എട്ടംഗ സംഘത്തിന്‍റെ മർദനത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
text_fieldsഹരിപ്പാട്: ഡി.വൈ.എഫ്.ഐ നേതാവിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘത്തിന്‍റെ മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. മുട്ടം കണിച്ചനല്ലൂർ കരിക്കാട്ട് ബാലചന്ദ്രൻ-സുപ്രഭ ദമ്പതികളുടെ മകൻ ശബരിയാണ് (28) മരിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് ആറരയോടെ പള്ളിപ്പാട് നീറ്റൊഴുക്ക് ജങ്ഷനിലായിരുന്നു സംഭവം. ബൈക്കിലെത്തിയ ഡി.വൈ.എഫ്.ഐ നേതാവിന്റെ നേതൃത്വത്തിലുള്ള സംഘം ശബരിയെ തടഞ്ഞുനിർത്തി ക്രൂരമായി മർദിക്കുകയും ഹെൽമറ്റ് കൊണ്ട് തലക്കടിക്കുകയും ചെയ്തു. മർദനമേറ്റ് അബോധാവസ്ഥയിൽ കിടന്ന യുവാവിനെ അക്രമികളെ ഭയന്ന് നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചില്ല. ഏറെസമയത്തിനുശേഷം പൊലീസ് എത്തിയാണ് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ കൊണ്ടുപോയത്.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ അത്യാസന്നനിലയിൽ കിടന്ന ശബരി ബുധനാഴ്ച വൈകീട്ടാണ് മരിച്ചത്. സദാചാര ഗുണ്ടകളുടെ ആക്രമണമാണെന്നും ആക്ഷേപമുണ്ട്. മകൻ നിരപരാധിയാണെന്നും കൊലപ്പെടുത്താനുള്ള കാരണം അറിയില്ലെന്നും ബാലചന്ദ്രൻ പറഞ്ഞു. പരിചയത്തിലുള്ള സ്ത്രീയെ ബൈക്കിൽ കൊണ്ടുപോയി വീട്ടിൽ വിട്ടതിനെ ചൊല്ലിയുള്ള വാക്തർക്കമാണ് ആക്രമത്തിന് പിന്നിലെന്നും പറയപ്പെടുന്നു. വ്യക്തിപരമായ കാരണങ്ങളാണ് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.
ഡി.വൈ.എഫ്.ഐ പള്ളിപ്പാട് മുൻ മേഖല സെക്രട്ടറി മുട്ടം കാവിൽതെക്കതിൽ സുൽഫിത്ത് (27), മുട്ടം കണ്ണൻ ഭവനത്തിൽ കണ്ണൻ മോൻ (കണ്ണൻ -23), മുതുകുളം വടക്ക് ചൂളത്തേൽ വടക്കതിൽ അജീഷ് കുമാർ (28) എന്നിവരാണ് അറസ്റ്റിലായത്. മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി ഹരിപ്പാട് പൊലീസ് പറഞ്ഞു. ശംഭുവാണ് ശബരിയുടെ സഹോദരൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.