സംസ്ഥാനത്ത് ആർ.എസ്.എസ് ഭീകരത ശക്തിപ്പെടുന്നുവെന്ന് വെൽഫെയർ പാർട്ടി
text_fieldsതിരുവനന്തപുരം: തലശ്ശേരിയിലെ ന്യൂ മാഹിയിൽ സി.പി.എം പ്രവർത്തകനെ വെട്ടി കൊലപ്പെടുത്തിയ സംഭവം കേരളത്തിൽ ആർ.എസ്.എസ് ഭീകരത കൂടുതൽ ശക്തിപ്പെടുകയാണെന്നതിന്‍റെ തെളിവാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. ഗുണ്ടാ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിച്ച് സംസ്ഥാനത്ത് കലാപത്തിന് ശ്രമിക്കുകയാണ് ആർ.എസ്.എസ്.
ക്രമസമാധാന അന്തരീക്ഷം തകർക്കുന്ന തരത്തിൽ ഗുണ്ടാ വിളയാട്ടം വർധിച്ചുവരുകയാണ്. രാഷ്ട്രീയ കൊലപാതകങ്ങളിലൂടെ ക്രിമിനലുകൾ സംസ്ഥാനത്ത് ഭീതി ജനിപ്പിച്ചുകൊണ്ട് യഥേഷ്ടം പ്രവർത്തിക്കുമ്പോഴും പൊലീസ് മൗനം പാലിക്കുകയാണ്. ആർ.എസ്.എസ് പ്രവർത്തകർ പ്രതികളായി വരുന്ന കേസുകൾ അന്വേഷിക്കാനോ പ്രതികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരാനോ പൊലീസും ആഭ്യന്തര വകുപ്പും താല്പര്യപ്പെടുന്നില്ല. പൊലീസി ന്‍റെ ഇത്തരം നിസ്സംഗത സംസ്ഥാനത്ത് ഗുണ്ടാ രാഷ്ട്രീയത്തെ കൂടുതൽ ശക്തിപെടുത്തുകയാണ് ചെയ്യുന്നത്.
ആർ.എസ്.എസ് ശാഖകൾ കേന്ദ്രീകരിച്ചു ആയുധ ശേഖരണം നടത്തി സംസ്ഥാനത്ത് കലാപത്തിനുള്ള കോപ്പു കൂട്ടുകയാണ് സംഘ്പരിവാർ. കഴിഞ്ഞ ദിവസം വടകര കേന്ദ്രീകരച്ച് ആർ.എസ്.എസ് നടത്തിയ ബോംബ് നിർമ്മാണത്തിനിടെ പ്രവർത്തകന്‍റെ കൈപ്പത്തി അറ്റുപോയ സംഭവം ഇതിന്‍റെ അവസാനത്തെ ഉദാഹരണമാണ്.
കൊലപാതക രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടിൽ നിന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളും പിൻവാങ്ങണം. കൊലക്കത്തി താഴെ വയ്ക്കാനും ഗുണ്ടകളെ സംരക്ഷിക്കുന്ന സമീപനം അവസാനിപ്പിക്കാനും തയ്യാറാകണം. തലശ്ശേരിയിൽ നടന്ന കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ഉടൻ അറസ്റ്റ് ചെയ്യാനും നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കാനും ഭരണകൂടം തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.