രിക്ക് ഇറങ്ങാനായില്ല
text_fieldsആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയൻ വരും, ഉറപ്പ് എന്നായിരുന്നു ഉദ്ഘാടന ചടങ്ങ് തുടങ്ങുംവരെ അധികൃതർ പറഞ്ഞുകൊണ്ടിരുന്നത്. മുഖ്യമന്ത്രിയുടെ വരവ് പ്രമാണിച്ച് ഏർപ്പെടുത്തിയത് കടുത്ത സുരക്ഷാ നിയന്ത്രണങ്ങളുമായിരുന്നു.
വഴികളിലെല്ലാം വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി. പവിലിയനുകളിലേക്ക് ആൾക്കാരെ പ്രവേശിപ്പിക്കുന്നതിനും കടുത്ത സുരക്ഷാ പരിശോധനയുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ മകളുമായി ബന്ധപ്പെട്ട ആരോപണങ്ങൾ നിലനിൽക്കുന്നതിനാൽ പ്രതിഷേധം ഉയരുമെന്ന് കണ്ടാണ് കനത്ത സുരക്ഷ ഏർപ്പെടുത്തിയത്.
കഴിഞ്ഞ തവണയും മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും എത്തിയിരുന്നില്ല. അതിനാൽ ഇത്തവണ അദ്ദേഹം എത്തുമെന്ന് പറഞ്ഞപ്പോഴെ മിക്കവരും സംശയം പ്രകടിപ്പിച്ചിരുന്നു.
ഉദ്ഘാടന ചടങ്ങ് നടന്ന നെഹ്റു പവിലിയനിൽ മാധ്യമ പ്രവർത്തകർക്കും കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയത്. ഒരു റിപ്പോർട്ടർക്കും കാമറ/ ഫോട്ടോഗ്രാഫർക്കും മാത്രമാണ് പ്രവേശനം അനുവദിച്ചത്. ഫിനിഷിങ് പോയന്റിൽ രണ്ടുപേരെ വീതം മാത്രമാണ് അനുവദിച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്നുള്ള നിർദേശമാണെന്നാണ് അധികൃതർ അറിയിച്ചത്.
പി.പി. ചിത്തരഞ്ചൻ എം.എൽ.എ അത് ശരിവെക്കുകയും ചെയ്തു. ഇരു പവിലിയനിലും പൊലീസിന്റെ വലിയ പടതന്നെ നിലയുറപ്പിച്ചു. നഗരത്തിലാകെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത് ജനത്തെ വലക്കുകയും ചെയ്തു.
ഉദ്ഘാടന ചടങ്ങിൽ സ്വാഗതം പറഞ്ഞ കലക്ടർ ഹരിത വി. കുമാറാണ് മുഖ്യമന്ത്രി എത്തില്ല എന്ന് അറിയിച്ചത്.
അദ്ദേഹം മന്ത്രി മുഹമ്മദ് റിയാസുമൊത്ത് ഹെലികോപ്ടറിൽ ആലപ്പുഴക്ക് തിരിച്ചിരുന്നുവെന്നും ആലപ്പുഴയിൽ എത്തിയെങ്കിലും കനത്ത മഴമൂലം ഹെലികോപ്ടർ സുരക്ഷിതമായി ലാൻഡ് ചെയ്യാൻ കഴിയില്ലെന്ന് പൈലറ്റ് അറിയിച്ചതിനാൽ മടങ്ങേണ്ടി വന്നുവെന്നും കലക്ടർ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.