ശാരീരികമായ പീഡനം ഏല്‍പ്പിക്കാന്‍ ഭര്‍ത്താവിന് അവകാശമുണ്ടെന്ന് വിശ്വസിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സേനക്ക് അപമാനമാണെന്ന് വനിത കമീഷൻ
text_fieldsതിരുവനന്തപുരം: ശാരീരികമായ പീഡനം ഏല്‍പ്പിക്കാന്‍ ഭര്‍ത്താവിന് അവകാശം ഉണ്ട് എന്ന് ധരിച്ചുവച്ചിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പൊലീസ് സേനക്ക് അപമാനമാണെന്ന് വനിത കമീഷൻ അധ്യക്ഷ പി.സതീദേവി. കോഴിക്കോട് പന്തീരാങ്കാവില്‍ ഭര്‍ത്തൃഗൃഹത്തില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ ആരോപണം ശരിയാണെന്ന് പൊലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസറുടെ(എസ്.എച്ച്.ഒ) മറുപടിയില്‍ നിന്നു വ്യക്തമായെന്നും കമീഷന്‍ അധ്യക്ഷ പറഞ്ഞു. വനിതാ കമീഷന്‍ ആസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു വനിതാ കമീഷന്‍ അധ്യക്ഷ.
ഈ കേസില്‍ പൊലീസ് സേനക്ക് അപമാനം വരുത്തി വച്ച പൊലീസ് ഉദ്യോഗസ്ഥരെ അന്വേഷണത്തില്‍നിന്നു മാറ്റിയതായി മനസിലാക്കുന്നു. ആഭ്യന്തര വകുപ്പിന്റെ ഭാഗത്തുനിന്നും നല്ല രീതിയിലുള്ള നടപടിയാണ് ഉണ്ടായിട്ടുള്ളത്. കുറ്റമറ്റതും ചിട്ടയായ രീതിയിലുമുള്ള അന്വേഷണം നടക്കണം.
നിയമപരവും ധാർമികവുമായ എല്ലാ പിന്തുണയും പെണ്‍കുട്ടിക്കു വനിതാ കമീഷന്‍ നല്‍കും. ഭര്‍ത്തൃഗൃഹത്തില്‍ ഗുരുതരമായ പീഡനത്തിന് പെണ്‍കുട്ടി ഇരയായിട്ടുണ്ടെന്ന് വനിതാ കമീഷനു ലഭിച്ച പരാതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പൊലീസ് സ്‌റ്റേഷനില്‍ പരാതിയുമായി ചെന്നപ്പോഴുള്ള എസ്.എച്ച്.ഒയുടെ സമീപനം സംബന്ധിച്ചും പരാതിയിലുണ്ട്. ലഭിച്ച പരാതി ചൊവ്വാഴ്ച തന്നെ വനിതാ കമീഷന്‍ രജിസ്റ്റര്‍ ചെയ്തു.
വിവാഹം കഴിഞ്ഞ് ഏഴു ദിവസത്തിനുള്ളിലാണ് പെണ്‍കുട്ടിക്ക് പീഡനം ഏല്‍ക്കേണ്ടി വന്നിട്ടുള്ളത്. ഭര്‍ത്തൃഗൃഹത്തില്‍നിന്ന് പീഡനം ഏല്‍ക്കുന്നത് സര്‍വംസഹകളായി സ്ത്രീകള്‍ സഹിക്കണമെന്ന സമൂഹത്തിന്റെ മനോഭാവം മാറണം. പൊലീസ് സേനക്ക് നിയമങ്ങളെ കുറിച്ചും നിയമനടപടികളെ കുറിച്ചും നല്ല അവബോധം ഉണ്ടാകണം. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പരാതികള്‍ സ്വീകരിക്കേണ്ടത് എങ്ങനെ, കേസ് അന്വേഷിക്കേണ്ടത് എങ്ങനെ എന്നിവ സംബന്ധിച്ച് കൃത്യമായ ധാരണ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നതിന് പൊലീസ് ട്രെയിനിങ് സംവിധാനം ശക്തമാക്കണം.
സ്ത്രീധന സമ്പ്രദായത്തിന് എതിരായി 1961ല്‍ സ്ത്രീധന നിരോധന നിയമം നിലവില്‍ വന്നെങ്കിലും പാരിതോഷികമെന്ന പേരില്‍ സ്ത്രീധനം ഇപ്പോഴും നല്‍കി വരുകയാണ്. സ്ത്രീധനം എന്ന പേരില്‍ അല്ല, രക്ഷിതാവിന്റെ സ്‌നേഹവാല്‍സല്യമായി സമ്മാനമായാണ് പാരിതോഷികം നല്‍കി വരുന്നത്. പാരിതോഷികങ്ങള്‍ സ്ത്രീധന നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്നില്ല. നിയമം ഇതു വിവക്ഷിക്കുന്നുണ്ട്. ഇതുമൂലമാണ് നിയമം ദുര്‍ബലമായി പോകുന്നത്.
ഈ സാഹചര്യത്തില്‍ നിയമത്തില്‍ തന്നെ ആവശ്യമായ ഭേദഗതി വരുത്തണം. കേന്ദ്ര സര്‍ക്കാരാണ് ഭേദഗതി നടപടി എടുക്കേണ്ടത്. ആവശ്യമായ ചട്ടങ്ങള്‍ സംസ്ഥാനത്ത് ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് വനിതാ കമീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭര്‍ത്തൃപീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ വനിതാ കമീഷന്‍ സന്ദര്‍ശിക്കും. നിയമപരവും ധാർമികവുമായ എല്ലാ പിന്തുണയും വനിതാ കമീഷന്‍ നല്‍കുമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു. വനിതാ കമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണി ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.