മുറിവുണങ്ങി; നീറുന്ന മനസ്സുമായി ജെറാൾഡ് ആശുപത്രി വിട്ടു
text_fieldsആലുവ: തന്റെ തൊട്ടുമുന്നിലിരുന്ന് കൺവെൻഷനിൽ പങ്കെടുത്ത കൂട്ടുകാരി ലിബിന ജീവിച്ചിരിപ്പില്ലെന്ന സത്യം ഇപ്പോഴും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല കാലടി സ്വദേശി ജെറാൾഡിന്. പൊള്ളലിന്റെ മുറിവുകൾ ഭാഗികമായി ഉണങ്ങിയെങ്കിലും സ്ഫോടനത്തിന്റെ നടുക്കുന്ന ഓർമകൾ മായാതെയാണ് 13കാരനായ ജെറാൾഡ് ജിം വീട്ടിലേക്ക് മടങ്ങിയത്. അമ്മ വിനീതയുടെ കൈ പിടിച്ച് ആലുവ രാജഗിരി ആശുപത്രിയിൽ നിന്നിറങ്ങുമ്പോഴും ഭീതി നിറഞ്ഞ ഒക്ടോബർ 29ലെ കളമശ്ശേരി സ്ഫോടനത്തിന്റെ നടുക്കത്തിൽ തന്നെയായിരുന്നു ജെറാൾഡ്.
കളമശ്ശേരി സംറ കൺവെൻഷൻ സെന്ററിൽ അമ്മയോടൊത്ത് യഹോവ സാക്ഷികളുടെ കൺവെൻഷനിൽ പങ്കെടുക്കുന്നതിനിടെയാണ് സ്ഫോടനത്തിൽ ജെറാൾഡിന് പരിക്കേറ്റത്. ജെറാൾഡ് ഇരുന്നതിന്റെ തൊട്ടുമുന്നിലായിരുന്നു സ്ഫോടനം. തീജ്വാലയിൽ ജെറാൾഡിന്റെ മുടിയടക്കം കത്തി. മുഖത്തും ഇരു കൈകൾക്കും ഇടത്തേ കാലിനുമായിരുന്നു പ്രധാന പരിക്ക്.
10 ശതമാനത്തിലധികം പൊള്ളലേറ്റതിനാൽ ആലുവ രാജഗിരി ആശുപത്രിയിൽ കുട്ടികളുടെ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. അണുബാധ സാധ്യത കണക്കിലെടുത്ത് അതിശ്രദ്ധ പുലർത്തിയായിരുന്നു ചികിത്സയെന്ന് ആശുപത്രിയിലെ പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവി ഡോ. ജിജിരാജ് കുളങ്ങര പറഞ്ഞു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക് സർജന്മാരായ ഡോ. ഗെലി ഈറ്റ്, ഡോ. എ.ജെ. പ്രവീൺ, ഡോ. ജോസി ടി. കോശി എന്നിവരും 20 ദിവസം നീണ്ട ചികിത്സയിൽ പങ്കാളികളായി.
സ്ഫോടനത്തിന്റെ ആഘാതത്തിൽനിന്ന് ജെറാൾഡിനെ മുക്തനാക്കാൻ കളിതമാശകളുമായി നഴ്സുമാരും കൂടെനിന്നു. കൺവെൻഷൻ സെന്ററിൽ ജെറാൾഡിന്റെ തൊട്ടു മുൻനിരയിലിരുന്ന മലയാറ്റൂർ നീലീശ്വരം സ്വദേശി 13 വയസ്സുകാരി ലിബിന നേരത്തേ മരിച്ചിരുന്നു. ലിബിനയുടെ അമ്മ റീന ജോസ് (സാലി- 45), സഹോദരൻ പ്രവീൺ എന്നിവർകൂടി മരിച്ചതോടെ ഒരു കുടുംബത്തിൽ മാത്രം മൂന്നു പേരുടെ ജീവനാണ് നഷ്ടമായത്.
ലിബിനയുടെ കുടുംബവുമായി ജെറാൾഡിന്റെ കുടുംബത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു. ധൈര്യം പകർന്ന് കൂടെനിന്നതിന് നന്ദിസൂചകമായി സ്വന്തം കൈപ്പടയിൽ എഴുതിയ കത്തും മധുരവും ഡോക്ടർമാർക്കും നഴ്സുമാർക്കും സമ്മാനിച്ചാണ് ജെറാൾഡ് ആശുപത്രി വിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.