'പപ്പാ നിങ്ങൾ പറഞ്ഞതായിരുന്നു ശരി'; ഭർത്താവിനും സി.ഐക്കുമെതിരെ കുറിപ്പെഴുതി യുവതി ജീവനൊടുക്കി; ആത്മഹത്യ കുറിപ്പ് പുറത്ത്
text_fieldsആലുവ: ഭർതൃവീട്ടുകാർ പീഡിപ്പിച്ചെന്നും ആലുവ സി.ഐ മോശമായി പെരുമാറിയെന്നും ആരോപിച്ച് നിയമ വിദ്യാർഥിനി തൂങ്ങിമരിച്ചു. ആലുവ എടയപ്പുറം ടൗൺഷിപ് റോഡിൽ കക്കാട്ടിൽ 'പ്യാരിവില്ല'യിൽ ദിൽഷാദിെൻറ മകൾ മൂഫിയ പർവീനാണ് (21) മരിച്ചത്. തിങ്കളാഴ്ച ഉച്ചക്കുശേഷം മുറിയിൽ കയറിയ യുവതി മൂന്നരയായിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് വീട്ടുകാർ ജനൽ ചില്ല് പൊട്ടിച്ച് നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. ഭർതൃപീഡന പരാതിയിൽ പൊലീസ് സ്റ്റേഷനിൽ അനുരഞ്ജന ചർച്ച നടന്നിരുന്നു. ഇതിനുശേഷം വീട്ടിലെത്തി സി.ഐക്കെതിരെ കത്ത് എഴുതിെവച്ചാണ് തൂങ്ങിമരിച്ചത്. ചൊവ്വാഴ്ച കളമശ്ശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
കോതമംഗലം സ്വദേശി സുഹൈലുമായി ഏപ്രിൽ മൂന്നിനായിരുന്നു നിക്കാഹ്. നിക്കാഹിെൻറ ഭാഗമായുള്ള വിരുന്ന് കോവിഡ് ഇളവിനെ തുടർന്ന് ഡിസംബറിൽ നടത്താനിരിക്കുകയായിരുന്നു. ഇതിനിടെ സ്ത്രീധന തർക്കത്തെ തുടർന്ന് ഭർത്താവും ഭർതൃമാതാവും പീഡിപ്പിച്ചെന്ന് ആരോപിച്ച് യുവതി മൂന്ന് മാസമായി സ്വന്തം വീട്ടിലായിരുന്നു. ഭർതൃപീഡനം ആരോപിച്ച് ആലുവ പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകി. സി.ഐ സി.എൽ. സുധീറിെൻറ സാന്നിധ്യത്തിൽ ഇരുവരെയും തിങ്കളാഴ്ച രാവിലെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഇവിടെെവച്ച് സി.ഐ മോശമായി പെരുമാറിയതായി ആത്മഹത്യക്കുറിപ്പിലുണ്ട്. ഒക്ടോബർ 28ന് കോതമംഗലത്തെ മഹല്ലിൽ മുത്തലാഖ് ചൊല്ലുന്നതിന് സുഹൈൽ കത്ത് നൽകിയിരുന്നു. ഇതിന് യുവതിയും വീട്ടുകാരും വിസമ്മതിച്ചതും പീഡന കാരണമായെന്നും പറയുന്നു.
തൊടുപുഴ അൽ അസ്ഹർ ലോ കോളജിൽ മൂന്നാം വർഷ നിയമവിദ്യാർഥിനിയാണ് യുവതി. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇരുവരും വീട്ടുകാരുമായി ആലോചിച്ചാണ് വിവാഹിതരായത്. ബിരുദാനന്തര ബിരുദധാരിയാണ് സുഹൈൽ. നിക്കാഹ് സമയത്ത് സുഹൈലോ വീട്ടുകാരോ സ്ത്രീധനം ആവശ്യപ്പെട്ടിരുന്നില്ല. എന്നാൽ, പിന്നീട് പണം ആവശ്യപ്പെട്ട് പീഡിപ്പിച്ചിരുന്നതായി യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു. ഫാരിഷയാണ് മാതാവ്. സഹോദരൻ മിൻ ഖാൻ.
