വയറ്റിൽ കത്രിക കുടുങ്ങിയ യുവതിക്ക് നീതി ലഭ്യമാക്കാൻ ഇടപെടുമെന്ന് വനിത കമീഷൻ
text_fieldsതിരുവനന്തപുരം: വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ യുവതിക്ക് നീതി ലഭ്യമാക്കാൻ ഇടപെടുമെന്ന് സംസ്ഥാന വനിത കമീഷൻ അധ്യക്ഷ പി. സതീദേവി. പിഴവ് എവിടെയെന്ന് കണ്ടെത്തണം. വിദഗ്ധ സമിതി റിപ്പോർട്ട് എത്രയും വേഗം പുറത്തു വരണമെന്നും പി. സതീദേവി വ്യക്തമാക്കി.
അഞ്ചു വർഷം മുമ്പാണ് കോഴിക്കോട് മെഡിക്കൽ കോളജിലെ ഐ.എം.സി.എച്ചിൽ ഹർഷിന സിസേറിയന് വിധേയയായത്. അതിനുശേഷം പലതരം ശാരീരികാസ്വസ്ഥതകൾ അനുഭവിച്ചു. മൂത്രാശയ സംബന്ധമായ കടുത്ത പ്രയാസങ്ങൾ വന്നപ്പോൾ മൂന്നു മാസം മുമ്പ് കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ശസ്ത്രക്രിയ ഉപകരണമായ ഫോർസെപ്സ് മൂത്രസഞ്ചിയിൽ ആഴ്ന്നുകിടക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് ഐ.എം.സി.എച്ചിൽ നിന്നു തന്നെയാണ് ഇത് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്.
ശസ്ത്രക്രിയക്കിടെ ഉപകരണം വയറ്റിൽ മറന്നുവെച്ച സംഭവത്തിൽ യുവതി പ്രതിഷേധിക്കാൻ തയാറായപ്പോഴേക്കും ആരോഗ്യ മന്ത്രി വീണ ജോർജ് പരാതിക്കാരിയായ ഹർഷിനയെ ഫോണിൽ നേരിട്ടുവിളിച്ചു. ഹർഷിനക്കൊപ്പം തന്നെയാണ് സർക്കാറുള്ളതെന്നും നേരത്തെ ലഭിച്ച അന്വേഷണ റിപ്പോർട്ട് തൃപ്തികരമല്ലാത്തതിനാൽ വിശദമായ ശാസ്ത്രീയ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും മന്ത്രി ഹർഷിനയെ അറിയിച്ചു.
ശാരീരികാസ്വാസ്ഥ്യങ്ങളെ തുടർന്ന് യുവതിയെ വീണ്ടും മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. തന്റെ കാര്യത്തിൽ എന്തെങ്കിലും തീരുമാനമാവുന്നത് വരെ ആശുപത്രിയിൽ നിന്ന് മടങ്ങില്ലെന്ന് യുവതി അന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇതറിഞ്ഞാണ് മന്ത്രി നിയമസഭ സമ്മേളനത്തിനിടെ ഹർഷിനയെ വിളിച്ചത്. തന്റെ പ്രയാസങ്ങളെല്ലാം ഹർഷിന മന്ത്രിയോട് വിശദമായി പറഞ്ഞു. നീതി കിട്ടാൻ വൈകുന്നതിലുള്ള പ്രതിഷേധവും അറിയിച്ചു.
തുടർന്ന് നീതി ലഭിക്കണമെന്ന് ചൂണ്ടിക്കാട്ടി ഹർഷിന കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിക്ക് മുന്നിൽ സത്യഗ്രഹം തുടങ്ങി. ഏഴു ദിവസമായി നടത്തിവന്ന സത്യഗ്രഹം ആരോഗ്യ മന്ത്രി വീണ ജോർജ് ഇടപെട്ടതിനെ തുടർന്ന് മാർച്ച് നാലിന് അവസാനിപ്പിച്ചു. ഹർഷിനക്ക് എല്ലാ പിന്തുണയും നൽകുമെന്നും റിപ്പോർട്ട് എന്തു തന്നെയായാലും സർക്കാർ ഒപ്പമാണെന്നും മന്ത്രി വ്യക്തമാക്കി. രണ്ടാഴ്ചക്കകം നീതി ലഭ്യമാക്കുമെന്ന് വീണ ജോർജ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.