രണ്ടു വർഷം മുമ്പ് കാണാതായ യുവാവ് ഗോവയിൽ കൊല്ലപ്പെട്ടു; മൂന്നു പേർ അറസ്റ്റിൽ
text_fieldsകൊച്ചി: രണ്ട് വർഷം മുമ്പ് എറണാകുളം തേവരയിൽനിന്ന് കാണാതായ യുവാവ് ഗോവയിൽവെച്ച് കൊല്ലപ്പെട്ടെന്ന് പൊലീസ് കണ്ടെത്തി. തേവര പെരുമാനൂർ ചെറുപുന്നത്തിൽ ഗ്ലാഡിസ് ലൂയിസിന്‍റെ മകൻ ജെഫിൻ ജോൺ ലൂയിസാണ് (27) കൊല്ലപ്പെട്ടത്. സംഭവത്തിൽ കോട്ടയം വെള്ളൂർ മേവെള്ളൂർ പെരുംതിട്ട കല്ലുവേലിൽ വീട്ടിൽ അനിൽ ചാക്കോ (28), വയനാട് വൈത്തിരി പാരാലിക്കുന്ന് ടി.വി. വിഷ്ണു(25), വെള്ളൂർ കല്ലുവേലിൽ വീട്ടിൽ സ്റ്റെഫിൻ തോമസ്(24) എന്നിവരാണ് അറസ്റ്റിലായത്. ലഹരി-സാമ്പത്തിക ഇടപാട് തർക്കം കൊലപാതകത്തിലേക്ക് നയിച്ചെന്നാണ് കണ്ടെത്തൽ. പ്രതികളായ അനിൽ ചാക്കോ, സ്റ്റെഫിൻ എന്നിവർ ബന്ധുക്കളാണ്.
ഗോവയിലെ വിജനമായ പ്രദേശത്ത് കൊല നടത്തി മൃതദേഹം അവിടെ തന്നെ ഉപേക്ഷിക്കുകയായിരുന്നു. 2021 നവംബറിലാണ് ജെഫിൻ ജോണിനെ തേവരയിൽനിന്ന് കാണാതായത്. തുടർന്ന് മാതാവ് ഗ്ലാഡിസ് എറണാകുളം സൗത്ത് പൊലീസിൽ പരാതി നൽകി.
ഇയാളെക്കുറിച്ച് ഒരുവിവരവും പിന്നീട് ഉണ്ടായിരുന്നില്ല. ഇതിനിടെ ആഗസ്റ്റ് അവസാനം മറ്റൊരു കേസിൽ ഒരാളെ ചോദ്യം ചെയ്യുന്നതിനിടെയാണ് ജെഫിന്‍റെ തിരോധാനവുമായി ബന്ധപ്പെട്ട് നിർണായക വിവരം ലഭിച്ചത്. ഉടൻ പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം ആരംഭിച്ചു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ പ്രതികൾ കുറ്റകൃത്യം സമ്മതിച്ചെന്ന് കമീഷണർ എ. അക്ബർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ജെഫിനെ കാണാതായ 2021 നവംബറിൽതന്നെ കൊലപാതകം നടന്നിരുന്നുവെന്നാണ് വിവരം. പ്രതികളുടെ ഫോൺ കാൾ രേഖകളടക്കം പരിശോധിച്ചു. കുറ്റസമ്മതമൊഴിയുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിൽ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അനിൽ ചാക്കോ, സ്റ്റെഫിൻ എന്നിവർ ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്ന് പൊലീസ് പറഞ്ഞു.
എം.ബി.എക്ക് പഠിച്ചിരുന്ന ജെഫിൻ പഠനം പൂർത്തീകരിച്ചിരുന്നില്ല. പ്രത്യേകിച്ച് ജോലിയൊന്നുമുണ്ടായിരുന്നില്ല. പ്രതികൾക്ക് ജെഫിനുമായുണ്ടായിരുന്ന മുൻവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സംശയിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.