'പപ്പാ, സോറി; നിങ്ങൾ പറഞ്ഞതാണ് ശരി'
ആലുവ: ചുരുങ്ങിയ നാളിൽ താൻ അനുഭവിച്ച വേദനകൾ കുറിച്ചിട്ടതായിരുന്നു മൂഫിയ പർവീെൻറ ആത്മഹത്യക്കുറിപ്പ്. ജീവിതപങ്കാളിയെ കണ്ടെത്തിയതിൽ വീഴ്ച സംഭവിച്ചതായി യുവതി പറയുന്നു. ഭർത്താവിനെ ഏറെ സ്നേഹിച്ചതായി പറയുന്ന മൂഫിയ, അതുതന്നെയാണ് താൻ ചെയ്ത തെറ്റെന്നും വിലപിക്കുന്നു. ഭർത്താവിെൻറയും ബന്ധുക്കളുടെയും പീഡനം ചൂണ്ടിക്കാട്ടുന്നതിനൊപ്പം നീതിക്ക് സമീപിച്ച പൊലീസ് ഉദ്യോഗസ്ഥനിൽനിന്ന് അപമാനം ഏൽക്കേണ്ടിവന്നതായും കുറിപ്പിൽ ആരോപിച്ചു.
കുറിപ്പ് ഇങ്ങനെ: 'പപ്പാ, സോറി. നിങ്ങൾ പറഞ്ഞതായിരുന്നു ശരി. അവൻ ശരിയല്ല. പറ്റുന്നില്ല ഇവിടെ ജീവിക്കാൻ. ഞാൻ ഈ ലോകത്ത് ആെരക്കാളും സ്നേഹിച്ചയാൾ എന്നെപ്പറ്റി ഇങ്ങനെ പറയുന്നത് കേൾക്കാനുള്ള ശക്തിയില്ല. അവൻ അനുഭവിക്കും. എന്തായാലും പപ്പ സന്തോഷത്തോടെ ജീവിക്ക്. എെൻറ റൂഹ് ഇവിടെതന്നെയുണ്ടാകും. ഞാൻ അവനെ അത്രമേൽ സ്നേഹിച്ചതാണ് ഞാൻ ചെയ്ത തെറ്റ്. പടച്ചോനും അവനും എനിക്കും അറിയാവുന്ന കാര്യമാണത്.
നീ (ഭർത്താവ്) എന്താണ് എന്നോട് ഇങ്ങനെ ചെയ്യുന്നതെന്ന് മാത്രം മനസ്സിലാകുന്നില്ല. ഞാൻ എന്ത് തെറ്റാണ് നിങ്ങളോട് ചെയ്തത്. നിങ്ങളെ ഞാൻ സ്നേഹിക്കാൻ പാടില്ലായിരുന്നു. ഞാൻ മരിച്ചാൽ അവൻ എന്തൊക്കെ പറഞ്ഞുണ്ടാക്കുമെന്ന് അറിയില്ല. അവൻ എന്നെ മാനസികരോഗിയാക്കിക്കഴിഞ്ഞു. ഇനി ഞാൻ എന്തുചെയ്താലും മാനസിക പ്രശ്നമെന്നേ പറയൂ. എനിക്ക് ഇനി ഇത് കേട്ടുനിൽക്കാൻ വയ്യ. ഞാൻ ഒരുപാടായി സഹിക്കുന്നു. സി.ഐക്കെതിരെ നടപടിയെടുക്കണം. സുഹൈലും മാതാവും പിതാവും ക്രിമിനലുകളാണ്. അവർക്ക് പരമാവധി ശിക്ഷ കൊടുക്കണം. എെൻറ അവസാനത്തെ ആഗ്രഹം'.
സ്റ്റേഷൻ ചുമതല; സി.െഎയെ മാറ്റി
കൊച്ചി: ആലുവയിൽ ഭർതൃപീഡനത്തെ തുടർന്ന് ആത്മഹത്യചെയ്ത യുവതി മൂഫിയ പർവീണിെൻറ ആത്മഹത്യക്കുറിപ്പിൽ പരാമർശിക്കപ്പെട്ട സി.ഐ സി.എൽ. സുധീർ ഉത്ര കൊലപാതകക്കേസിൽ ആരോപണം നേരിട്ട ഉദ്യോഗസ്ഥൻ. കൊല്ലത്ത് ഉത്രയെ ഭർതൃവീട്ടിൽ പാമ്പുകടിപ്പിച്ച് കൊന്ന കേസിെൻറ അന്വേഷണ തുടക്കത്തിൽ തെളിവുകൾ ശേഖരിക്കുന്നതിൽ ഇയാൾ വീഴ്ചവരുത്തിയെന്ന് കൊല്ലം റൂറൽ എസ്.പി ഡി.ജി.പിക്ക് റിപ്പോർട്ട് നൽകിയിരുന്നു. തുടർന്ന് അഞ്ചലിൽനിന്ന് ഇയാളെ ആലുവയിലേക്ക് മാറ്റി.
