യുവാവിനെ തട്ടിക്കൊണ്ടുപോയി 10 ലക്ഷം കവർന്നു; അഞ്ചുപേർ അറസ്റ്റിൽ
text_fieldsകുറ്റ്യാടി: ബൈക്ക് യത്രക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി പണം അപഹരിച്ച കേസിൽ അഞ്ചുപേർ അറസ്റ്റിൽ. വേളം കുറിച്ചകം താനയപ്പാറ ചേരമ്പത്ത് റാസിഖിൽ നിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ വേളം കുറിച്ചകം വെള്ളാക്കൊടി സതീശൻ (32), കുറ്റ്യാടി ഊരത്ത് മമ്പള്ളി നിഖിലേഷ് (33), ഊരത്ത് പുലക്കുന്നൻചാലിൽ അനീഷ് (40), തലശ്ശേരി വെസ്റ്റ് പൊന്ന്യം കുനിയിൽ പ്രസാദ് (44), തലശ്ശേരി പാലയോട് തെക്കെനരിക്കുളത്തിൽ രജീഷ് (43) എന്നിവരാണ് രണ്ടു മാസത്തിന് ശേഷം അറസ്റ്റിലായത്.
ഫെബ്രുവരി 29നാണ് വീട്ടിൽനിന്ന് ബൈക്കിൽ പോകുന്ന റാസിഖിനെ കാറിലെത്തിയ സംഘം തടഞ്ഞുവെച്ച് ബലമായി കാറിൽ കയറ്റിക്കൊണ്ടുപോയത്. ഇയാളുടെ ബൈക്കും സംഘം കൊണ്ടുപോയിരുന്നു. പണം പിടിച്ചുപറിച്ച ശേഷം ഇയാളെ വീടിന്റെ രണ്ടുകിലോമീറ്റർ അകലെ റോഡിൽ ഉപേക്ഷിച്ച് ഇവർ കടന്നുകളയുകയായിരുന്നു. ബൈക്ക് രണ്ടാഴ്ച കഴിഞ്ഞ് ഉപേക്ഷിച്ച നിലയിൽ മറെറാരിടത്തുനിന്ന് പൊലീസിന് ലഭിക്കുകയുണ്ടായി.
വേളം തിരിക്കോത്ത്മുക്കിലെ വ്യാപാര സ്ഥാപനത്തിലെ സി.സി.ടി.വിയിൽ റാസിഖിനെ തട്ടിക്കൊണ്ടുപോയ കാറിന്റെ ദൃശ്യം പതിഞ്ഞതാണ് കേസിന് വഴിത്തിരിവായത്. ഡോർ തുറന്ന് ഒരാൾ പുറത്തേക്ക് ചാടാൻ ശ്രമിക്കുന്നതായും വിഡിയോയിൽ ദൃശ്യമായി. ബൈക്ക് മുഖംമൂടിയണിഞ്ഞ മറ്റൊരാൾ ഓടിച്ചു പോകുന്നതും കാണാം. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇവരെ കണ്ടെത്താനായത്.
നഷ്ടപ്പെട്ട പണം തിരിച്ചു കിട്ടിയിട്ടില്ല. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യുമെന്ന് കുറ്റ്യാടി പൊലീസ് അറിയിച്ചു. സി.ഐ യു.പി. വിപിൻ, എസ്.ഐ കെ.കെ. നിഖിൽ, എ.എസ്.ഐമാരായ മനോജ്, സദാനന്ദൻ, സി.പി.ഒമാരായ വിജയൻ, ജാസർ, അജയൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. നാദാപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.