വനിത കമീഷൻ സ്ത്രീശക്തി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
text_fieldsഡോ. കെ. ഓമനക്കുട്ടി, വി.ജെ. ജോഷിത, സോഫിയ ബീവി, കെ.വി.റാബിയ, പ്രഫ. പി. ഭാനുമതി, എസ്സുഹ, ധനുജ കുമാരി, സതി
കൊടക്കാട്, ലക്ഷ്മി
കൊച്ചി: അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് കേരള വനിത കമീഷൻ പ്രഥമ സ്ത്രീശക്തി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പത്മശ്രീ അവാർഡ് ജേതാവായ സംഗീതജ്ഞ ഡോ. കെ. ഓമനക്കുട്ടി, വനിത ലോകകപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ അംഗം വി.ജെ. ജോഷിത, കാൻസർ അതിജീവിതയും വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ ജേതാവുമായ ജയിൽ സൂപ്രണ്ട് സോഫിയ ബീവി, 2022ൽ പത്മശ്രീ അവാർഡ് ലഭിച്ച സാക്ഷരത പ്രവർത്തകയായ മലപ്പുറത്തെ കെ.വി. റാബിയ, ഭിന്നശേഷിക്കാർക്കായി തൃശൂരിൽ സ്ഥാപനം നടത്തുന്ന പ്രഫ. പി. ഭാനുമതി, ഇടുക്കി ജില്ലയിൽ അന്യംനിന്നുപോയ കിഴങ്ങുവർഗങ്ങളുടെ പരിരക്ഷകയായ കർഷകലക്ഷ്മി ഊഞ്ഞാംപാറക്കുടി, ചെങ്കൽചൂളയിലെ സാഹിത്യകാരി ധനുജ കുമാരി, മസ്കുലർ ഡിസ്ട്രോഫി ബാധിതയായ സാഹിത്യകാരി സതി കൊടക്കാട്, ജീവിതസാഹചര്യങ്ങൾ തരണം ചെയ്യാൻ മരംവെട്ട് ഉപജീവനമാർഗമാക്കിയ പാലക്കാട് സ്വദേശി എസ്. സുഹദ എന്നിവർക്കാണ് പുരസ്കാരം നൽകുന്നത്. 10,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
മികച്ച പ്രകടനം കാഴ്ചവെച്ച ജാഗ്രത സമിതികൾക്കുള്ള പുരസ്കാരങ്ങളും പ്രഖ്യാപിച്ചു. ഈ വിഭാഗത്തിൽ മികച്ച ജില്ല പഞ്ചായത്തും കോർപറേഷനും തിരുവനന്തപുരമാണ്. മികച്ച നഗരസഭയായി കോഴിക്കോട്ടെ കൊയിലാണ്ടിയും ഗ്രാമപഞ്ചായത്തിൽ വയനാട് മീനങ്ങാടി, കോഴിക്കോട് ഒളവണ്ണ, മലപ്പുറം വഴിക്കടവ് എന്നിവയുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് ഓരോ വിഭാഗത്തിനും നൽകുന്നത്.
മാധ്യമപുരസ്കാരങ്ങളിൽ മലയാളം അച്ചടിമാധ്യമം വിഭാഗത്തിൽ മികച്ച റിപ്പോർട്ടർ എ.യു. അമൃത (മാതൃഭൂമി), മികച്ച ഫീച്ചർ ജിബീഷ് വൈലിപ്പാട്ട് (മലയാള മനോരമ), പ്രത്യേക ജൂറി പരാമർശം നീനു മോഹൻ (മാതൃഭൂമി), മികച്ച ഫോട്ടോഗ്രാഫർ എൻ.ആർ. സുധർമദാസ് (കേരള കൗമുദി) എന്നിവർ നേടി. ദൃശ്യമാധ്യമ വിഭാഗത്തിൽ മികച്ച റിപ്പോർട്ടർ സി. സമീർ (24 ന്യൂസ്), മികച്ച ഫീച്ചർ ഫൗസിയ മുസ്തഫ (ന്യൂസ് മലയാളം 24x7), മികച്ച വിഡിയോഗ്രാഫർ പ്രവീൺ ധർമശാല (24 ന്യൂസ്) എന്നിവർക്കാണ് പുരസ്കാരം. 20,000 രൂപയും ശിൽപവും പ്രശസ്തിപത്രവുമാണ് ഈ വിഭാഗത്തിൽ നൽകുന്നത്.
വനിത ദിനമായ മാർച്ച് എട്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരങ്ങൾ സമർപ്പിക്കുമെന്ന് വനിത കമീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.