മാസ്ക്കണിഞ്ഞ വർഷം
text_fieldsമാസ്ക്കണിഞ്ഞ വർഷമായിരുന്നു 2020. പൗരത്വ പ്രക്ഷോഭങ്ങളാണ് ജില്ലയിൽ പുതുവർഷത്തെ സ്വാഗതം ചെയ്തതെങ്കിൽ ജനുവരിയുെട അവസാനംതന്നെ കോവിഡ് ഭീതി പടർന്നിരുന്നു. ചൈനയിൽ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തുതുടങ്ങിയപ്പോൾതന്നെ രോഗപ്രതിരോധ നടപടികൾ സ്വീകരിച്ച് മുേമ്പ പറന്നാണ് കോഴിക്കോട് ജില്ല ഭരണകൂടവും ജില്ല ആരോഗ്യ വകുപ്പും മാതൃകയായത്. ഡിസംബർ അവസാനിക്കുേമ്പാഴും കോവിഡിനു മാത്രം മാറ്റമില്ല. ജനിതകമാറ്റം വന്ന വൈറസ് ആർക്കെങ്കിലും ബാധിച്ചിട്ടുണ്ടോ എന്ന ഭീതിയിലാണ് 2020ന് വിടപറയുന്നത്.
പൗരത്വ സമരം
പൗരത്വ സമരങ്ങേളാടെയാണ് പുതുവർഷം പുലർന്നത്. ന്യൂ ഇയർ ആസാദി സമരവും എസ്.എഫ്.െഎ ഉൾപ്പെടെയുള്ള ഇടതു സംഘടനകളുടെ രാപ്പകൽ സമരവുമാണ് പുതുവർഷപ്പുലരിെയ വരവേറ്റത്. ജനാവലികൊണ്ട് നഗരത്തെ ഞെട്ടിച്ച പ്രക്ഷോഭമായിരുന്നു പൗരാവലിയുടെ മഹാറാലി.
ചാലിയാറിൽ പൗരത്വ ബില്ലിനെതിരെ നടന്ന വാട്ടർ മാർച്ച്, ഡി.വൈ.എഫ്.ഐ തിരൂരിൽ തുടങ്ങിയ യൂത്ത് മാർച്ച്്, ഭരണഘടന സമിതിയുടെ മഹാറാലി, കപിൽ സിബൽ പങ്കെടുത്ത യു.ഡി.എഫ് റാലി, എം.കെ. മുനീറിെൻറ ഉപവാസം എന്നിവ അരങ്ങേറി.
പൗരത്വസമരത്തിൽ പോരാട്ടവീര്യം പടർത്തി ചന്ദ്രശേഖർ ആസാദ് എത്തിയത് ഫെബ്രുവരിയിലായിരുന്നു. ജമാഅത്തെ ഇസ്ലാമിയുടെ വനിത വിഭാഗത്തിെൻറയും ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷെൻറയും ആഭിമുഖ്യത്തിൽ അഞ്ചു ദിവസത്തെ ശാഹീൻബാഗ് സമരം ഫെബ്രുവരി 12ന് തുടങ്ങി.
മഹാമാരിയുടെ നാളുകൾ
ജനുവരി 27ന് കോവിഡ് ലക്ഷണങ്ങേളാടെ ഒരു സ്ത്രീ ബീച്ച് ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. വിദേശത്തുനിെന്നത്തിയവർ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യണമെന്ന് കലക്ടർ ഉത്തരവിട്ടു. ആരോഗ്യ വകുപ്പിെൻറ നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ പൊതുജനാരോഗ്യ നിയമ പ്രകാരം കേസെടുക്കാൻ തീരുമാനിച്ചു. കോവിഡ് ജാഗ്രതാ പോർട്ടൽ തുടങ്ങി. പണിയില്ലാതായതോടെ മാർച്ചിൽ ഇതരസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്കു പോയി. മാർച്ച് 22ന് ജില്ലയിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചു. കിഴക്കോത്ത് സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് രോഗബാധയുടെ എണ്ണം വർധിച്ചു. ഏപ്രിലിൽ കോവിഡ് ചികിത്സ പൂർണമായി മെഡിക്കൽ കോളജിലേക്കു മാറ്റി. ലക്ഷണമില്ലാതെ രോഗം സ്ഥിരീകരിക്കാൻ തുടങ്ങി. ഏപ്രിൽ 24ന് മലപ്പുറം സ്വദേശിയായ നൈഹ ഫാത്തിമ എന്ന പിഞ്ചുകുഞ്ഞ് കോവിഡ് ബാധിച്ച് മെഡിക്കൽ കോളജിൽ മരിച്ചു. ഇതരസംസ്ഥാന തൊഴിലാളികളെ നാട്ടിെലത്തിക്കാനായി ആദ്യ ട്രെയിൻ മേയ് രണ്ടിന് ഓടി. മേയ് ഏഴിന് ആദ്യ സംഘം പ്രവാസികളെ നാട്ടിലെത്തിച്ചു. മെഡിക്കൽ കോളജിൽ ചികിത്സയിലുണ്ടായിരുന്ന വയനാട്, കണ്ണൂർ സ്വദേശികളായ ആമിന, ആസിയ എന്നിവർ മേയ് 25ന് മരിച്ചു. മേയ് 31നാണ് കോവിഡ് ബാധിച്ച് ആദ്യമായി കോഴിക്കോട് സ്വദേശി മരിക്കുന്നത്. മാവൂർ സ്വദേശി സുലൈഖയാണ് മരിച്ചത്. ആദ്യമായി ക്രിസ്തുമത വിശ്വാസിയുടെ മൃതദേഹം ദഹിപ്പിച്ചത് ആഗസ്റ്റ് രണ്ടിനാണ്. കോവിഡ് ബാധിച്ച് മരിച്ച വയനാട് സ്വദേശി റെജിയുടെ മൃതദേഹമാണ് മാവൂർ റോഡ് വൈദ്യുതി ശ്മശാനത്തിൽ ദഹിപ്പിച്ചത്. സെപ്റ്റംബർ 10ന് കോവിഡ് രോഗികൾക്ക് വീട്ടിൽ ചികിത്സ തുടങ്ങി. ഒൗദ്യോഗിക കണക്കുപ്രകാരം ജില്ലയിൽ 290 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. അനൗദ്യോഗിക കണക്കിൽ അത് ആയിരത്തിനടുത്ത് വരും.
