സീറ്റ് ബെൽറ്റ് ധരിച്ചിട്ടും പൊലീസ് കള്ളക്കേസെടുത്തെന്ന് യുവാവിന്‍റെ പരാതി
text_fieldsമലപ്പുറം: സീറ്റ് ബെൽറ്റ് ധരിച്ചിട്ടും ധരിച്ചില്ലെന്ന് ആരോപിച്ച് പൊലീസ് കള്ളക്കേസിൽ കുടുക്കിയെന്ന് യുവാവിന്‍റെ പരാതി. മമ്പാട് കുനാരിതുമ്പത്ത് നവാസ് ആണ് നിലമ്പൂർ പൊലീസ് പീഡിപ്പിക്കുന്നതായി കാണിച്ച് മുഖ്യമന്ത്രി, ജില്ല കലക്ടർ, ജില്ല പൊലീസ് മേധാവി എന്നിവർക്ക് പരാതി നൽകിയിരിക്കുന്നത്. ഈ മാസം ഏഴാം തീയതിയാണ് പരാതിക്കിടയാക്കിയ സംഭവം. പൊതുമരാമത്ത് കരാറുകാരനായ നവാസ് ജോലി ആവശ്യാർഥം വണ്ടൂരിലേക്ക് പോകുകയായിരുന്നു.
ഉച്ചക്ക് 12ഓടെ നടുവക്കാട് എന്ന സ്ഥലത്ത് വാഹനപരിശോധന നടത്തുകയായിരുന്ന നിലമ്പൂർ ഗ്രേഡ് എസ്.ഐ ശശീന്ദ്രന്‍റെ നേതൃത്വത്തിലുള്ള സംഘം നവാസിനെ സീറ്റ് ബെൽറ്റ് ധരിച്ചില്ലെന്ന് പറഞ്ഞ് പിടികൂടുകയായിരുന്നു. എന്നാൽ, സീറ്റ് ബെൽറ്റ് ഇട്ടിട്ടും കള്ളം പറഞ്ഞ് ഫൈനടപ്പിക്കാനുള്ള ശ്രമം ചോദ്യം ചെയ്തതോടെയാണ് പൊലീസിന് വൈരാഗ്യം ഉണ്ടായതെന്ന് നവാസ് മലപ്പുറത്ത് നടത്തിയ വാർത്ത സമ്മേളനത്തിൽ ആരോപിച്ചു. സംഭവം ഫോണിൽ ചിത്രീകരിച്ചത് പൊലീസിനെ പ്രകോപിപ്പിച്ചെന്ന് മുസ്ലീം ലീഗ് മമ്പാട് പഞ്ചായത്ത് ഭാരവാഹികൂടിയായ നവാസ് ചൂണ്ടിക്കാട്ടി.
താൻ സീറ്റ് ബെൽറ്റ് ധരിച്ചാണ് എത്തിയതെന്നത് വ്യക്തമാക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളും ഇദ്ദേഹം മാധ്യമങ്ങൾക്ക് നൽകി. എസ്.പിക്കും ജില്ല കലക്ടർക്കും ഫോണിലും രേഖാമൂലവും പരാതി നൽകി. എന്നാൽ, സംഭവത്തിൽ വിശദമായ അന്വേഷണം നടത്താതെ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയതായി കാണിച്ച് തനിക്കെതിരെ മറ്റൊരു കേസ് കൂടി എടുത്തെന്ന് നവാസ് പറഞ്ഞു.
എന്നാൽ, പൊലീസിനെതിരെ പ്രകോപനപരമായി പെരുമാറി, ഭീഷണിപ്പെടുത്തി, സാമൂഹിക മാധ്യമങ്ങളിലൂടെ പൊലീസ് നടപടിയെ തെറ്റായി ചിത്രീകരിച്ചു എന്നുമാണ് നിലമ്പൂർ പൊലീസിന്‍റെ വിശദീകരണം. പ്രശ്നത്തിൽ ഏതറ്റം വരെയും പോകുമെന്ന് നവാസ് വ്യക്തമാക്കി. മുസ്ലീംലീഗ് മമ്പാട് പഞ്ചായത്ത് കമിറ്റി ഭാരവാഹികളും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
അതേസമയം, നവാസിനൊപ്പം കാറിലുണ്ടായിരുന്ന സഹയാത്രികൻ സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാണ് പിഴ ഇൗടാക്കിയതെന്ന് നിലമ്പൂർ ഗ്രേഡ് എസ്.ഐ ശശീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.