മൂഫിയയുടെ ആത്മഹത്യയെ തുടർന്ന് സി.ഐയെ ആലുവ ഈസ്റ്റ് സ്റ്റേഷൻ ചുമതലകളിൽനിന്ന് മാറ്റി. ആത്മഹത്യ ക്കുറിപ്പിൽ ഇയാളുടെ പേര് പരാമർശിച്ചതിനെ തുടർന്നാണ് നടപടി. ഡിവൈ.എസ്.പിക്കാണ് അന്വേഷണച്ചുമതല.
ഉത്ര കൊലക്കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സുധീർ ഉത്രയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ ആദ്യം നടപടിയെടുത്തില്ലെന്ന് ആരോപണം ഉയർന്നിരുന്നു. സുധീറിെൻറ അന്വേഷണ വീഴ്ചയെക്കുറിച്ചുള്ള പൊലീസിെൻറ ആഭ്യന്തര അന്വേഷണം ഈ മാസം 19നാണ് പൂർത്തിയായത്. അതിന് മുമ്പ് അഞ്ചൽ ഇടമുളക്കലിൽ മരിച്ച ദമ്പതിമാരുടെ ഇൻക്വസ്റ്റ് റിപ്പോർട്ട് ഒപ്പിടാൻ സ്വന്തം വീട്ടിലേക്ക് മൃതദേഹം എത്തിച്ച വിവാദത്തിലും സുധീറിനെതിരെ ആഭ്യന്തര അന്വേഷണം നടന്നിട്ടുണ്ട്. 2020 ജൂണിലായിരുന്നു ഈ കേസ്.
യുവതി പ്രശ്നക്കാരി –സി.ഐ
ആലുവ: ഇരുവിഭാഗത്തെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി നടത്തിയ അനുരഞ്ജന ചർച്ചക്കിടെ യുവതിയോട് മോശമായി പെരുമാറിയിട്ടില്ലെന്ന് ആലുവ സി.ഐ സി.എൽ. സുധീർ. യുവതിയാണ് പ്രശ്നമുണ്ടാക്കിയത്. യുവതിയുടെ കുടുംബത്തിെൻറ ഭാഗം കേട്ട ശേഷം ഭർത്താവിെൻറ വിശദീകരണം കേൾക്കുന്നതിനിടെ യുവതി യുവാവിെൻറ കരണത്തടിച്ചു. തുടർന്ന്, ഇത്തരം സംഭവം ആവർത്തിക്കരുതെന്നും തെറ്റായ പ്രവൃത്തിയാണെന്നും പറഞ്ഞു. ഇതിനിടെ മോശമായ ഒരു സംസാരവും ഉണ്ടായില്ല. കോടതിയിൽ റിപ്പോർട്ട് നൽകിയതായും സി.ഐ പറഞ്ഞു.
ഡിവൈ.എസ്.പി അന്വേഷിക്കും
ആലുവ: യുവതി ആത്മഹത്യ ചെയ്ത സംഭവം ഡിവൈ.എസ്.പി അന്വേഷിക്കുമെന്ന് ജില്ല പൊലീസ് മേധാവി കെ. കാർത്തിക് അറിയിച്ചു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. സ്റ്റേഷൻ ചുമതലയുള്ള സി.ഐ സി.എൽ. സുധീറിനെ ചുമതലകളിൽനിന്ന് താൽക്കാലികമായി മാറ്റിയതായി അദ്ദേഹം പറഞ്ഞു.
ദാരുണ സംഭവമെന്ന് വനിത കമീഷൻ
കൊച്ചി: ആലുവയിൽ ഭർതൃപീഡനം മൂലം അഭിഭാഷക വിദ്യാർഥിനി ആത്മഹത്യ ചെയ്തത് ദാരുണ സംഭവമാണെന്ന് വനിത കമീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി. നീതിരഹിത സമീപനം പൊലീസ് സ്റ്റേഷനിൽനിന്ന് ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കും. ഇത് സംബന്ധിച്ച് അന്വേഷണത്തിന് ഡിവൈ.എസ്പിക്ക് നിർദേശം നൽകി. റിപ്പോർട്ട് ലഭിച്ചതിനുശേഷം തുടർനടപടി സ്വീകരിക്കുമെന്നും അവർ പറഞ്ഞു. മൂഫിയ പർവീണിെൻറ വസതി സംസ്ഥാന വനിത കമീഷൻ സന്ദർശിച്ചു. ചെയർപേഴ്സൻ അഡ്വ. പി. സതീദേവി, അംഗം അഡ്വ. ഷാജി ശിവജി എന്നിവരാണ് വീട്ടിലെത്തിയത്. മാതാപിതാക്കളിൽനിന്ന് അവർ വിവരങ്ങൾ ശേഖരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.