ഹോണടിച്ചെന്ന് ആരോപിച്ച് യുവാവിനെ രണ്ടംഗസംഘം മര്‍ദിച്ചവശനാക്കി
text_fieldsനേമം: സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന രണ്ടംഗസംഘം യുവാവിനെ മര്‍ദിച്ചവശനാക്കി. കരമന നീറമണ്‍കരയില്‍ ഇന്നലെ വൈകുന്നേരം 5.50നാണ് സംഭവം. നെയ്യാറ്റിന്‍കര തൊഴുക്കല്‍ ശിവപ്രസാദം വീട്ടില്‍ പ്രദീപിനാണ് (42) രണ്ടംഗസംഘത്തിന്റെ മര്‍ദ്ദനമേറ്റത്. അനാവശ്യമായ ഹോണടിച്ചുവെന്നാരോപിച്ചായിരുന്നു പ്രകോപനം.
നീറമണ്‍കരയിലെ സിഗ്നല്‍ ലൈറ്റിനു സമീപത്തുവച്ച് സ്‌കൂട്ടറില്‍ നിന്ന് ഇറങ്ങിയ പ്രതികള്‍ യുവാവിന്റെ മുഖത്തും ശരീരത്തും ഇടിക്കുകയായിരുന്നു. ഇടികൊണ്ട് ബൈക്കില്‍ നിന്നു യുവാവ് വീണതോടെയാണ് പ്രതികള്‍ സ്‌കൂട്ടറില്‍ കയറി രക്ഷപ്പെട്ടത്. പാലോട്ടുകോണത്തെ ഒരു സര്‍ക്കാര്‍ ഓഫീസ് ജീവനക്കാരനാണ് പ്രദീപ്. വൈകുന്നേരം ജോലികഴിഞ്ഞ് വീട്ടിലേക്കു പോകുന്നവഴിയാണ് സംഭവം ഉണ്ടാകുന്നത്. അതേസമയം താന്‍ ഹോണടിച്ചിട്ടില്ലെന്നും ആളുമാറി ആക്രമിക്കുകയായിരുന്നുവെന്നുമാണ് പ്രദീപ് പറയുന്നത്.
സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അതേസമയം ഇവര്‍ ഉപയോഗിക്കുന്ന മൊബൈല്‍ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ജംഗ്ഷനില്‍ ആള്‍ക്കാര്‍ കൂടിയതോടെയാണ് പ്രതികള്‍ സ്‌കൂട്ടറില്‍ രക്ഷപ്പെട്ടത്. ഇവരെ കണ്ടെത്തുന്നതിനായി കരമന പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.