വയനാട്ടിലെ തനതു വിള വൈവിധ്യം സംരക്ഷിക്കുന്നതിന് ശിപാര്‍ശ നൽകുമെന്ന് വനിതാ കമീഷന്‍
text_fieldsകൽപ്പറ്റ: വയനാട്ടിലെ തനതു കാര്‍ഷിക വിള വൈവിധ്യങ്ങള്‍ വരും തലമുറക്കായി സംരക്ഷിക്കുന്നതിന് പദ്ധതി നടപ്പാക്കുന്നതിന് സര്‍ക്കാരിനു ശിപാര്‍ശ നല്‍കുമെന്ന് വനിതാ കമീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി. തിരുനെല്ലി ഇരുമ്പുപാലത്ത് പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്ന 10 കുടുംബശ്രീ വനിതകള്‍ നടത്തുന്ന കിഴങ്ങ് വൈവിധ്യ സംരക്ഷണ കേന്ദ്രമായ നൂറാങ്ക് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമീഷന്‍ അധ്യക്ഷ.
നൂറാങ്ക് കൃഷി സംഘത്തിന്റെ പ്രവര്‍ത്തനം മാതൃകാപരമാണ്. തനതു കാര്‍ഷിക വിളകള്‍ നാടിന്റെ അമൂല്യമായ സമ്പത്താണ്. ഇതു വരും തലമുറക്കായി സംരക്ഷിക്കപ്പെടുകയും ഇവ സംബന്ധിച്ച് പഠനങ്ങള്‍ നടക്കുകയും വേണം. വയനാട്ടിലെ ഇതേപോലുള്ള തനത് കാര്‍ഷിക വിളകളെയും സംസ്‌കാരത്തെയും സംരക്ഷിക്കുന്നതിന് പദ്ധതി നടപ്പാക്കണമെന്നും കമീഷന്‍ അധ്യക്ഷ പറഞ്ഞു.
തനതുവിളകളെ കുറിച്ചും കൃഷി രീതി, ലഭിക്കുന്ന സഹായങ്ങള്‍, ഉപയോഗിക്കുന്ന വളങ്ങള്‍, പിന്‍ തുടരുന്ന കാര്‍ഷിക രീതികള്‍, മൃഗങ്ങളുടെ ശല്യമുണ്ടോ, വിപണനം തുടങ്ങിയ വിവരങ്ങള്‍ എല്ലാം വനിതാ കമ്മിഷന്‍ അംഗങ്ങള്‍ കൃഷി സംഘത്തില്‍ നിന്നും ചോദിച്ചു മനസിലാക്കി. വയനാട് കുടുംബശ്രീ മിഷന്‍ തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതി പ്രകാരം നടപ്പാക്കിയിരിക്കുന്ന നൂറാങ്ക് കിഴങ്ങ് വൈവിധ്യ സംരക്ഷണ കേന്ദ്രത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് പ്രസിഡന്റ് സുനിത, സെക്രട്ടറി ശരണ്യ എന്നിവരുടെ നേതൃത്വത്തില്‍ ശാന്ത മനോഹരന്‍, ശാന്ത നാരായണന്‍, റാണി, സരസു, കമല, ബിന്ദു, ശാരദ, ലക്ഷ്മി എന്നവര്‍ ഉള്‍പ്പെടുന്ന 10 അംഗ സംഘമാണ്.
75 സെന്റ് സ്ഥലത്ത് 180 തരം കിഴങ്ങുകളാണ് ഇവര്‍ കൃഷി ചെയ്യുന്നത്. 16 ഇനം കാച്ചില്‍, 17 ഇനം മഞ്ഞള്‍, എട്ട് ഇനം മധുരകിഴങ്ങ്, ആറ് ഇനം ചേമ്പ്, നാല് ഇനം ചേന, കൂവ, കൂര്‍ക്ക, ചേമ്പ്, നൂറാങ്ക് ഉള്‍പ്പെടെ വിവിധ ഇനം കിഴങ്ങ് വര്‍ഗ കൃഷി സമൃദ്ധമായി ഇവിടെ വളര്‍ന്നു നില്‍ക്കുന്നു. കിഴങ്ങ് വര്‍ഗങ്ങള്‍ക്കു പുറമേ കപ്പ, മുളക്, കാന്താരി, ചീര, വാഴ തുടങ്ങിയവയും ഇവര്‍ കൃഷി ചെയ്യുന്നുണ്ട്. കുടുംബശ്രീയുടെ വിപണന കേന്ദ്രം, വിവിധ മേളകള്‍ എന്നിവക്കു പുറമേ കൃഷിയിടത്തില്‍ എത്തുന്നവര്‍ക്ക് നേരിട്ടും കാര്‍ഷിക വിളകള്‍ ഇവര്‍ വിപണനം ചെയ്യുന്നുണ്ട്.
10 അംഗ സംഘത്തിലെ എല്ലാവരും തൊഴിലുറപ്പ് തൊഴിലാളികളാണ്. ദിവസവും രണ്ടു പേര്‍ വീതം നൂറാങ്ക് കൃഷിയിടത്തിലെ കൃഷിപ്പണികള്‍ ചെയ്യും. ബാക്കിയുള്ളവര്‍ തൊഴിലുറപ്പിനും പോകും. വയനാടിന്റെ തനതു വിളകളെ സംരക്ഷിക്കണമെന്ന ആഗ്രഹത്തിലാണ് പത്തംഗ സംഘം നൂറാങ്ക് എന്ന പേരില്‍ സംരക്ഷണ കേന്ദ്രം ഒരുക്കിയത്. തിരുനെല്ലി ഗ്രാമപഞ്ചായത്തിന്റെ പിന്തുണക്കൊപ്പം കുടുംബശ്രീ എൻ.ആർ.എൽ.എം കോ-ഓര്‍ഡിനേറ്റര്‍ സായി കൃഷ്ണ, കൃഷി ഓഫീസര്‍ ശരണ്യ എന്നിവരും നൂറാങ്ക് കൃഷി സംഘത്തിന് സഹായം നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.