ദുരന്തങ്ങൾ
ഈവർഷം ജില്ലയെ ഞെട്ടിച്ച ദുരന്തങ്ങളും അരങ്ങേറി. കളൻതോട് എം.ഇ.എസ് ആർട്സ് ആൻഡ് സയൻസ് കോളജിൽനിന്ന് വിനോദയാത്ര പോയ വിദ്യാർഥികൾ സഞ്ചരിച്ച ബസ് ഹിമാചലിൽ അപകടത്തിൽെപട്ട് 31 പേർക്ക് പരിക്കേറ്റതായിരുന്നു ആദ്യ സംഭവം. കേരളക്കര ഒന്നടങ്കം നീറിയ സംഭവമായിരുന്നു നേപ്പാളിൽ വിനോദയാത്രക്കു പോയി റിസോർട്ട് മുറിയിൽ എട്ടുപേർ ശ്വാസംമുട്ടി മരിച്ചത്. മൂന്നു പേർ കോഴിക്കോട്ടുകാരായിരുന്നു. കുന്ദമംഗം സ്വദേശി രഞ്ജിത്, ഭാര്യ ഇന്ദുലക്ഷ്മി, മകൻ വൈഷ്ണവ് എന്നിവരാണ് മരിച്ചത്. നഗരത്തെ ഞെട്ടിച്ച മറ്റൊരു സംഭവം വെള്ളിമാട്കുന്ന് ജുവനൈൽഹോമിലെ കുട്ടിയുടെ കൊലപാതകമാണ്. കുട്ടികൾ തമ്മിലുണ്ടായ വഴക്കിനെ തുടർന്ന് ആറുവയസ്സുകാരൻ അജിൻ മർദനമേറ്റു മരിക്കുകയായിരുന്നു. മലബാർ ക്രിസ്ത്യൻ കോളജിലെ വിദ്യാർഥി ജസ്പ്രീത് സിങ് പരീക്ഷ എഴുതാനാകാതെ വന്നതിനെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവം വ്യാപക പ്രതിഷേധത്തിനിടവരുത്തി. ആഗസ്റ്റ് ഏഴിന് രാത്രി കരിപ്പൂരിലുണ്ടായ വിമാനാപകടത്തിൽ ആറ് കോഴിക്കോട്ടുകാർ ഉൾപ്പെടെ 18 പേർ മരിച്ചു. 110ഓളം പേർ കോഴിക്കോട്ടെ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. നഗരപരിധിയിൽ ശാരദാമന്ദിരത്ത് പ്ലാസ്റ്റിക് മാലിന്യ സംഭരണകേന്ദ്രത്തിന് തീപിടിച്ചു. ഡിസംബർ 29ന് പുലർച്ച പിടിച്ച തീ അണക്കാനായത് വൈകീട്ടോടെയാണ്.
കേസുകൾ
കേരളത്തെ ഞെട്ടിച്ച കൂടത്തായി െകാലപാതകത്തിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചത് ജനുവരി ഒന്നിനായിരുന്നു. ഫെബ്രുവരിയോടെ കൂടത്തായി ആറ് െകാലപാതകക്കേസുകളിലും കുറ്റപത്രം സമർപ്പിച്ചു. മണാശ്ശേരി ഇരട്ടക്കൊലപാതകത്തിൽ പ്രതി ബിർജുവിനെ പിടികൂടി. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കെ.എം. ഷാജിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് കോടതി ഉത്തരവ് വന്നു. തുടർന്ന് കെ.എം. ഷാജി എം.എൽ.എയെ ഇ.ഡി ചോദ്യംചെയ്തു
പക്ഷിപ്പനി
വെസ്റ്റ് കൊടിയത്തൂരിലും വേങ്ങേരിയിലും പക്ഷിപ്പനി സ്ഥിരീകരിച്ചതാണ് മാർച്ച് ആദ്യവാരത്തിലെ പ്രധാന സംഭവം. വേങ്ങേരിയിൽ കർഷകെൻറ വീട്ടിലെ കോഴികൾ ചത്തുവീഴാൻ തുടങ്ങിയതോടെ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനിയാണെന്ന് വ്യക്തമായത്. തുടർന്ന് മൃഗസംരക്ഷണ വകുപ്പും ജില്ല ഭരണകൂടവും ചേർന്ന് ഇൗ പ്രദേശങ്ങൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ പക്ഷികളെയും കൊന്നൊടുക്കി. ദിവസങ്ങൾ നീണ്ട പ്രവർത്തനങ്ങൾക്ക് ഒടുവിൽ 7429 പക്ഷികളെ കൊന്ന് കത്തിച്ചു.
