ഗോത്രമേഖലയില്‍ മദ്യപാനശീലവും പുകയില ഉപയോഗവും കുറക്കാനുള്ള ബോധവല്‍ക്കരണം അനിവാര്യമെന്ന് വനിതാ കമീഷന്‍
text_fieldsകോഴിക്കോട് : വാണിമേല്‍ പഞ്ചായത്തിലെ ഗോത്രമേഖലാ നിവാസികളുടെ ഇടയില്‍ മദ്യപാനശീലവും പുകയില ഉപയോഗവും കുറക്കാനുള്ള ബോധവല്‍ക്കരണം അനിവാര്യമെന്ന് വനിതാ കമീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി. കോഴിക്കോട് ജില്ലാതല പട്ടികവര്‍ഗ മേഖലാ ക്യാമ്പിന്റെ ഭാഗമായി വനിതാ കമീഷന്‍ അംഗങ്ങളായ അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, വി.ആര്‍. മഹിളാമണി, അഡ്വ. പി. കുഞ്ഞായിഷ എന്നിവര്‍ക്കൊപ്പം വാണിമേല്‍ ഗ്രാമപഞ്ചായത്തിലെ വാളാംതോട്, അടുപ്പില്‍, മാടാഞ്ചേരി കോളനികള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു കമീഷന്‍ അധ്യക്ഷ.
മദ്യപാനത്തിന്റെയും പുകയില ഉത്പന്നങ്ങളുടെയും ഉപയോഗം മൂലം വളരെ ശോഷിച്ച ആരോഗ്യമുള്ള ചിലരെ കാണാന്‍ കഴിഞ്ഞു. മദ്യത്തിന്റെ വ്യാപനം വളരെ കൂടുതലാണെന്ന് കോളനി നിവാസികളായ സഹോദരിമാര്‍ പറഞ്ഞു. പുരുഷന്മാര്‍ മദ്യപിച്ചു വന്ന് വീടുകളില്‍ വഴക്കുണ്ടാക്കുന്നത് പതിവാണെന്നും ഇവര്‍ പറഞ്ഞു. സ്ത്രീകളും പുരുഷന്മാരും പതിവായി പുകയില ഉപയോഗിച്ചു മുറുക്കുന്നതായി കണ്ടു. പുകയില ഉപയോഗിക്കുന്നതു തെറ്റാണെന്ന് ബോധ്യമുണ്ടെങ്കിലും ഇത് ആരോഗ്യത്തെ എത്രമാത്രം ദോഷകരമായി ബാധിക്കും എന്ന തിരിച്ചറിവ് അവര്‍ക്ക് ഉണ്ടായിട്ടില്ല.
കിടപ്പുരോഗികളായ സ്ത്രീകളുടെ വീടുകള്‍ കമീഷന്‍ സന്ദര്‍ശിച്ചു. ഒരു മൊബൈല്‍ പാലിയേറ്റീവ് സംവിധാനം ഗ്രാമപഞ്ചായത്ത് ഏര്‍പ്പെടുത്തുന്നത് സഹായകമായിരിക്കും. കിടപ്പു രോഗികള്‍ക്ക് പ്രത്യേകമായ പരിചരണം ലഭ്യമാക്കുന്നതിന് കൂട്ടായ ഇടപെടല്‍ ഉണ്ടാകണം. വര്‍ഷങ്ങളായി കിടപ്പുരോഗികളായുള്ളവര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു നല്‍കാന്‍ കൗണ്‍സിലിങ് ഉള്‍പ്പെടെ നല്‍കുന്നത് സഹായകമാകും. ഗ്രാമപഞ്ചായത്ത് മുന്‍കൈയെടുത്ത് ഇതിന് ആവശ്യമായ നടപടിയെടുക്കണം.
അടുപ്പില്‍ കോളനിയില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ ഉരുള്‍ പൊട്ടലില്‍ നിരവധി വീടുകള്‍ വാസയോഗ്യമല്ലാത്ത സാഹചര്യം വന്നു. ഈ കോളനി നിവാസികളെ മാറ്റി പാര്‍പ്പിക്കുന്നതിന് ഈ പഞ്ചായത്തില്‍ തന്നെ സര്‍ക്കാര്‍ മുന്‍കൈയെടുത്ത് പണികഴിപ്പിച്ച വീടുകള്‍ പൂര്‍ത്തീകരണഘട്ടത്തിലാണ്.
എസ്.എസ്.എല്‍.സി കഴിഞ്ഞാല്‍ ഊരുകളിലെ കുട്ടികള്‍ പഠനം നിര്‍ത്തുന്നു. ഗോത്ര വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ലഭ്യമാക്കുന്നതിന് തുടർ വിദ്യാഭ്യാസം ലഭിക്കുന്നതിന് ആവശ്യമായ വിവിധ വകുപ്പുകളുടെ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണ്. പല വകുപ്പുകളും ക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. ഇതിന്റെ ഏകോപനം സാധ്യമായി കഴിഞ്ഞാല്‍ വാണിമേല്‍ പഞ്ചായത്തിലെ ഗോത്ര മേഖലയിലെ ജനങ്ങളുടെ ജീവിത സാഹചര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടും. ഇതിന് ആവശ്യമായ ശിപാര്‍ശ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും വനിതാ കമീഷന്‍ അധ്യക്ഷ പറഞ്ഞു.
സ്‌ട്രോക്ക് വന്നു വീട്ടില്‍ കഴിയുന്ന വാളാംതോട് മലയങ്ങാട് രാധ(47), കിഡ്‌നി അസുഖബാധിതനായ മകന്‍ സുധീഷിനെയും(41), കിടപ്പു രോഗിയായ അമ്മ ചീരു(95)വിനെയും ശുശ്രൂഷിക്കുന്ന ജാനു(65), അടുപ്പില്‍ കോളനിയിലെ പക്ഷാഘാത ബാധിതയായ ചിരുത പൈക്ക(61), പ്രായാധിക്യം മൂലമുള്ള അസുഖങ്ങളാല്‍ ബുദ്ധിമുട്ടുന്ന മാടാഞ്ചേരി കോളനിയിലെ മാണിക്യം(85) എന്നിവരെ വനിതാ കമീഷന്‍ ചെയര്‍പേഴ്‌സണും അംഗങ്ങളും സന്ദര്‍ശിച്ച് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.