തൊഴില്‍ ഇടങ്ങളില്‍ നിന്നും മാനദണ്ഡങ്ങള്‍ പാലിക്കാതെ ജീവനക്കാരെ പിരിച്ചു വിടുന്നത് ഗൗരവതരമെന്ന് വനിതാ കമീഷന്‍
text_fieldsകോഴിക്കോട്: തൊഴില്‍ ഇടങ്ങളില്‍ നിന്നും മാനദണ്ഡങ്ങള്‍ പാലിക്കാതെ ജീവനക്കാരെ പിരിച്ചുവിടുന്ന നടപടി അതീവ ഗൗരവതരമെന്ന് വനിതാ കമീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി . കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടത്തിയ ജില്ലാതല അദാലത്തില്‍ പരാതികള്‍ തീര്‍പ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമീഷന്‍ അധ്യക്ഷ.
ജില്ലാതല അദാലത്തില്‍ പരിഗണനക്കു വന്ന പരാതികളില്‍ കൂടുതലും തൊഴിലിടങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു. അണ്‍ എയ്ഡഡ് മേഖലയിലെ സ്‌കൂളില്‍ 25 ഉം 30 വര്‍ഷങ്ങള്‍ വരെ ജോലി ചെയ്ത അധ്യാപികമാരെയും ഓഫീസ് സ്റ്റാഫിനെയും പെര്‍ഫോമന്‍സ് മോശമാണെന്ന കാരണം പറഞ്ഞ് ഒരു ആനുകൂല്യവും നല്‍കാതെ മെമ്മോ പോലും നല്‍കാതെ പിരിച്ചുവിട്ടെന്ന പരാതി പരിഗണനക്ക് എത്തി. ഈ പ്രവണത കൂടി വരുന്നതായി കമീഷന് ബോധ്യപ്പെട്ടു.
അണ്‍ എയ്ഡഡ് മേഖലയിലെ വനിതാ അധ്യാപികമാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച് പബ്ലിക് ഹിയറിങ് നടത്തി സംസ്ഥാന സര്‍ക്കാറിന് പരിഹാര നിര്‍ദേശങ്ങള്‍ അടങ്ങിയ ശുപാര്‍ശ വനിതാ കമീഷന്‍ സമര്‍പ്പിച്ചിട്ടുണ്ട്. മദ്യപിച്ച് വീടുകളില്‍ ചെന്ന് സ്ത്രീകളുടെ സ്വൈരജീവിതം തകര്‍ക്കുന്ന പുരുഷന്‍മാരെ പൊലീസ് സ്റ്റേഷനുകളില്‍ നിന്നും ഉപദേശിച്ച് വിടുന്ന ശീലം ഒഴിവാക്കണം. മദ്യപിച്ച് ശല്യം ചെയ്യുന്നവരെ ഡീ അഡിക്ഷന്‍ സെന്ററുകളിലേക്ക് അയക്കണം. ഗാര്‍ഹിക പീഡന പരാതികളില്‍ കൗണ്‍സിലിങിന് നിര്‍ദേശിച്ചാല്‍ പുരുഷന്‍മാര്‍ സഹകരിക്കാത്ത മനോഭാവം കൂടിവരുന്നതായും വനിതാ കമീഷന്‍ അധ്യക്ഷ പറഞ്ഞു.
ജില്ലാതല അദാലത്തില്‍ ഒന്‍പതു പരാതികള്‍ തീര്‍പ്പാക്കി. രണ്ട് പരാതികള്‍ പോലീസിനും ഒരു പരാതി ലീഗല്‍ സെല്ലിനും കൈമാറി. 39 പരാതികള്‍ അടുത്ത അദാലത്തിലേക്കു മാറ്റിവച്ചു. ആകെ 51 പരാതികള്‍ പരിഗണിച്ചു. അഭിഭാഷകരായ ഹബീജ, ശരണ്‍ പ്രേം, സി.കെ. സീനത്ത്, നടക്കാവ് എ.എസ്.ഐ രജിത, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.