യുവതിയെ കാമുകൻ ലോഡ്ജ് മുറിയിൽ കഴുത്തറുത്ത് കൊലപ്പെടുത്തി
text_fieldsകാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് യുവതിയെ ലോഡ്ജ് മുറിയിൽ കാമുകൻ കഴുത്തറുത്ത് കൊലപ്പെടുത്തി. ഉദുമ ബാരമുക്കുന്നോത്ത് പരേതനായ ബാലകൃഷ്ണന്റെ മകൾ പി.ബി. ദേവികയാണ് (34) കൊല്ലപ്പെട്ടത്. ബോവിക്കാനം അമ്മംകോടിലെ കൈലാസം വീട്ടിൽ സതീശന്റെ മകൻ സതീശ് ഭാസ്കരനെ (34) കൊലപാതകവുമായി ബന്ധപ്പെട്ട് ഹോസ്ദുർഗ് പൊലീസ് കസ്റ്റഡിയിലെടുത്തു.
ദേവികയെ ലോഡ്ജ് മുറിയിലേക്ക് കൂട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കത്തി ഉപയോഗിച്ചാണ് പ്രതി ദേവികയുടെ കഴുത്തറുത്തത്. സംഭവ സ്ഥലത്തുതന്നെ യുവതി മരിച്ചു.
പ്രതിക്കെതിരെ കൊലപാതക കുറ്റം ചുമത്തി ഹോസ്ദുർഗ് പൊലീസ് കേസെടുത്തിട്ടുണ്ട്. തന്റെ കുടുംബ ജീവിതത്തിന് യുവതി തടസ്സമാകുന്നതാണ് കൊലക്ക് കാരണമെന്ന് പൊലീസിനോട് ഇയാൾ പറഞ്ഞു. വിവാഹിതയായ ദേവികയുടെ കാമുകനാണ് പ്രതിയായ സതീശ് ഭാസ്കരനെന്ന് പൊലീസ് പറഞ്ഞു.
ബ്യൂട്ടീഷ്യനാണ് യുവതി. കാഞ്ഞങ്ങാട്ട് ചൊവ്വാഴ്ച നടന്ന ബാർബർ ബ്യൂട്ടീഷ്യൻ അസോസിയേഷൻ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ ദേവികയെ സമ്മേളന സ്ഥലത്തുനിന്ന് നിർബന്ധിച്ച് ലോഡ്ജ് മുറിയിലേക്ക് കൂട്ടിക്കൊണ്ടുവന്ന് പ്രതി കൃത്യം നടത്തുകയായിരുന്നു.
ഇതിനുശേഷം വൈകീട്ട് നാലു മണിയോടെ മൃതദേഹം കിടന്ന മുറി പൂട്ടി താക്കോലും കൊലക്ക് ഉപയോഗിച്ച കത്തിയുമായി സതീശ് ഭാസ്കർ തൊട്ടടുത്തുള്ള ഹോസ്ദുർഗ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തുമ്പോൾ മാത്രമാണ് കൊലപാതക വിവരം ലോഡ്ജുകാരറിയുന്നത്. കണ്ണൂർ മെഡിക്കൽ കോളജിൽ ബുധനാഴ്ച പോസ്റ്റുമോർട്ടം നടക്കും. ദേവികയുടെ മാതാവ്: ഉദുമ ബാര മുക്കുന്നോത്തെ പ്രേമ. ഭർത്താവ്: ചെറുപുഴ സ്വദേശി രാജേഷ്. സഹോദരൻ: ദിലീപ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.