ജലദൗര്‍ലഭ്യം പരിഹരിക്കുന്നതിന് ഷോളയൂര്‍ പഞ്ചായത്ത് പദ്ധതി നടപ്പാക്കുമെന്ന് വനിതാ കമീഷന്‍
text_fieldsപാലക്കാട് : കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും കൃഷിക്കു കൂടി പ്രയോജനപ്പെടുന്ന വിധത്തിലുമുള്ള വിപുലമായ ജലവിതരണ സംവിധാനം ജലജീവന്‍ മിഷന്റെ സഹായത്തോടെ ആസൂത്രണം ചെയ്തു നടപ്പാക്കുമെന്ന് ഷോളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രാമമൂര്‍ത്തി അറിയിച്ചതായി വനിതാ കമീഷന്‍. പട്ടികവര്‍ഗ മേഖലാ ക്യാമ്പിന്റെ ഭാഗമായി ഷോളയൂര്‍ പഞ്ചായത്തിലെ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട സ്ത്രീകളെ വീടുകളില്‍ എത്തി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അംഗം.
ഷോളയൂര്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 11 പട്ടികവര്‍ഗ മേഖലകളിലാണ് വനിതാ കമ്മിഷന്‍ പ്രത്യേക ക്യാമ്പ് നടത്തിയത്. ഒറ്റപ്പെടു താമസിക്കുന്നവര്‍, ദീര്‍ഘനാളായി അസുഖബാധിതരായവര്‍, മാനസിക-ശാരീരിക വെല്ലുവിളി നേരിടുന്നവര്‍, മക്കളാല്‍ ഉപേക്ഷിക്കപ്പെട്ടവര്‍ തുടങ്ങിയ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട ഷോളയൂര്‍ ഗ്രാമപഞ്ചായത്തിലെ സ്ത്രീകളെ വനിതാ കമ്മിഷന്‍ വീടുകളില്‍ എത്തി സന്ദര്‍ശിച്ചു. കോട്ടത്തറ, മേലേ കോട്ടത്തറ, ദാസന്നൂര്‍, ഉറിയന്‍ചാള, മരപ്പാലം എന്നീ ഊരുകളിലെ വീടുകളിലായിരുന്നു സന്ദര്‍ശനം.
കോട്ടത്തറ ഗീതാ നിവാസില്‍ ഷീജ(54), സെറിബ്രല്‍പാള്‍സി ബാധിച്ച ആറു വയസുള്ള മകന്റെ ചികിത്സാര്‍ഥം കോട്ടത്തറയില്‍ താമസിക്കുന്ന വയനാട് സ്വദേശിനി സൗമ്യ, മേലേ കോട്ടാത്തറ പാപ്പാ(68), ദാസന്നൂര്‍ പാപ്പാമ്മാള്‍(65), ഉറിയന്‍ചാള വഞ്ചിയമ്മ(50), മരപ്പാലം സരോജ(40) എന്നിവരെയാണ് വനിതാ കമീഷന്‍ അംഗം വി.ആര്‍. മഹിളാമണിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചത്.
പാലിയേറ്റീവ് കെയര്‍ സേവനം, മരുന്നുകളുടെ ലഭ്യത, ആശുപത്രിയില്‍ പോകുന്നതിനുള്ള സഹായം, ജനപ്രതിനിധികളുടെയും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും പട്ടികവര്‍ഗ പ്രമോട്ടര്‍മാര്‍, ആശ പ്രവര്‍ത്തകര്‍ എന്നിവരുടെ സേവനം, റേഷന്‍ ഭക്ഷ്യ വസ്തുക്കള്‍ ലഭ്യമാകുന്നുണ്ടോ, ഭക്ഷണം യഥാസമയം കഴിക്കുന്നുണ്ടോ, കുടുംബാംഗങ്ങളുടെ സഹായം ലഭിക്കുന്നുണ്ടോ തുടങ്ങിയ വിവരങ്ങളാണ് ചോദിച്ചറിഞ്ഞത്.
മരപ്പാലം അംഗന്‍വാടിയിലെത്തിയ വനിതാ കമീഷന്‍ അംഗം വി.ആര്‍. മഹിളാമണി പഠിതാക്കളായ കൃഷ്ണവേണി, അനാമിക എന്നിവരുമായും അധ്യാപിക കെ.എസ്. മിനിമോള്‍, സഹായി സെല്‍വി എന്നിവരുമായും സംസാരിച്ചു. കുട്ടികള്‍ക്ക് ആവശ്യത്തിന് പോഷകാഹാരം ലഭിക്കുന്നുണ്ടോ, പഠന-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍, പ്രതിരോധ കുത്തിവയ്പ്പുകളും മരുന്നുകളും ലഭ്യമാകുന്നുണ്ടോ, അമ്മമാര്‍ക്ക് ബോധവല്‍ക്കരണം ലഭിക്കുന്നുണ്ടോ, കുട്ടികള്‍ എല്ലാ ദിവസവും അംഗന്‍വാടിയില്‍ എത്തുന്നുണ്ടോ, ആരാണ് അവരെ എത്തിക്കുന്നതും തിരികെ കൊണ്ടു പോകുന്നതും തുടങ്ങിയ വിവരങ്ങളാണ് ചോദിച്ചറിഞ്ഞത്.
ഷോളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രാമമൂര്‍ത്തി, വനിതാ കമ്മിഷന്‍ റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന, ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എം.ആര്‍. ജിതേഷ്, ഗ്രാമപഞ്ചായത്തംഗം ജി. രാധാകൃഷ്ണന്‍, ട്രൈബല്‍ എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ.എം. രാഹുല്‍, കമ്മ്യൂണിറ്റി സോഷ്യല്‍ വര്‍ക്കര്‍ കെ. പ്രശാന്ത്, പട്ടികവര്‍ഗ പ്രമോട്ടര്‍മാരായ ആര്‍. വെള്ളിങ്കിരി, മരുതാചലം, എ. ശ്യാമിലി, കെ. സന്തോഷ് കുമാര്‍, ഓവര്‍സിയര്‍ വി. നമേഷ് കുമാര്‍, ഷോളയൂര്‍ എസ്.ഐ പളനിസ്വാമി, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ കെ. ശരവണന്‍, അര്‍ജുന്‍ മോഹന്‍, വനിതാ പോലീസ് ഓഫീസര്‍ സി. ഈശ്വരി തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.