തെരഞ്ഞെടുപ്പ്
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോെട നഗരം തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിലായി. കോവിഡ് കാലത്തിനിടെ നടന്ന തെരഞ്ഞെടുപ്പിന് പകിട്ട് കുറവായിരുന്നു. നവംബറിൽ മുന്നണികൾ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ആദ്യം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഓൺലൈനിൽ തുടങ്ങിയ പ്രചാരണം പിന്നീട് ഓഫ്ലൈനായി. കോവിഡ് മറന്ന് വോട്ടെണ്ണലും നടന്നു. 79.24 ശതമാനം വോട്ടിങ് രേഖപ്പെടുത്തി. ഡിസംബർ 16ന് ഫലം വന്നു. ഇടതുതരംഗമായിരുന്നു ജില്ലയിലും.
ഷിഗെല്ല
മായനാട് കോട്ടംപറമ്പിൽ ഡിസംബർ 11ന് ഷിഗെല്ല ബാധിച്ച് 11 വയസ്സുകാരൻ മരിച്ച സംഭവം 18നാണ് പുറത്തറിഞ്ഞത്. കുട്ടിയുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്ത ആറു പേർക്കും രോഗം സ്ഥിരീകരിച്ചു. പ്രദേശത്ത് 30ഓളം പേർക്ക് രോഗലക്ഷണങ്ങളും കണ്ടെത്തി. പ്രദേശത്ത് ആരോഗ്യവകുപ്പിെൻറ അണുനശീകരണം നടന്നു. വെള്ളത്തിലൂടെയാണ് രോഗം പടർന്നതെന്ന് വിദഗ്ധർ കണ്ടെത്തി.
2020െൻറ നഷ്ടം
2020ൽ ജില്ലക്ക് നഷ്ടമായത് നിരവധി പ്രമുഖരെയാണ്. യു.എ. ഖാദർ, സിനിമാതാരം കലിംഗ ശശി, എം.പി. വീരേന്ദ്രകുമാർ, മുൻ മേയർ എം. ഭാസ്കരൻ, മുൻ മന്ത്രിയും പ്രമുഖ കോൺഗ്രസ് നേതാവും യു.ഡി.എഫ് ജില്ല ചെയർമാനുമായിരുന്ന പി. ശങ്കരൻ, ഫിഡെ മുൻ വൈസ് പ്രസിഡൻറ് പി.ടി. ഉമ്മർ കോയ, കോൺഗ്രസ് നേതാവും മുൻ മന്ത്രിയും വനിത കമീഷൻ അധ്യക്ഷയുമായിരുന്ന എം. കമലം, മാധ്യമം ന്യൂസ് എഡിറ്റർ എൻ. രാജേഷ്, മാധ്യമപ്രവർത്തകൻ ഐ.വി. ബാബു, മുസ്ലിം ലീഗ് നേതാവും മാധ്യമപ്രവർത്തകനുമായ സി.കെ. അബൂബക്കർ, മുൻ ബിഷപ് ഡോ. പി.ജി. കുരുവിള, ഡോ. പി.എ. ലളിത, മെഡിക്കൽ കോളജിലെ ഡോ. എം.വി.ഐ. മമ്മി എന്നിവരാണ് 2020ൽ വിടപറഞ്ഞത്.
നേട്ടങ്ങൾ
സൗത്ത് ബീച്ചിൽ കടലിന് സമാന്തരമായി ഒന്നരക്കോടിയുടെ സൈക്കിൾ ട്രാക്ക് തുറന്നുകൊടുത്തു. മെഡിക്കൽ കോളജിൽ 14 കോടി രൂപയുടെ മാലിന്യസംസ്കരണ പ്ലാൻറ് നിർമാണ പ്രവൃത്തി തുടങ്ങി. വലിയങ്ങാടിയിൽ മേൽക്കൂര ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര അംഗീകാരമായ ബ്ലൂ ഫ്ലാഗ് കാപ്പാട്ട് ഉയർത്തി. മൊഫ്യൂസിൽ സ്റ്റാൻഡിനു മുന്നിൽ രാജാജി റോഡിൽ എസ്കലേറ്റർ മേൽപാലം തുറന്നു തുടങ്ങിയവയാണ് ജില്ലക്ക് അഭിമാനകരമായ സംഭവങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.