നിലവിലെ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത ഭവനരഹിതര്‍ക്കായി പ്രത്യേക പാക്കേജ് നടപ്പാക്കുന്നതിന് ശിപാര്‍ശ നൽകുമെന്ന് വനിതാ കമീഷന്‍
text_fieldsതിരുവനന്തപുരം: തീരദേശത്ത് നിലവിലെ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത ഭവനരഹിതര്‍ക്ക് വീട് നല്‍കുന്നതിന് പ്രത്യേക പാക്കേജ് നടപ്പാക്കുന്നതിന് സര്‍ക്കാരിനു ശിപാര്‍ശ നല്‍കുമെന്ന് വനിതാ കമീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി. തീരദേശ ക്യാമ്പിന്റെ ഭാഗമായി അഞ്ചുതെങ്ങ് പഞ്ചായത്ത് ഹാളില്‍ നടത്തിയ ഏകോപന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ പ്രാപ്യമാക്കുന്നതിന് ജനകീയ ഇടപെടല്‍ വേണം. നിര്‍വഹണ ഉദ്യോഗസ്ഥര്‍ ജനകീയ ഇടപെടലിന്റെ ഭാഗമാകണം. സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ സംബന്ധിച്ച് കൃത്യമായ ധാരണ ജനങ്ങള്‍ക്ക് ഉണ്ടാകേണ്ടതുണ്ട്. തീരദേശ മേഖലയില്‍ ഗാര്‍ഹിക പീഡനങ്ങളും മദ്യപാനവും ലഹരിവസ്തുക്കളുടെ ഉപയോഗവും വര്‍ധിക്കുന്നതായി വിവരമുണ്ട്. ലഹരിവസ്തുക്കളുടെ ഉപയോഗമാണ് ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ധിക്കുന്നതിനുള്ള പ്രധാന കാരണം.
ലഹരി വസ്തുക്കളുടെ വില്‍പന തടയുന്നതിന് എക്‌സൈസ്-പൊലീസ് വകുപ്പുകള്‍ക്ക് ജനങ്ങള്‍ രഹസ്യ വിവരങ്ങള്‍ കൈമാറണം. തീരദേശത്ത് പോലീസ് പട്രോളിംഗ് ശക്തിപ്പെടുത്തുന്നതിന് ശിപാര്‍ശ നല്‍കും. പീഡന കേസുകള്‍ കേരളത്തില്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. പരാതി രജിസ്റ്റര്‍ ചെയ്താല്‍ കൃത്യമായ അന്വേഷണവും നടപടിയും ഉണ്ടാകുന്നതാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നതിന് കാരണം.
അതിക്രമത്തിന് ഇരയാകുന്ന സ്ത്രീകള്‍ക്ക് ആവശ്യമായ നിയമ സഹായം, പരിരക്ഷ, വിവേചനം ഇല്ലാത്ത കൃത്യമായ നടപടിയും കേരളത്തില്‍ ഉറപ്പാക്കിയിട്ടുണ്ട്. കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് ശിക്ഷ ഉറപ്പാക്കുന്നതില്‍ കേരളാ പോലീസിന്റെ പ്രവര്‍ത്തനം അഭിമാനകരമാണ്. ഇതേസമയം മറ്റു സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ ദുരിതക്കയത്തിലേക്ക് തള്ളിവിടപ്പെടുകയാണ്.
സംസ്ഥാനത്തെ ജന വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ടു കേട്ട് പ്രശ്‌ന പരിഹാരം കാണുകയും ജനജീവിതം മെച്ചപ്പെടുത്തുകയുമാണ് വനിതാ കമീഷന്റെ ലക്ഷ്യം. വിദ്യാഭ്യാസം, ആരോഗ്യം, മതമൈത്രി, സാക്ഷരത, സ്ത്രീ സുരക്ഷ തുടങ്ങിയ വിവിധ രംഗങ്ങളില്‍ കേരളം മുന്നിലാണ്.മികച്ച സംസ്ഥാനമായി കേരളത്തെ നിലനിര്‍ത്താന്‍ കഴിയുന്നത് ജനകീയ കൂട്ടായ്മ മൂലമാണെന്നും വനിതാ കമീഷന്‍ അധ്യക്ഷ പറഞ്ഞു.
അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു അധ്യക്ഷത വഹിച്ചു. വനിതാ കമീഷന്‍ അംഗങ്ങളായ വി.ആര്‍. മഹിളാമണി, അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, പ്രോജക്ട് ഓഫീസര്‍ എന്‍. ദിവ്യ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിജ ബോസ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഫ്ളോറന്‍സ് ജോണ്‍സണ്‍, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സ്റ്റീഫന്‍ ലൂയിസ്, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ബി.എന്‍. സൈജുരാജ് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.