കണ്ണൂർ ഉളിക്കലിനെ മുൾമുനയിൽ നിർത്തിയ കാട്ടാന കാടുകയറി; മടങ്ങിയത് കർണാടക വനത്തിലേക്ക്
text_fieldsഇരിട്ടി (കണ്ണൂർ): മലയോര മേഖലയായ ഉളിക്കലിലെ ജനവാസമേഖലയെ വിറപ്പിച്ച കാട്ടാന കാടുകയറി. കർണാടക വനത്തിലേക്ക് തന്നെയാണ് മടങ്ങിപ്പോയത്. രാവിലെ വനപാലകരും നാട്ടുകാരും നടത്തിയ പരിശോധനയിലാണ് ആന വനത്തിലേക്ക് മടങ്ങിയതായി സ്ഥിരീകരിച്ചത്.
ബുധനാഴ്ച പുലർച്ചെയാണ് ഉളിക്കൽ ടൗണിനു സമീപം കാട്ടാനയിറങ്ങി നാടിനെ മുൾമുനയിൽ നിർത്തിയത്. ഭയന്നോടിയ ആറു പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നീണ്ട മണിക്കൂറുകളായി വനപാലകർ കാട്ടാനയെ തുരത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചിട്ടില്ല. ആദ്യമായാണ് ഉളിക്കൽ ടൗണിൽ കാട്ടാനയിറങ്ങുന്നത്.
കർണാടക വനത്തിൽ നിന്ന് വഴിതെറ്റിയാണ് കാട്ടാന ഉളിക്കൽ ടൗണിൽ എത്തിയതെന്നാണ് പ്രാഥമിക നിഗമനം. പടക്കം പൊട്ടിച്ചിട്ടും കുലുങ്ങാത്ത കാട്ടാന ഉളിക്കൽ ടൗണിലെ ജനങ്ങളെ ഭീതിയിലാക്കി. പടക്കംപൊട്ടിച്ചതിനെ തുടർന്ന് ടൗണിൽ നിന്നു പോയ ആന വീണ്ടും തിരിച്ചെത്തുകയായിരുന്നു. ടൗണിൽനിന്ന് 800 മീറ്റർ അകലെ ഉളിക്കൽ ക്രിസ്ത്യൻ പള്ളിക്കു സമീപത്തെ കൃഷിയിടത്തിൽ മണിക്കൂറുകളോളമാണ് കൊമ്പൻ നിലയുറപ്പിച്ചത്.
ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാന വീടിന്റെ വേലി പൊളിച്ചു. എന്നാൽ, വലിയ അക്രമങ്ങളൊന്നും കൊമ്പനിൽ നിന്നുണ്ടായില്ല. വനം വകുപ്പും പഞ്ചായത്തും ചേർന്ന് ഉളിക്കൽ ടൗൺ ഒഴിപ്പിച്ചാണ് കൊമ്പനെ വനത്തിലേക്ക് തുരത്താൻ നടപടി ആരംഭിച്ചത്. വയത്തൂർ വില്ലേജിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകിയിരുന്നു. ആന കടന്നുവരാൻ സാധ്യതയുള്ള ഉളിക്കൽ കോളിത്തട്ട് റോഡും വള്ളിത്തോട് റോഡും പൊലീസ് ബാരിക്കേഡ് വെച്ച് അടച്ചു.
മയക്കുവെടി വെക്കുന്നത് പ്രായോഗികമല്ലാത്തതിനാൽ ആനയെ തുരത്താനുള്ള ശ്രമമാണ് വനം വകുപ്പ് രാത്രിയും തുടർന്നത്. ഉന്നത പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് തമ്പടിച്ചാണ് തുരത്തൽ ഏകോപിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.