സുന്ദരിയമ്മ വധത്തിൽ കുറ്റമുക്തനായ യുവാവിനെ പോക്സോ കേസിലും വെറുതെ വിട്ടു
text_fieldsകോഴിക്കോട്: വിവാദമായ സുന്ദരിയമ്മ വധക്കേസ് പ്രതിയെ പോക്സോ കേസിലും കോടതി വെറുതെ വിട്ടു. കല്ലായി നാൽപ്പാലം നെടുംപുരക്കൽ ജയേഷിനെയാണ് (38) കോഴിക്കോട് അതിവേഗ പോക്സോ കോടതി ജഡ്ജി രാജീവ് ജയരാജ് വെറുതെ വിട്ടത്.
പോക്സോ കേസിൽ മതിയായ ജാമ്യക്കാരില്ലാത്തതിനാൽ 2022 സെപ്റ്റംബർ 23 മുതൽ റിമാൻഡിൽ കഴിയുന്ന അനാഥനായ യുവാവിനെ മതിയായ തെളിവുകളില്ലെന്ന് കണ്ടാണ് വിട്ടയച്ചത്. കോഴിക്കോട് നഗര പരിധിയിലെ സ്കൂള്‍ വളപ്പിൽ വിദ്യാര്‍ഥിയെ ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട് വെള്ളയില്‍ പൊലീസാണ് കേസെടുത്തത്.
സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ജയേഷിനെ പ്രതിയാക്കിയത്.
എന്നാൽ, പ്രതിയാണെന്ന് തെളിയിക്കാൻ പൊലീസിനായില്ല. വിരോധം വെച്ച് പൊലീസ് കള്ളക്കേസ് എടുത്തുവെന്ന, പ്രതിക്കായി ഹാജരായ ചീഫ് ഡിഫൻസ് കൗൺസൽ അഡ്വ. പി.പീതാംബരൻ, ഡെപ്യൂട്ടി ഡിഫൻസ് കൗൺസൽ അഡ്വ. മിനി.പി എന്നിവരുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഒറ്റക്ക് താമസിച്ചിരുന്ന സുന്ദരിയമ്മയെന്ന വയോധികയെ 2012 ജൂലൈ 21ന് രാത്രി ഒന്നിന് വീട്ടിൽ കയറി വെട്ടിക്കൊന്നുവെന്ന കേസിൽ ജയേഷിനെ 2014ൽ പ്രത്യേക അഡീഷനൽ സെഷൻസ് ജഡ്ജി എസ്. കൃഷ്ണകുമാർ വെറുതെ വിട്ടിരുന്നു.
ആരാണ് കൊല നടത്തിയതെന്ന് വ്യക്തമാവാത്ത കേസിൽ, ജയേഷിനെ പൊലീസ് പ്രതിയാക്കിയെന്നായിരുന്നു കണ്ടെത്തൽ. കേസന്വേഷിച്ച ക്രൈംബ്രാഞ്ച് സി.ഐ ഇ.പി. പൃഥ്വിരാജിൽനിന്ന് ഒരുലക്ഷം രൂപ ഈടാക്കി ജയേഷിന് നൽകണമെന്ന് അന്ന് കോടതി നിർദേശിച്ചിരുന്നു. ആദ്യം കേസന്വേഷിച്ച കസബ സി.ഐ പി. പ്രമോദ് എന്നിവർക്കെതിരെ വകുപ്പുതല അന്വേഷണത്തിനും കോടതി ഡി.ജി.പി.ക്ക് നിർദേശം നൽകി.
ഉദ്യോഗസ്ഥർക്കെതിരായ നടപടികൾ പിന്നീട് ഹൈകോടതി ഒഴിവാക്കി. കേസിൽ അന്വേഷണം നടത്തി യഥാർഥ പ്രതിയെ കണ്ടെത്തണമെന്ന് അന്ന് കോടതി എസ്.പിക്ക് നിർദേശം നൽകിയതും വലിയ വാർത്തയായിരുന്നു. തുടർന്നാണ് ജയേഷിനെ 2022ലെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പോക്സോ കേസിൽ പ്രതിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.