യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി, കൂടെ താമസിച്ചിരുന്നയാൾക്കായി അന്വേഷണം ഊർജിതം
text_fieldsപുതുനഗരം (പാലക്കാട്): പെരുവെമ്പിൽ ചെമ്മണാമ്പതി സ്വദേശിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. മുതലമട ചെമ്മണാംപതി വടക്കേ കോളനിയിൽ ജാൻ ബീവിയാണ് (40) മരിച്ചത്. ഇവരുടെ കൂടെ താമസിച്ചിരുന്ന പല്ലശ്ശന അണ്ണക്കോട് സ്വദേശി അയ്യപ്പൻ എന്ന ബഷീറിനെതിരെ പൊലീസ് അന്വേഷണം ഊർജിതമാക്കി. ചോറക്കോട് കനാലിനടുത്ത് മന്ദത്തുകാവ് റോഡരികിലാണ് മൃതദേഹം കണ്ടത്.
തലയിലും കഴുത്തിലും കൈയിലും വെട്ടിപ്പരിക്കേൽപിച്ച പാടുകളുണ്ട്. പെരുവെമ്പ് പ്രദേശത്ത് പറമ്പുകളിലും നെൽപാടങ്ങളിലും തൊഴിലെടുത്ത് കഴിയുകയായിരുന്ന ഇരുവരും നേരത്തേ പ്രദേശത്തെ സ്വകാര്യവ്യക്തിയുടെ പറമ്പിൽ ഷെഡ് നിർമിച്ചായിരുന്നു താമസമെന്ന് ആലത്തൂർ ഡിവൈ.എസ്.പി ദേവസ്യ പറഞ്ഞു. അയ്യപ്പന് ആദ്യ വിവാഹത്തിൽ രണ്ട് മക്കളുണ്ട്.
ആദ്യഭാര്യ മരിച്ചതാണ്. വെള്ളിയാഴ്ച രാത്രി 8.45ന് ഇരുവരെയും റോഡരികിൽ കണ്ടിരുന്നതായി നാട്ടുകാർ പറഞ്ഞു. ജില്ല പൊലീസ് സൂപ്രണ്ട് വിശ്വനാഥിന്‍റെ നേതൃത്വത്തിൽ ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവരെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് കഴിഞ്ഞ് തൃശൂർ മെഡിക്കൽ കോളജിലേക്ക് പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോയി.
പാലക്കാട് സൗത്ത് ഇൻസ്പെക്ടർക്കാണ് അന്വേഷണ ചുമതല. പരേതരായ ബാബു- സാറാമ്മ ദമ്പതികളുടെ മകളാണ് ജാൻ ബീവി. മകൾ: നിധിഷ. മരുമകൻ: റിയാസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.