സ്കൂളിലെ പുഴുശല്യം: റിപ്പോർട്ട് നൽകാൻ നിർദേശം
text_fieldsതിരുവനന്തപുരം: തിരൂർ ജി.ജി.എച്ച്.എസ്.എസിലെ പുഴുശല്യം സംബന്ധിച്ച വിദ്യാർഥികളുടെ പരാതികൾ പരിശോധിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ മലപ്പുറം ആർ.ഡി.ഡിയെ ചുമതലപ്പെടുത്തിയതായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഡയറ്റിന്റെ സ്ഥലത്തുള്ള മരങ്ങൾ സ്കൂൾ കെട്ടിടത്തിന്റെ മുകളിലേക്ക് ചാഞ്ഞ് ഇലകൾ വീണ് പുഴുശല്യം ഉണ്ടാകുന്നു എന്ന പരാതിക്ക് ശാശ്വത പരിഹാരമെന്ന നിലയിൽ മരം അടിയന്തരമായി മുറിച്ചു മാറ്റാൻ ഡയറ്റ് പ്രിൻസിപ്പലിന് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.
സ്കൂളിന് പുതിയ കെട്ടിടം പണിയുന്നത് അടക്കമുള്ള അടിസ്ഥാന സൗകര്യ വികസനത്തിനായി 3.9 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സാങ്കേതിക നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി അടിയന്തരമായി കെട്ടിടം പണിയാനുള്ള നടപടിയുണ്ടാകും. ഇതു കൂടാതെ, ഒരു കോടി രൂപ പ്ലാൻ ഫണ്ടിൽനിന്നും അനുവദിച്ചിട്ടുണ്ട്. പ്രിൻസിപ്പലിനോട് സംസാരിച്ചതിന്റെ പശ്ചാത്തലത്തിൽ സ്കൂളും കോമ്പൗണ്ടും അടിയന്തരമായി ശുചീകരിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ നിർദേശിച്ചിട്ടുണ്ട്.
തലക്കാട് പഞ്ചായത്ത് പ്രസിഡന്‍റുമായും സംസാരിച്ചു. സ്കൂൾ ശുചീകരണ പ്രവർത്തനങ്ങളിൽ പഞ്ചായത്ത് ക്രിയാത്മകമായി ഇടപെടും. നിലവിൽ അനുവദിച്ചതിനെക്കാൾ കൂടുതൽ ഫണ്ട് അനുവദിക്കേണ്ട ആവശ്യമുണ്ടെങ്കിൽ അതിന്റെ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ട് ബന്ധപ്പെട്ട ജനപ്രതിനിധികൾ നിവേദനം നൽകിയാൽ അക്കാര്യവും പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.