വയനാട് ഉരുൾപൊട്ടലിന്റെ കാരണം കണ്ടെത്താൻ ജനകീയ ശാസ്ത്ര പഠനസംഘത്തെ നിയോഗിച്ച് പശ്ചിമഘട്ട സംരക്ഷണ സമിതി
text_fieldsകോഴിക്കോട്: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ പശ്ചിമഘട്ട പ്രദേശങ്ങളിലെ പ്രകൃതി ദുരന്തങ്ങളുടെ കാരണങ്ങൾ കണ്ടെത്താൻ പശ്ചിമഘട്ട സംരക്ഷണ സമിതി ജനകീയ ശാസ്ത്ര പഠന സംഘത്തെ നിയോഗിച്ചു.സാമ്പത്തിക ശാസ്ത്രജ്ഞ ഡോ.മേരി ജോർജ്ജ്, ജിയോളജിസ്റ്റും നാഷണൽ സെന്റർ ഫോർ അഡ്വാൻസ് സ്റ്റഡീസിലെ പ്രഫ. സി.പി.രാജേന്ദ്രൻ , കേരള വന ഗവേഷണ കേന്ദ്രത്തിലെ ചീഫ് സയന്റിസ്റ്റ് ഡോ.ടി.വി. സജീവ്, യു.എൻ.ഇ.പിയിൽ റിസ്‌ക് അനലിസ്റ്റ് കൺസൾട്ടന്റായിരുന്ന സാഗർ ധാര, കുസാറ്റ് അഡ്വാൻസ്ഡ് റഡാർ റിസർച്ച് സെന്ററിലെ ശാസ്ത്രജ്ഞനും ക്ലൈമറ്റോളജിസ്റ്റുമായ ഡോ.എസ് അഭിലാഷ്, തദ്ദേശീയ നെൽവിത്തിനങ്ങളുടെ സംരക്ഷകനായ പരമ്പരാഗത കർഷകൻ ചെറുവയൽ രാമൻ, കാർഷിക ശാസ്ത്രജ്ഞനായ ഡോ.എൻ. അനിൽ കുമാർ, സസ്യശാസ്ത്ര വിദഗ്ധൻ ഡോ. പ്രകാശ് സി ഝാ(എൻവയോൺമെന്റ് എൻജിനിയറിങ് ), സസ്റ്റൈനബിലിറ്റി എക്‌സ്‌പേർട്ട് ഡോ. ശ്രീകുമാർ , പൊതുജനാരോഗ്യ പ്രവർത്തകനായ ഡോ. ജി.ആർ. സന്തോഷ് കുമാർ , ഡോ. സ്മിത പി. കുമാർ (ബോട്ടണിസ്റ്റ്), സി.കെ. വിഷ്ണുദാസ് (ഹ്യൂം സെന്റർ ഫോർ ഇക്കോളജി) തുടങ്ങിയവരാണ് ജനകീയ ശാസ്ത്ര സമിതി അംഗങ്ങൾ.
തൃശൂർ ആസ്ഥാനമായുള്ള ട്രാൻസിഷൻ സ്റ്റഡീസ് കേരളയുമായി ചേർന്നാണ് വിവിധ മേഖലകളിലെ വിദഗ്ധർ ഉൾപ്പെടുന്ന പഠന സംഘത്തെ പശ്ചിമഘട്ട സംരക്ഷണ സമിതി ചുമതലപ്പെടുത്തിയത്.ദുരന്ത പൂർവ്വ ഘട്ടങ്ങളിലെ തയാറെടുപ്പുകൾ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ സംബന്ധിച്ച് സംസ്ഥാന സർക്കാരുകൾക്ക് നിർദേശങ്ങൾ സമർപ്പിക്കുന്നതിനും ഉദ്ദേശിച്ചാണ് പഠനം.
പാരിസ്ഥിതിക ദുർബലപ്രദേശമായ പശ്ചിമഘട്ടത്തെ, അതിതീവ്ര കാലാവസ്ഥാ വ്യതിയാനങ്ങൾ കൂടുതൽ അപകട സാധ്യതാമേഖലയായി മാറ്റിയിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ ഉരുൾപൊട്ടൽ ഉൾപ്പെടെയുള്ള ദുരന്തങ്ങൾ മുൻകൂട്ടി മനസിലാക്കി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനുള്ള നടപടികൾ ആവശ്യമാണ്. കേരളത്തിൽ ആവർത്തിച്ചുകൊണ്ടിരിക്കുന്ന പ്രകൃതി ദുരന്തങ്ങൾക്ക് കാരണമായ വിവേചനരഹിതമായ വികസന പ്രവർത്തനങ്ങൾ വിലയിരുത്തപ്പെടാനും വേണ്ടിയാണ് ശ്രമിക്കുന്നതെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി അംഗങ്ങളായ വർഗീസ് വട്ടേക്കാട്, എം. കെ. രാമദാസ് എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.