സംസ്ഥാനത്ത് തിയറ്ററുകൾ തിങ്കളാഴ്ച തന്നെ തുറക്കും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് മൾട്ടിപ്ലക്സ് ഉൾപ്പെടെയുള്ള സിനിമാ തിയറ്ററുകള്‍ തിങ്കളാഴ്ച തന്നെ തുറക്കും. സാംസ്കാരിക മന്ത്രി സജി ചെറിയാനുമായി സിനിമാ സംഘടനകൾ നടത്തിയ ചർച്ചയിലാണ് തീരുമാനം. സെക്കന്റ് ഷോകൾക്ക് അടക്കം അനുമതി ലഭിച്ചിട്ടുണ്ട്. സിനിമ സംഘടനകളുടെ ആവശ്യങ്ങൾ പരിഗണിക്കുമെന്ന് മന്ത്രി സജി ചെറിയാൻ ഉറപ്പ് നൽകി.
തിയറ്ററുകള്‍ തിങ്കളാഴ്ച തുറക്കുമെങ്കിലും മലയാള സിനിമകളുടെ റിലീസ് വൈകും. ജയിംസ് ബോണ്ട് ചിത്രമായ നോടൈം ടു ഡൈ. വെനം ടു എന്നിവയാകും തിങ്കളാഴ്ച പ്രദര്‍ശനത്തിനെത്തുക. നവംബര്‍ ആദ്യവാരം മുതല്‍ മലയാള സിനിമകള്‍ തിയറ്ററുകളിലെത്തും. ദുൽഖർ സൽമാൻ ചിത്രം കുറുപ്പ് തിയറ്ററില്‍ തന്നെ റിലീസ് ചെയ്യും. നവംബർ 12നാകും സിനിമ റിലീസ് ചെയ്യുക. ജോജു ജോർജ് നായകനാകുന്ന സ്റ്റാർ, വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന മിഷൻ സി, കാവല്‍, അജഗജാന്തരം, ഭീമന്‍റെ വഴി, തുടങ്ങിയ മലയാള ചിത്രങ്ങളാണ് തിയറ്ററുകളിലെത്തുക.
രജനീകാന്തിന്‍റെ അണ്ണാത്തെ, വിശാൽ ചിത്രം എനിമി, അക്ഷയ് കുമാർ ചിത്രം സൂര്യവൻശി എന്നീ ഇതരഭാഷാ ചിത്രങ്ങളും കേരളത്തിലെ തിയറ്ററുകളിലുമെത്തും. വിനോദ നികുതിയിൽ ഇളവ് നൽകണം, തിയറ്റർ പ്രവർത്തിക്കാത്ത മാസങ്ങളിലെ കെ.എസ്.ഇ.ബി ഫിക്സ്ഡ് ഡെപ്പോസിറ്റ് ഒഴിവാക്കണം, കെട്ടിട നികുതിയിൽ ഇളവ് വേണം തുടങ്ങിയ ആവശ്യങ്ങളാണ് സംഘടനകള്‍ സർക്കാരിന് മുന്നിൽ ഉന്നയിച്ചത്.
ഈ സാഹചര്യം കൂടി കണക്കിലെടുത്ത് നാളെ തിയറ്ററുടമകളുടെ സംഘടനയായ ഫിയോക്കിന്റെ ജനറല്‍ ബോഡി കൊച്ചിയില്‍ ചേരും. കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ഏപ്രിൽ 25ന് അടച്ച തിയറ്ററുകൾ ആറുമാസത്തിനു ശേഷം ആണ് വീണ്ടും തുറക്കുന്നത്. 50 ശതമാനം പ്രവേശനത്തിന് മാത്രമാണ് അനുമതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.